പ്ലസ് ടു വിജയത്തിനുശേഷം മികച്ച കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന പ്രോഗ്രാമുകളാണ് ഫാർമസി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ. ദേശീയ സ്ഥാപനങ്ങൾ കൂടാതെ കേരളത്തിലും പഠനാവസരങ്ങൾ ഉണ്ട്.

To advertise here,

ഫാർമസി ബിരുദം
നാലുവർഷ ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രവേശനം നടത്തുന്നത് കേരള പ്രവേശന പരീക്ഷാ കമ്മിഷണറാണ്. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. മെഡിക്കൽ, മെഡിക്കൽ അലൈഡ്, എൻജിനിയറിങ്, ആർക്കിടെക്ചർ എന്നിവയ്ക്കൊപ്പമായിരിക്കും ബി.ഫാമിനും അപേക്ഷ ക്ഷണിക്കുക.

യോഗ്യത: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

പ്രവേശനപരീക്ഷ: പ്രവേശനപരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. ഫിസിക്സ് ആൻഡ് കെമിസ്ട്രി. യഥാക്രമം 72, 48 ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. രണ്ടര മണിക്കൂറാണ് പരീക്ഷ. ഈ പേപ്പർ, കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പറാണ്. പരമാവധി മാർക്ക് 480. സിലബസ് www.cee.kerala.gov.in ലെ പ്രോെസ്പക്ടസിൽ നൽകും. പ്രവേശന പരീക്ഷയുടെ സ്കോർ പ്രോെസ്പക്ടസ് വ്യവസ്ഥ പ്രകാരം പുനർനിർണയിക്കുമ്പോൾ 480-ൽ കിട്ടുന്ന ഇൻഡക്സ് മാർക്ക് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ ഇൻഡക്സ് മാർക്ക് 10 എങ്കിലും നേടണം. പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല. എന്നാൽ, ഈ പേപ്പറിലെ ഒരു ചോദ്യത്തിനെങ്കിലും അവർ ഉത്തരം നൽകണം.

അപേക്ഷ: അപേക്ഷ ഉൾപ്പെടെയുള്ള നടപടികൾ www.cee.kerala.gov.in വഴിയാണ് നടക്കുന്നത്. എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറാണ്, ഫാർമസി പ്രവേശനപരീക്ഷ എങ്കിലും എൻജിനിയറിങ്ങിന് അപേക്ഷിച്ച് ആദ്യ പേപ്പർ എഴുതുന്ന ഒരാളെ സ്വമേധയാ ഫാർമസി റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. അപേക്ഷ നൽകുമ്പോൾ ഫാർമസി സ്ട്രീം തിരഞ്ഞെടുക്കുന്നവരെ മാത്രമേ ഫാർമസി റാങ്കിങ്ങിനായി പരിഗണിക്കൂ. സെൻട്രലൈസ്ഡ് അലോട്മെൻറ് പ്രോസസ് (കാപ്) വഴി (ഓൺലൈൻ) സീറ്റ് അലോട്മെൻറ് നടത്തും. വിവരങ്ങൾക്ക്: www.cee.kerala.gov.in, www.cee-kerala.org

നഴ്സിങ്, പാരാമെഡിക്കൽ
നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശനം, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനുവേണ്ടി, എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്നു.

കോഴ്സുകൾ: ബി.എസ്‌സി. നഴ്സിങ്, ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബി.എസ്‌സി. പെർഫ്യൂഷൻ ടെക്നോളജി, ബി. എസ്‌സി. (ഓപ്ടോമെട്രി), ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി, ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ബാച്ച്‌ലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി, ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്‌സി. ഡയാലിസിസ് ടെക്നോളജി, ബാച്ച്‌ലർ ഓഫ്‌ ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി. കോഴ്സ് ദൈർഘ്യം മൂന്ന്/നാല് വർഷം. ചിലതിന് ഇന്റേൺഷിപ്പ് ഉണ്ട്.

സ്ഥാപനങ്ങൾ: സർക്കാർ കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ, 50 ശതമാനം സീറ്റുകൾ സർക്കാരിന് അലോട്മെൻറ് നടത്താൻ വിട്ടുനൽകുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയാണ് ഈ അലോട്മെന്റ്‌ പ്രക്രിയയിൽ ഉൾപ്പെടുന്നത്. ന്യൂനപക്ഷപദവിയുള്ള സ്വകാര്യസ്വാശ്രയ കോളേജുകളിലെ ഗവൺമെൻറ് സീറ്റിലെ 20 ശതമാനം, മെറിറ്റ് അടിസ്ഥാനത്തിൽ ആ ന്യൂനപക്ഷ സമുദായത്തിൽ നിന്നുമുള്ള അപേക്ഷകർക്ക് അനുവദിക്കും.

യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.) എന്നിവ പഠിച്ച്, ഓരോന്നും ജയിച്ച്, നിശ്ചിത മാർക്ക് വാങ്ങി (കോഴ്സിനനുസരിച്ച്) പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. ഇതാണ് പൊതുവേയുള്ള പ്രവേശന അർഹത. കോഴ്സിനനുസരിച്ച് പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയം, മാർക്ക് വ്യവസ്ഥ: ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി-പി.സി.ബി. ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി മൂന്നിനും കൂടി 50 ശതമാനം മാർക്ക്.

മറ്റ് കോഴ്സുകൾക്ക്, പി.സി.ബി. ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം, മൂന്നിനുംകൂടി മൊത്തം 50 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ ചില ഇളവുകൾ ഉണ്ട്. കുറഞ്ഞ പ്രായം 17 വയസ്സ്. ബി.എസ്‌സി. നഴ്സിങ്ങിന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി.

റാങ്കിങ്: പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ, നിശ്ചിത വിഷയങ്ങൾക്കു ലഭിച്ച മാർക്ക്, പ്രോസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം നോർമലൈസ് ചെയ്തു തയ്യാറാക്കുന്ന റാങ്ക്പട്ടിക അടിസ്ഥാനമാക്കിയാണ് പ്രവേശനം.

റാങ്കിങ്ങിന് പരിഗണിക്കുന്ന വിഷയങ്ങൾ: ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി -ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി മാർക്കുകൾ. മറ്റ് കോഴ്സുകൾക്ക്, പി.സി.ബി. വിവിധ കോഴ്സുകൾക്ക് ഒരൊറ്റ അപേക്ഷയേ നൽകാവൂ. വിവരങ്ങൾക്ക്: lbscentre.kerala.gov.in

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ, ഫാർമസി ഡിപ്ലോമ

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകാരത്തോടെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങൾ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ്, അപേക്ഷ സ്വീകരിച്ച്, റാങ്ക് പട്ടിക തയ്യാറാക്കി അലോട്മെന്റ് നടത്തുന്നത്.

കോഴ്‌സുകൾ: ഫാർമസി (ഡി.ഫാം.), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോ ഡയഗ്‌നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഓഫ്താൽമിക് അസിസ്റ്റൻസ്, െഡന്റൽ മെക്കാനിക്സ്, െഡന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യാ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപ്പിക് ടെക്നോളജി, െഡന്റർ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ്, റെസ്പിരേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്നോളജി.

ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെയും മറ്റ് കോഴ്സുകൾ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെയും ഭരണ നിയന്ത്രണത്തിലാണ്. കോഴ്സ് ദൈർഘ്യം രണ്ട്/മൂന്നുവർഷം. ചിലതിന് ഇന്റേൺഷിപ്പ് ഉണ്ട്.

യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് ജയിച്ചിരിക്കണം എന്നതാണ് പൊതുവേയുള്ള വ്യവസ്ഥ. ഡി.ഫാം. പ്രവേശനത്തിന്, ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം. ഫാർമസി ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 35 ശതമാനം) ഉണ്ടായിരിക്കണം. ഡി.ഫാം. പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച് ജയിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയില്ല.

വി.എച്ച്.എസ്.ഇ.യുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർക്ക്, ചില കോഴ്സുകളിൽ, സംവരണമുണ്ട്. കുറഞ്ഞപ്രായം 17 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഒന്നോ ഒന്നിൽ കൂടുതൽ കോഴ്സുകളിലേക്കോ പരിഗണിക്കപ്പെടാൻ, ഒരൊറ്റ അപേക്ഷയേ നൽകാവൂ. യോഗ്യതാപരീക്ഷയിലെ, ബാധകമായ വിഷയങ്ങളിലെ രണ്ടാംവർഷ പരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.

റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം, കോഴ്സ്-കോളേജ് താത്‌പര്യങ്ങൾ/ഓപ്ഷനുകൾ, വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഏകജാലക സംവിധാനം വഴി, എൽ.ബി.എസ്. സെൻറർ അലോട്മെന്റ് നൽകും. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ടാകും. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ സീറ്റുകൾ തുടങ്ങിയവയാണ് ഈ അലോട്മെന്റിന്റെ പരിധിയിൽ വരുന്നത്. വിവരങ്ങൾക്ക്: lbscentre.kerala.gov.in

Photo: freepik.com