കോഴിക്കോട്: 53 ലക്ഷം വർഷംമുൻപ്‌ ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിൽ പെയ്ത മഴയെക്കുറിച്ചുള്ള വിവരശേഖരണത്തിന് മലയാളി ഗവേഷക ഇംഗ്ളണ്ടിലേക്ക്. പത്തുവർഷംമുൻപ്‌ അന്തമാൻ ആഴക്കടലിൽനിന്ന് ഉത്ഖനനംചെയ്തെടുത്ത മണ്ണിലെ സൂക്ഷ്മ ജീവിക ളുടെ ഫോസിലുകൾ കേന്ദ്രീകരിച്ച് പഠനംനടത്തിയാൽ ഈ കാലഘട്ടത്തിലെ മഴയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാനാകുമെന്നാണ് പ്രതീക്ഷ.

To advertise here,

കോഴിക്കോട് ചേവായൂർ സ്വദേശിനി ചൈതന്യ ഭഗവതിപ്പറമ്പാണ് ഇംഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയിൽ നടത്തുന്ന ഡോക്ടറൽ ഗവേഷണത്തിന് ഈ വിഷയം തിരഞ്ഞെടുത്തത്. ഇതിന്, ഇംഗ്ളണ്ടിലെ യുകെ റിസർച്ച് ഫൗണ്ടേഷനുകീഴിലുള്ള നാച്വറൽ എൻവയൺമെന്റൽ റിസർച്ച് കൗൺസിൽ (എൻഇആർസി) 1.41 കോടി രൂപയുടെ സ്റ്റുഡന്റ് ഫെലോഷിപ്പ് അനുവദിച്ചു. ഈമാസം അവസാനം ചൈതന്യ ഇംഗ്ളണ്ടിലേക്ക് യാത്രതിരിക്കും.

53 ലക്ഷം വർഷംമുൻപുമുതൽ 26 ലക്ഷം വർഷംമുൻപുവരെയുള്ള കാലയളവിലും (പ്ലിയോസീൻ കാലഘട്ടം), 26 ലക്ഷം വർഷംമുൻപുമുതൽ 11,000 വർഷം മുൻപുവരെയുള്ള (പ്ലീസ്റ്റോസീൻ) കാലയളവിലും ദക്ഷിണേഷ്യൻ മേഖലയിൽ പെയ്ത വേനൽമഴയാണ് ചൈതന്യയുടെ ഗവേഷണവിഷയം. 2014 നവംബർ 29 മുതൽ 2015 ജനുവരി 29 വരെയുള്ള ഉത്ഖനന ശേഖരമാണ് അടിസ്ഥാനം.

ഭക്ഷ്യശൃംഖലയിലെ ഏറ്റവും അറ്റത്തുള്ളവയെന്ന് കരുതുന്ന കടൽപ്ളവകങ്ങളായ അസെംബ്ളേജ് ഫോസിലുകളിൽനിന്ന് ശേഖരിക്കുന്ന ലവണാംശങ്ങൾ, പോഷകാംശങ്ങൾ, സമുദ്രാവശിഷ്ടങ്ങൾ എന്നിവ പഠിക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താമെന്നാണ് പ്രതീക്ഷ.

ഐഐടി റൂർക്കെയുടെ സ്പാർക്ക് ഫെലോഷിപ്പ്, മൈടാക്സ് ഗ്ളോബൽലിങ്ക് റിസർച്ച് ഇന്റേൺഷിപ്പ്, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ റിസർച്ച് ടാലന്റ് അവാർഡ് (2024) എന്നിവയ്ക്ക് അർഹയായിട്ടുണ്ട്.

ഐസർ കൊൽക്കത്തയിൽനിന്നാണ് ജിയോളജിയിൽ ബി.എസ്-എം.എസ് പഠനം പൂർത്തിയാക്കിയത്. യൂണിറോയൽ മറൈൻ എക്സ്പോർട്ടിങ്ങിലെ പ്രൊഡക്‌ഷൻ മാനേജർ ബി.പി. ഗിരീഷിന്റെയും മെഡിക്കൽ കോളേജ് ആശുപത്രി സീനിയർ നഴ്സിങ് ഓഫീസർ വി. സജ്നയുടെയും മകളാണ്. സഹോദരി ചൈത്ര വന്യജീവി ആവാസവ്യവസ്ഥ ഗവേഷകയാണ്.