
ന്യൂഡല്‍ഹി :കല്പിത സര്‍വകലാശാലകളും അഴിമതി തടയല്‍ നിയമത്തിനു കീഴില്‍ വരുമെന്ന് സുപ്രീംകോടതി വിധിച്ചു. പൊതുസേവകരുടെ പദവിയെക്കാള്‍ അവരുടെ കര്‍ത്തവ്യത്തിന് ഊന്നല്‍ നല്‍കിയാണ് അഴിമതി തടയല്‍ നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി. ഗുജറാത്തിലെ സുമന്‍ദീപ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള സുമന്‍ദീപ് വിദ്യാപീഠ് എന്ന കല്പിത സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി.
മുഴുവന്‍ ഫീസും അടച്ചുകഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ വീണ്ടും 20 ലക്ഷം രൂപ നല്‍കണമെന്ന് ട്രസ്റ്റി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച 100 കോടിയിലേറെ രൂപയുടെ ചെക്കുകള്‍ റെയ്ഡില്‍ കണ്ടെടുത്തു. പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനെതിരേ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ പ്രതിയായ സ്ഥാപനം അഴിമതി തടയല്‍ നിയമത്തിലെ രണ്ടാം (സി) വകുപ്പ് പ്രകാരം പൊതുസേവകന്‍ എന്ന നിര്‍വചനത്തിനുകീഴില്‍ വരുമോ എന്നതാണ് സുപ്രീംകോടതി മുഖ്യമായും പരിശോധിച്ചത്.
സര്‍വകലാശാലകളെപ്പോലെ കല്പിത സര്‍വകലാശാലകളും പൊതു കര്‍ത്തവ്യമാണോ നിര്‍വഹിക്കുന്നത് എന്നും വിലയിരുത്തി. ജസ്റ്റിസ് രമണയും എം.എം. ശാന്തനഗൗഡരുമെഴുതിയ വിധിയോടു യോജിച്ചുകൊണ്ടുതന്നെ ജസ്റ്റിസ് അജയ് രസ്തോഗിയും പ്രത്യേക വിധിന്യായമെഴുതി. അഴിമതി തടയല്‍ നിയമത്തിന്റെ ലക്ഷ്യം കൈക്കൂലിയും അഴിമതിയും തടയല്‍ മാത്രമല്ലെന്ന് കോടതി നിരീക്ഷിച്ചു. സാധാരണ നിലയില്‍ പൊതുസേവകരായി കരുതപ്പെടാത്തവരെപ്പോലും ഉള്‍പ്പെടുത്തുകകൂടി അതിന്റെ ലക്ഷ്യമാണ്.
ഒരാളുടെ പദവിക്കല്ല, മറിച്ച് അയാള്‍ ചെയ്യുന്ന കര്‍ത്തവ്യത്തിനാണ് നിയമത്തില്‍ ഊന്നല്‍ നല്‍കുന്നത്. അതിനാല്‍ കല്പിത സര്‍വകലാശാലകള്‍ ചെയ്യുന്ന കര്‍ത്തവ്യം മറ്റു സര്‍വകലാശാലകളില്‍നിന്നു വ്യത്യസ്തമോ കുറഞ്ഞതോ അല്ല. കല്പിത സര്‍വകലാശാലകള്‍ അഴിമതി തടയല്‍ നിയമത്തിന്റെ രണ്ടാം (സി-11) വകുപ്പിനുകീഴില്‍ വരില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും സുപ്രീംകോടതി വിധിച്ചു. ഭരണകൂടമോ പൊതുസമൂഹമോ വിശാലമായ പൊതുതാത്പര്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പൊതു കര്‍ത്തവ്യങ്ങളാണ്.
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയെ പൊതുസേവകനായി കാണാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ട്രസ്റ്റിയെ വിചാരണ ചെയ്യാന്‍ ചാരിറ്റി കമ്മിഷണറില്‍നിന്നു വാങ്ങിയ അനുമതിക്ക് സാധുതയില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍, പൊതുപ്രവൃത്തി എന്നത് ഭരണകൂടം ചെയ്യുന്നതു മാത്രമല്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. പൊതുസേവകര്‍ എന്താണെന്നു നിര്‍വചിക്കുന്നതിനു പകരം അതിനെ തരംതിരിക്കുകയാണ് നിയമത്തില്‍ ചെയ്യുന്നത്. പൊതുനന്മ ലക്ഷ്യംവെച്ചുള്ള ക്ഷേമപ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. അതിനാല്‍ കല്പിത സര്‍വകലാശാലകള്‍ ചെയ്യുന്നത് പൊതുകര്‍ത്തവ്യമാണെന്നും അവര്‍ വാദിച്ചു.
Content Highlights: Corruption law applies to deemed university says SC
Published: 29 Apr 2020, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented