തിരുവനന്തപുരം: കേരളത്തിൽ അഞ്ചുവർഷമായി ഉന്നതവിദ്യാഭ്യാസ പ്രവേശനം നേടുന്ന പട്ടികജാതി ആൺകുട്ടികളുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ പിന്നിലെന്ന് പഠനറിപ്പോർട്ട്. ഉന്നതവിദ്യാഭ്യാസത്തിൽ മികവുള്ള സംസ്ഥാനത്ത് ഇക്കാര്യത്തിലെന്തുകൊണ്ട് പുറകോട്ടുപോയി എന്നതിൽ പരിശോധന വേണമെന്ന് ‌റിപ്പോർട്ട് തയ്യാറാക്കിയ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) ആവശ്യപ്പെട്ടു.

To advertise here,

പട്ടികജാതിക്കാർക്കുള്ള പദ്ധതികളും നയവും ഗൗരവമായി അവലോകനം ചെയ്യണമെന്നാണ് സർക്കാരിനുള്ള ശുപാർശ. ധനവകുപ്പിനു കീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് പി.പി.ആർ.ഐ. പന്ത്രണ്ടാം ക്ലാസ് പാസായ 18-23 പ്രായക്കാരിൽ, ഓരോ നൂറുപേരിലും പഠിക്കാനെത്തുന്നവരുടെ എണ്ണമനുസരിച്ചാണ് പ്രവേശനാനുപാതം കണക്കാക്കുന്നത്. 2016-17ലെ മൊത്തം ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിൽ 32.4 ശതമാനമുള്ള കേരളം അഞ്ചുവർഷത്തിൽ 41.30 ശതമാനമായി ഉയർന്നു. 2016-17ലെ ദേശീയ ശരാശരി 24.1 ശതമാനവും 2021-22ലേത് 28.4 ശതമാനവും.

കോളേജിലെത്തുന്ന മറ്റെല്ലാ വിഭാഗങ്ങളിലും മുന്നിലാണെങ്കിലും പട്ടികജാതി ആൺകുട്ടികളുടെ പ്രവേശനത്തിൽ പിന്നിലാണ് കേരളം. 2016-17ൽ ദേശീയതലത്തിൽ 21.8 ശതമാനം പട്ടികജാതി ആൺകുട്ടികൾ പ്രവേശനം നേടിയപ്പോൾ കേരളത്തിൽ 17 ശതമാനമേയുള്ളൂ. 2021-22ൽ ദേശീയശരാശരി 25.8 ശതമാനമായി. പക്ഷേ, കേരളത്തിൽ 20.4 ശതമാനമേയുള്ളൂ. അഞ്ചുവർഷമായിട്ടും ദേശീയശരാശരിയിൽ എത്താനായില്ല. അതേസമയം, കേരളത്തിലെ പട്ടികജാതി പെൺകുട്ടികളുടെ പ്രവേശനം 2016-17ൽ 30.2 ശതമാനമുള്ളത് 2021-22ൽ 36.8 ശതമാനമായി കൂടി. ദേശീയശരാശരിയാവട്ടെ, 2016-17ൽ 20.2 ശതമാനവും 2021-22ൽ 26 ശതമാനവും.

പട്ടികവർഗക്കാർ കരയേറി

2016-17ൽ ദേശീയശരാശരിയെക്കാൾ പിന്നിലായിരുന്നു കേരളത്തിലെ പട്ടികവർഗ വിഭാഗ ആൺകുട്ടികളുടെ കോളേജ് പ്രവേശനം. ദേശീയശരാശരി-16.7 ശതമാനവും കേരളത്തിലേത് 15.4 ശതമാനവും. എന്നാൽ, അഞ്ചുവർഷത്തിനുള്ളിൽ 24 ശതമാനവുമായി കേരളം കരയേറി. 2021-22ൽ ദേശീയശരാശരി 21.4 ശതമാനവും രേഖപ്പെടുത്തി.