കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്കോളര്‍ഷിപ്പ് പദ്ധതി 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 5000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുമാണ് ലഭിക്കുക. 2025 ഒക്റ്റോബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്കോളര്‍ഷിപ്പ് പദ്ധതിയാണിത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള 226 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു. റിലയന്‍സ് ഫണ്ടേഷന് അണ്ടര്‍ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 5,000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ബിരുദ (യുജി) കോഴ്സിന് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. എന്‍ജിനീയറിംഗ്, ടെക്നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് റിലയന്‍സ് ഫൗണ്ടേഷന് പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായ പിന്തുണയും ഫണ്ടേഷന് നല്‍കും.
സമൂഹത്തിനായി വലിയ രീതിയില്‍, ഹരിത കാഴ്ച്ചപ്പാടോടെയും ഡിജിറ്റലായും ചിന്തിക്കുന്ന വിദ്യാര്‍ഥികളെ ഭാവിയിലെ നേതാക്കളായി വളര്‍ത്തിയെടുക്കുന്നതാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ്. ആറ് ലക്ഷം രൂപയാണ് പിജി സ്കോളര്‍ഷിപ്പായി ലഭിക്കുക, മാത്രമല്ല ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും സഹായിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയും റിലയന്‍സ് ഫൗണ്ടേഷന് നല്‍കും.
ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത. വിദഗ്ധരുടെ മെന്റര്‍ഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങള്‍, സാമൂഹ്യ വികസനത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാര്ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അതിന് ശേഷം ഓരോ വര്‍ഷവും 5000 ബിരുദ വിദ്യാര്‍ഥികള്‍ക്കും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.
ഒരു രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം യുവതലമുറയില്‍ നിക്ഷേപിക്കുകയാണെന്ന റിലയന്‍സ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ കാഴ്ച്ചപ്പാടില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് റിലയന്‍സ് 29 വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കിവരുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇതുവരെ 28,000 സ്കോളര്‍ഷിപ്പുകളാണ് ഫൗണ്ടേഷന് നല്‍കിയത്.
Content Highlights: applications are open for reliance foundation scholarship 2025-26 academic year
Published: 22 Aug 2025, 04:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented