കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സൗജന്യമായ റസിഡൻഷ്യൽ ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം 'ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്‌കൂൾ - 2026', ഏപ്രിൽ,മെയ് മാസങ്ങളിലായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ നടക്കും. കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച സമ്മർ സ്‌കൂളിന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രമുഖരായ നിരവധി പ്രഭാഷകരുടെ സാന്നിധ്യവും വൈവിധ്യമാർന്ന സെഷനുകളും കഴിഞ്ഞ തവണത്തെ പ്രത്യേകതയായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് രണ്ടാം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

To advertise here,

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ജെയിൻ യൂണിവേഴ്‌സിറ്റി സമ്മർ സ്‌കൂൾ സംഘടിപ്പിക്കുന്നത്.
ആകെ 60 വിദ്യാർത്ഥികൾക്കാണ് ഈ പരിപാടിയിൽ പ്രവേശനം ലഭിക്കുക. ഇതിൽ 30 സീറ്റുകൾ പത്താം ക്ലാസ് കഴിഞ്ഞവർക്കും 30 സീറ്റുകൾ പ്ലസ് ടു കഴിഞ്ഞവർക്കുമാണ് പ്രവേശനം. താൽപര്യമുള്ളവർക്ക് https://jainuniversitykochi.com/summer-school-2026/ എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 14-നകം അപേക്ഷിക്കാം. ക്യാമ്പിൽ പങ്കെടുക്കാനുള്ള തങ്ങളുടെ താല്പര്യവും കാരണവും വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം, ആധുനിക ലോകത്ത് അത്യന്താപേക്ഷിതമായ പ്രായോഗിക കഴിവുകൾ വളർത്തിയെടുക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും അക്കാദമിക് മികവിനും വ്യക്തിത്വ വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന രീതിയിലുള്ള സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെകളിൽ വിമർശനാത്മക ചിന്ത , ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റൽ അവബോധം എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനുകളിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിവിധ അക്കാദമിക് വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും മികച്ച കരിയർ പാത തിരഞ്ഞെടുക്കാനുള്ള വ്യക്തത നേടാനും സാധിക്കും. ലൈഫ് ആൻഡ് ലീഡർഷിപ്പ് ലാബുകളിലൂടെ തൊഴിലിടങ്ങളിലെ മര്യാദകൾ, കൂട്ടായ്മ, പ്രശ്നപരിഹാര ശേഷി എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. വൈകുന്നേരങ്ങളിൽ സംഗീതം, കഥ പറച്ചിൽ, നൃത്തം, കായിക വിനോദങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പരസ്പരമുള്ള സൗഹൃദങ്ങൾ വളർത്താനും അവസരമൊരുക്കും.

ക്ലാസ് മുറികൾക്ക് പുറത്തുള്ള അനുഭവങ്ങൾ ഈ സമ്മർ സ്‌കൂളിന്റെ പ്രധാന സവിശേഷതയാണ്. ഇതിന്റെ ഭാഗമായി ഒരു മാതൃകാ ഇക്കോ-ടൂറിസം വില്ലേജ് സന്ദർശിച്ച് സുസ്ഥിര വികസനത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാം. കൂടാതെ, കൊച്ചി വാട്ടർ മെട്രോ പദ്ധതി സന്ദർശിക്കുന്നതിലൂടെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് അറിവ് നേടാനും സാധിക്കും. സാമൂഹിക ഉത്തരവാദിത്തവും സഹാനുഭൂതിയും വളർത്തുന്നതിനായി ഒരു വൃദ്ധസദനം സന്ദർശിക്കുന്നതും വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള താമസം, ഭക്ഷണം, പഠന ക്ലാസുകൾ, സന്ദർശന യാത്രകൾ എന്നിവയുടെ മുഴുവൻ ചെലവും യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.

തിയറി ക്ലാസുകൾക്കപ്പുറം, അതിവേഗം മാറുന്ന ആധുനിക ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നതാണ് ഈ സമ്മർ സ്കൂളിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. അക്കാദമിക് മികവിനൊപ്പം നേതൃഗുണവും വിമർശനാത്മക ചിന്താശേഷിയുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ പരിശീലനം വലിയൊരു ചുവടുവെപ്പാകും.പ്രകൃതിയെ അറിഞ്ഞും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സംവദിച്ചുമുള്ള ഇത്തരം അനുഭവങ്ങൾ അവരുടെ ഉപരിപഠനത്തിലും കരിയറിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് - +91 7034052828.