അഞ്ചുവര്‍ഷത്തേക്ക് ശാസ്ത്ര/സാങ്കേതിക മേഖലയില്‍ ഇന്ത്യയിലെ മുന്‍നിര ദേശീയതല സ്ഥാപനങ്ങളില്‍ ഗവേഷണം നടത്താന്‍ 55 ലക്ഷം രൂപ ഫണ്ടിങ് ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോസ് (പി.എം.ആര്‍.എഫ്.) പദ്ധതിയിലേക്ക് അപേക്ഷിക്കാം.

To advertise here,

ഗവേഷണ സ്ഥാപനങ്ങള്‍

ഗവേഷണം നടത്താവുന്ന സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.കള്‍), ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍), ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ആറ് കേന്ദ്ര സര്‍വകലാശാലകള്‍ (മൊത്തം 38 എണ്ണം) എന്നിവ ഉള്‍പ്പെടുന്നു. പൂര്‍ണപട്ടിക https://dec2020.pmrf.in ല്‍ ലഭിക്കും.

ഫെലോഷിപ്പ്

അഞ്ചുവര്‍ഷം വരെ ഫെലോഷിപ്പ് ലഭിക്കാം. ആദ്യ രണ്ടുവര്‍ഷം മാസം 70,000 രൂപയും മൂന്നാംവര്‍ഷം 75,000 രൂപയും നാലും അഞ്ചും വര്‍ഷങ്ങളില്‍ മാസം 80,000 രൂപയും ഫെലോഷിപ്പായി ലഭിക്കും (മൊത്തം 45 ലക്ഷം രൂപ). കണ്ടിന്‍ജന്‍സി ഗ്രാന്റ് പ്രതിവര്‍ഷം രണ്ടുലക്ഷം രൂപയാണ് (മൊത്തം 10 ലക്ഷം രൂപ).

ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. നിര്‍ദേശിക്കപ്പെട്ട 38 പി.എം.ആര്‍.എഫ്. സ്ഥാപനങ്ങളിലൊന്നിന്റെ നോമിനേഷനില്‍ കൂടിയേ ഒരു ഗവേഷകനെ ഫെലോഷിപ്പിനായി പരിഗണിക്കൂ. ഡയറക്ട്, ലാറ്ററല്‍ എന്‍ട്രി ചാനലുകള്‍ വഴി നാമനിര്‍ദേശത്തിനായി ശ്രമിക്കാം. ഡയറക്ട് എന്‍ട്രി ചാനലില്‍ വിദ്യാര്‍ഥി ആദ്യം പി.എം.ആര്‍.എഫ്. സ്ഥാപനത്തില്‍ പിഎച്ച്.ഡി. പ്രവേശനം നേടണം.

യോഗ്യത

ശാസ്ത്രസാങ്കേതിക വിഷയത്തില്‍ നാല്/അഞ്ച് വര്‍ഷ ഡിഗ്രി, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.ടെക്, രണ്ടുവര്‍ഷ എം.എസ്‌സി., അഞ്ചുവര്‍ഷ യു.ജി.പി.ജി. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ ഐ.ഐ.എസ്.സി., ഐ.ഐ.ടി., എന്‍.ഐ.ടി., ഐസര്‍, ഐ.ഐ.ഇ.എസ്.ടി., കേന്ദ്രഫണ്ടിങ്ങുള്ള ഐ.ഐ.ഐ.ടി. എന്നിവയിലൊന്നില്‍ 8.0 സി.ജി.പി.എ.യും ഇവയിലുള്‍പ്പെടാത്ത സ്ഥാപനത്തിലോ സര്‍വകലാശാലയിലോ എങ്കില്‍ 8.0 ഡി.ജി.പി.എ.യും ബന്ധപ്പെട്ട ഗേറ്റ് വിഷയത്തില്‍ 650 സ്‌കോറും നേടിയവര്‍ക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് ശ്രമിക്കാം.

ഗേറ്റ് യോഗ്യത നേടി, പി.എം.ആര്‍.എഫ്. സ്ഥാപനത്തില്‍ എം.ടെക്./എം.എസ്. റിസര്‍ച്ച് ചെയ്യുന്നവരെ പൂര്‍ത്തിയാക്കിയ സെമസ്റ്ററില്‍ 8.0 സി.ജി.പി.എ. ഉണ്ടെങ്കില്‍ പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും.

ഒരു പി.എം.ആര്‍.എഫ്. സ്ഥാപനത്തില്‍ ഇതിനകം പിഎച്ച്.ഡി. പ്രവേശനം നേടിയവരെയാണ്, ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ പരിഗണിക്കുക. പരമാവധി രണ്ടു തവണയേ ലാറ്ററല്‍ എന്‍ട്രി ചാനലില്‍ ഒരാളെ പരിഗണിക്കുകയുള്ളൂ.

രണ്ടുവിഭാഗ എന്‍ട്രികള്‍ക്കും സ്ഥാപനങ്ങള്‍ക്ക് അവരുടെ വിദ്യാര്‍ഥികളെ പി.എം.ആര്‍.എഫ്. പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്യാം. പി.എം.ആര്‍.എഫ്. കമ്മിറ്റിക്ക് നോമിനേഷന്‍ ലഭിച്ചുകഴിയുമ്പോള്‍ അപേക്ഷ നല്‍കാനുള്ള ലിങ്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ലഭിക്കും. തുടര്‍ന്ന് നിര്‍ദിഷ്ട രേഖകള്‍ ഉള്‍പ്പെടുന്ന അപേക്ഷ വിദ്യാര്‍ഥി നല്‍കണം.

ഇരുവിഭാഗം നോമിനേഷനുകളും പി.എം.ആര്‍.എഫ്. സ്ഥാപനം മാര്‍ച്ച് ഒന്നിനകം നല്‍കണം. വിശദാംശങ്ങള്‍ക്ക്: https://dec2020.pmrf.in

Content Highlights: Prime ministers research fellowship worth 55 lakh rupees for Ph.D student