
ഒരുവർഷം മുൻപ്, എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനദിനം. പത്തനംതിട്ടയിലെ വയ്യാറ്റുപുഴ വി.കെ.എൻ.എം. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് അന്ന് 'ദുഃഖവെള്ളിയാഴ്ച'യായിരുന്നു. സംസ്ഥാനത്ത് വിജയശതമാനത്തിൽ ഏറ്റവും പിന്നിലായ സ്‌കൂൾ വി.കെ.എൻ.എം. വി.എച്ച്.എസ്.എസ്. എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. അന്ന് നാണക്കേടുകൊണ്ട് തലകുനിച്ച സ്‌കൂൾ തൊട്ടടുത്തവർഷത്തെ ഒരുവെള്ളിയാഴ്ചയിൽ തലയുയർത്തി. ഏറ്റവും പിന്നിൽനിന്ന് പൊരുതിക്കയറി നൂറുശതമാനം വിജയംതൊട്ടു. ഈ ഉയിർത്തെഴുന്നേൽപ്പിന് മലയോരനാടിന്റെ ഉശിരുള്ള പരിശ്രമത്തിന്റെ പിൻബലംകൂടിയുണ്ട്.
2025 മേയ് 09- വീഴ്ച
കഴിഞ്ഞവർഷം എസ്.എസ്.എൽ.സി. ഫലം പ്രഖ്യാപിച്ചപ്പോൾ വയ്യാറ്റുപ്പുഴ സ്‌കൂളിന് 66.33 ആയിരുന്നു വിജയശതമാനം. 15 കുട്ടികൾ പരീക്ഷയെഴുതിയതിൽ അഞ്ച് കുട്ടികൾ കണക്ക് വിഷയത്തിന് പരാജയപ്പെട്ടു. പുനർമൂല്യനിർണയത്തിലൂടെ രണ്ട് പേർ പാസായി. മറ്റുള്ളവർ സേ പരീക്ഷയിലൂടെയും. സംസ്ഥാനത്ത് ഏറ്റവും പിന്നിലായ സ്‌കൂളെന്ന നാണക്കേട് എല്ലാവരെയും അലട്ടാൻ തുടങ്ങി. എന്നാൽ, തകർച്ചയിൽ തളർന്നിരിക്കരുതെന്നായിരുന്നു അധ്യാപകർ പഠിച്ച പാഠം. അടുത്തവർഷം എല്ലാ കുട്ടികളും വിജയിക്കണം എന്ന ലക്ഷ്യത്തോടെ പരിശ്രമം ആരംഭിച്ചു.
പ്രഥമാധ്യാപിക ടി.എച്ച്. ഷൈലജയുടെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങൾ. 18 കുട്ടികളാണ് ഇത്തവണ പത്താംക്ലാസിൽ ഉണ്ടായിരുന്നത്. ജി. കൃഷ്ണകുമാരിയായിരുന്നു ക്ലാസ് ടീച്ചർ. മൂന്നുകുട്ടികളെ വീതം ആറ് അധ്യാപകർക്കായി നൽകി. സ്‌കൂളിലെ കുട്ടികളുടെ പഠനം എങ്ങനെ, ഏതൊക്കെ വിഷയത്തിലാണ് പിന്നിലേക്ക് പോകുന്നത്, വീട്ടിലെത്തിയശേഷം പഠിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നത് ഇവരാണ്. കുട്ടികളുടെ വീട്ടിലേക്ക് വിളിച്ചും നിരന്തരം കാര്യങ്ങൾ തിരക്കി. രാവിലെയും വൈകീട്ടും പ്രത്യേക ക്ലാസുകൾ ക്രമീകരിച്ചു. ആസൂത്രണം ചെയ്തവയെല്ലാം കൃത്യമായി നടപ്പിലാക്കി.
2026 മേയ് 15- വാഴ്ച
പരിശ്രമത്തിന് ഒരുവർഷത്തിനിപ്പുറം മധുരഫലം. പത്താംക്ലാസിൽ പരീക്ഷയെഴുതിയ 12 ആൺകുട്ടികൾക്കും ആറ് പെൺകുട്ടികൾക്കും മികച്ചവിജയം. ഭൂരിഭാഗം വിദ്യാർഥികൾക്കും ഉയർന്ന ഗ്രേഡുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർഥമായ സഹകരണമാണ് സ്‌കൂളിനെ വിജയപാതയിൽ തിരിച്ചെത്തിച്ചതെന്ന് പ്രഥമാധ്യാപിക ടി.എച്ച്. ഷൈലജ പറയുന്നു. സ്റ്റാഫ് മീറ്റിങ്ങുകളിൽ കുട്ടികളുടെ മികവുകളും പോരായ്മകളും കൃത്യമായി ചർച്ച ചെയ്‌തെന്നും ഓരോരുത്തരെയും മുന്നിലെത്തിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് തീരുമാനിച്ചിരുന്നെന്നും പ്രഥമാധ്യാപിക കൂട്ടിച്ചേർത്തു. കലാ, കായിക മത്സരങ്ങളിലും വയ്യാറ്റുപ്പുഴ സ്‌കൂൾ മികവുതെളിയിച്ചിട്ടുണ്ട്.
Content Highlights: Vayyattupuzha VKNM VHSS achieved 100% pass rate in the 2026 SSLC examination., The school transformed its status from the lowest-performing school in the previous year., Strategic mentorship model: 6 teachers assigned to mentor 18 students individually., Success attributed to extra classes, home monitoring, and strong parent-teacher collaboration.
Published: 17 May 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented