കുട്ടികളുടെ ഭാവി ശോഭനമാകാന്‍ തന്നാലാവും വിധം അധ്വാനിക്കുകയും മികച്ച അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നവരാണ് രക്ഷിതാക്കൾ. തന്റെ കുട്ടിക്ക് മികച്ച ഭാവിയുണ്ടാകണമെന്നതിനപ്പുറം ഉന്നതപഠനത്തെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് മുന്‍പ് വലിയ അറിവുണ്ടായിരുന്നില്ല. കേരളത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, ഇന്ന് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും തുറന്നിട്ട വിശാലമായ ലോകത്ത് യോജിച്ച അവസരങ്ങള്‍ കണ്ടെത്താന്‍ ഗ്രാമ-നഗര വ്യത്യാസങ്ങളില്ല. 

To advertise here,

'അവന്‍ നന്നായി പഠിക്കും' എന്ന്  രക്ഷിതാക്കള്‍ അഭിമാനത്തോടെ പറയുന്നത് നാം സ്ഥിരമായി കേള്‍ക്കാറുണ്ട്. പക്ഷേ, നന്നായി പഠിക്കുന്ന ആ മക്കളെല്ലാം നല്ല നിലയിലെത്താറുണ്ടോ? പഠിച്ചാലും ഇല്ലെങ്കിലും താനെന്തായി തീരണമെന്നത് കുട്ടികളുടെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമാണ്. ഡോക്ടറുടെ മകന്‍ ഡോക്ടറും എന്‍ജിനീയറുടെ മകന്‍ എന്‍ജിനീയറുമാകുമെന്നും തര്‍ക്കിക്കാന്‍ പറയാമെന്നല്ലാതെ, എങ്ങനെയുള്ള ഡോക്ടറാവണം എന്നത് കുട്ടിയുടെ നിയന്ത്രണത്തിലും കഴിവിലുമുള്ള കാര്യമാണ്. 

ലക്ഷ്യബോധവും കര്‍മവും

ശ്രദ്ധിച്ചും ശ്രമിച്ചും പഠിച്ച പലരും നല്ല നിലയിലെത്തിയവരും നന്നായി പഠിച്ചിട്ടും തിളങ്ങാന്‍ കഴിയാതെ പോയവരുമൊക്കെ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ക്ക് കുടുംബത്തിലെ സാമ്പത്തിക സ്ഥിതി കാരണം അധികം മുന്നേറാന്‍ കഴിയാതെ പോകാം. മറ്റു ചിലര്‍ക്ക് കലാപരമായ താത്പര്യം അല്ലെങ്കില്‍ വ്യക്തിപരമായ മറ്റു ചില കാരണങ്ങളാവാം. സാമൂഹികമായ കാരണങ്ങള്‍ മറ്റൊരു വശത്ത്. ഒരേ പോലെ പഠിക്കുന്ന രണ്ടു കുട്ടികളുടെ സാമൂഹിക അടിത്തറ രണ്ടു തരത്തിലാണെങ്കില്‍ അവരുടെ ഉപരിപഠനവും ജോലി സാധ്യതയും രണ്ടു തട്ടിലാണുണ്ടാവുക. സ്ത്രീ-പുരുഷ അസമത്വവും മുന്നോട്ടുള്ള പ്രയാണത്തെ നന്നായി ബാധിക്കുന്നു

'അവന്‍ പഠിക്കും, പക്ഷേ, ലക്ഷ്യബോധം പോര' എന്ന് പറയാറുണ്ട്. എന്താണീ ലക്ഷ്യബോധം? 

ലക്ഷ്യത്തിലെത്താനുള്ള ബോധപൂര്‍വമായ ശ്രമം. ലക്ഷ്യം, ബോധം ഇവ വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ജീവിതവിജയത്തിന് രണ്ടും മിതമായ അളവില്‍ വേണം. രണ്ടിനെയും വെവ്വേറെ പരിശോധിക്കാം. ബോധത്തില്‍ കൂടി ലക്ഷ്യത്തിലെത്താനുള്ള കര്‍മപദ്ധതി എന്ന് ഈ പ്രക്രിയയെ വിളിക്കാം. 

ലക്ഷ്യം എങ്ങനെയുണ്ടാക്കാം?

താത്കാലികമായി പല താത്പര്യങ്ങളും ഉടലെടുക്കുമെങ്കിലും സുദീര്‍ഘമായ ജീവിതയാത്രയില്‍ നാം ആരായി തീരണം എന്നതാണ് പ്രധാനം. അനുഭവങ്ങളും, വായനയും, വിദഗ്‌ധോപദേശങ്ങളുമാണ് അതിന് നിങ്ങള്‍ക്ക് വഴികാട്ടിയാവുക. പക്ഷെ ചിന്തകള്‍ പ്രായോഗികമാണെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാകണം. നമുക്ക് സാധിക്കുമെന്ന് വിശ്വാസമുള്ളതായിരിക്കണം ലക്ഷ്യം വെക്കേണ്ടത് 

എനിക്ക് ഗാന്ധിജിയെപ്പോലെ ഒരു മഹാനാകണം എന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ ഒട്ടും പ്രായോഗികബുദ്ധി കാണിക്കുന്നില്ല. ബ്രിട്ടീഷുകാരെ സമാധാനവഴികളിലൂടെ നാടുകടത്താനിനി അവസരവുമില്ല.

ബുദ്ധിവികാസം എന്ന കല

ബുദ്ധിവികാസം ഒരു കലയാണെന്ന് ഞാന്‍ പറയും. ഏതു കലയിലും ശ്രമം തുടങ്ങാനും ശോഭിക്കാനും ജന്മസിദ്ധമായ കഴിവു വേണം. എല്ലാ കലകളിലും ജന്മസിദ്ധമായ കഴിവുണ്ടാകണമെന്നില്ല. എന്നാല്‍, ബുദ്ധി എന്നത് വ്യത്യസ്ത അളവില്‍ എല്ലാവര്‍ക്കുമുണ്ട്. അത് വികസിപ്പിച്ചെടുക്കുന്നതാണ് കലാനൈപുണ്യം.

സാഹചര്യം കാലാകാലങ്ങളില്‍ ഉടലെടുക്കുന്നതാണ്. നമുക്ക് പരിമിതമായ നിയന്ത്രണമേ അതിന്റെ കാര്യത്തിലുള്ളു. അതേസമയം, വീണ്ടും പറയട്ടെ, 'intellectual skill' എന്നത് ഒരു ഭാഗം ജന്മനാകിട്ടുന്നു, ബാക്കി നമ്മള്‍ വളര്‍ത്തിയെടുക്കുന്നു. നിരന്തര പരിശീലനം അതിന് ആവശ്യമാണ്. 

ഭരതനാട്യം അരങ്ങേറ്റം ചെയ്യുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മനോഹരമായി സംഗീതം ആലപിക്കുന്നവരെ. കലാപരമായ കഴിവിനെ മുഴുമിപ്പിച്ചെടുക്കുന്നത് നിരന്തര പരിശീലനമാണ്. ഇത് കാലുകള്‍ക്കും (നൃത്തം) തൊണ്ടയിലെ ശബ്ദതന്ത്രികള്‍ക്കും (സംഗീതം) നല്‍കുന്ന പേശീശക്തി പോലെ 'brain muscles'ന് വേണ്ടത്ര ശക്തി നല്‍കുന്നത് പഠനത്തിലൂടെയുള്ള പ്രാക്ടീസാണ്.

ഉദാഹരണമായി, Algebra നമുക്ക് മടുക്കുമ്പോള്‍ നാം പരിശീലനം നിര്‍ത്തുന്നത് വേണ്ടത്ര പരിശീലനം നടത്താതെ നൃത്തം ചെയ്യുന്നതിനും സംഗീത കച്ചേരി ചെയ്യുന്നതിനും തുല്യമാണ്. കലാപരമായ പ്രകടനങ്ങള്‍ പരിശീലിക്കാതിരിക്കുമ്പോള്‍ അതയാളുടെ 'Artistic Performance' നെയാണ് ബാധിക്കുന്നതെങ്കില്‍ പഠനത്തില്‍ പരിശീലനം നടത്താത്തത് ബാധിക്കുക ഒരാളുടെ 'intellectual performance' -നെയാണ് 

ബൗദ്ധികനിലവാരം (Intellectual performance)ഉയര്‍ത്തുക എന്നതാവണം ഓരോ വിദ്യാര്‍ഥിയുടേയും പരമോന്നത ലക്ഷ്യം. പഠിക്കുന്ന വിഷയം ഏതുമാകട്ടെ, ക്ഷമയോടെയുള്ള പരിശീലനം അത്യാവശ്യമാണ്. ഒരു കാര്യം പഠിക്കുമ്പോള്‍,  ആ വിഷയം മറ്റൊരാളെ പഠിപ്പിക്കാന്‍ മാത്രം അറിവു വളര്‍ത്തണം.
 
ബൗദ്ധികനിലവാരം വളര്‍ത്താനുള്ള വഴികള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും, ഓരോരുത്തരും അവരവരുടേത്‌ മനസ്സിലാക്കി സ്വായത്തമാക്കേണ്ടതുണ്ട്. 

ബോധം വരു(ത്തു)ന്നതെങ്ങിനെ? 

നമ്മുടെ പുരോഗതി നിരന്തരം അവലോകനം ചെയ്യുക എന്നതാണ് ഇവിടെ നിരന്തരം ആവശ്യമായത്. സാഹചര്യത്തിന് അനുസ്മൃതമായി പലപ്പോഴും സഞ്ചരിക്കുന്ന ദിശ മാറ്റേണ്ടി വന്നേക്കാം. തുടങ്ങിയിടത്തുനിന്ന് ലക്ഷ്യത്തിലെത്താന്‍ ഒരു നേര്‍രേഖ ആരും പ്രതീക്ഷിക്കരുത്.

ഇഷ്മുള്ള പഠന വിഷയം ഏതാണെന്ന് കുട്ടികളോട് നാം ചോദിക്കാറുണ്ട്. ഇത് സ്‌കൂളില്‍നിന്ന് തന്നെ നിര്‍ണയിക്കപ്പെടണമെന്നില്ല. ഇഷ്ടാനിഷ്ടങ്ങള്‍ കോളജിലെത്തുമ്പൊഴേക്കും മാറിവരാം.

എനിക്ക് സ്‌കൂൾ അധ്യാപകനാകണമെന്നായിരുന്നു ഒരു കാലത്ത് ആഗ്രഹം. അതു പക്ഷെ, മറ്റു പല മേഖലകളെ കുറിച്ചുമുള്ള അറിവില്ലായ്മ മൂലമായിരുന്നു എന്നു തോന്നുന്നു. അച്ഛനുമമ്മയും അധ്യാപകരായിരുന്നതും ഒരു കാരണമാകാം. അധ്യാപകനാകാനുള്ള വഴി തിരഞ്ഞെടുത്തുവെങ്കിലും എത്തിപ്പെട്ടത് ഇക്കണമോക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍, പിന്നെ എന്‍ജിനീയറിങ്. 

കെമിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് കുറച്ചു വര്‍ഷം ജോലിചെയ്ത ഒരാള്‍ ആ ജോലിയില്‍ താത്പര്യം കുറഞ്ഞപ്പോള്‍ ജോലി രാജിവച്ച് മെഡിക്കല്‍ പഠനത്തിനു പോയി ഡോക്ടറായത് മറ്റൊരു സംഭവം. വര്‍ഷങ്ങളോളം ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിച്ച് പണമുണ്ടാക്കിയ ഒരാള്‍ തന്റെ ബന്ധുവിന്റെ മരണം കണ്ട് ആതുരസേവന രംഗത്തേക്ക് തിരിഞ്ഞതും മറ്റൊരു സംഭവം. 

തന്നെപ്പോലുള്ള മറ്റുള്ളവര്‍ എന്തുചെയ്തു?

മറ്റുള്ളവരുടെ പാതയറിയാനും പിന്തുടരാനുമൊക്കെ ഇന്ന് സോഷ്യല്‍ മീഡിയയുണ്ട്.  LinkedIn ഈ രീതിയില്‍ മികച്ച പ്ലാറ്റ്‌ഫോമാണ്. ഇക്കണോമിക്‌സ് താത്പര്യമുള്ള കുട്ടിയെ എന്‍ജിനീയറിങ്, മെഡിസിന്‍ എന്നീ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല. ഇക്കണോമിക്‌സ് പഠിച്ച് ബിസിനസ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മേഖലരളില്‍ കഴിവു തെളിയിച്ച ആയിരങ്ങളുടെ പാത മനസ്സിലാക്കാം. ഇഷ്ടമില്ലാത്ത മേഖലയില്‍ പോയി ഒരു ജീവിതമുള്ളത് അസ്വസ്ഥമാക്കി കളയരുത്.