
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്), 2024 ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടത്തും. െബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) ആണ് സംഘാടകസ്ഥാപനം. അപേക്ഷിക്കാൻ പ്രായപരിധിവ്യവസ്ഥ ഇല്ല. ഒരാൾക്ക് എത്രതവണവേണമെങ്കിലും ഗേറ്റ് അഭിമുഖീകരിക്കാം. ഗേറ്റ് സ്കോറിന്, ഫലപ്രഖ്യാപനത്തീയതിമുതൽ മൂന്ന് വർഷത്തെ സാധുതയുണ്ട്.
പ്രോഗ്രാമുകൾ
കേന്ദ്രസർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നിവയിലെ മാസ്റ്റേഴ്സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ; എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ നിശ്ചിതവിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിൽ സാമ്പത്തികസഹായത്തോടെയുള്ള പ്രവേശനത്തിന് ഗേറ്റ് യോഗ്യത വേണ്ടിവരാം. സാമ്പത്തികസഹായം ലഭിക്കാൻ ബന്ധപ്പെട്ട ഒരുസ്ഥാപനത്തിൽ, അതിന്റെ പ്രവേശനപ്രക്രിയയിൽ പങ്കെടുത്ത് പ്രവേശനം നേടണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാമ്പത്തികസഹായമോ ഫെലോഷിപ്പോ ഇല്ലാതെയും ചില കോളേജുകളും സ്ഥാപനങ്ങളും ഗേറ്റ് യോഗ്യത നേടിയവരെ സൂചിപ്പിച്ച പ്രോഗ്രാമുകളിൽ പ്രവേശിപ്പിച്ചേക്കാം.
അക്കാദമിക് യോഗ്യത
എൻജിനിയറിങ്/ടെക്നോളജി/ ആർക്കിടെക്ചർ/സയൻസ്/ഹ്യുമാനിറ്റീസ് ബിരുദധാരികൾ, ഇവയുടെ അണ്ടർ ഗ്രാജ്വേറ്റ് ബിരുദപ്രോഗ്രാമിന്റെ മൂന്നാം വർഷത്തിലോ ഉയർന്നവർഷങ്ങളിലോ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. വിശദമായ പ്രവേശനയോഗ്യതാവിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകും.
ഗേറ്റ് 2023 ഇൻഫർമേഷൻ ബ്രോഷർപ്രകാരമുള്ള യോഗ്യത ഇപ്രകാരമായിരുന്നു: ബി.ഇ./ബി.ടെക്./ബി.ഫാം./ബി.ആർക്., ബി.എസ്‌സി. (റിസർച്ച്)/ബി.എസ്., ഫാം.ഡി., എം.ബി.ബി. എസ്./ബി.ഡി.എസ്./ബി.വിഎസ്‌സി., എം.എസ്‌സി./എം.എ./എം.സി.എ./തത്തുല്യം, ഇൻറഗ്രേറ്റഡ് എം.ഇ./എം.ടെക്. (പോസ്റ്റ് ബി.എസ്‌സി.), ഇൻറഗ്രേറ്റഡ് എം.ഇ./എം.ടെക്./എം.ഫാം. അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി (പോസ്റ്റ് ഡിപ്ലോമ/10+2), ബി.എസ്‌സി./ബി.എ./ബി.കോം., ഇൻറഗ്രേറ്റഡ് എം.എസ്‌സി./ ഇൻറഗ്രേറ്റഡ് ബി.എസ്./എം.എസ്., ബി.എസ്‌സി. (അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി) തുടങ്ങിയ യോഗ്യതയുള്ളവർ, ഈ കോഴ്സുകൾ പൂർത്തിയാക്കിയവർ, നിശ്ചിതവർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാമായിരുന്നു. ബി.ഇ./ബി.ടെക്./ബി.ആർക്. കോഴ്സുകൾക്ക് തത്തുല്യമായ, പ്രൊഫഷണൽ സമിതികളുടെ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാമായിരുന്നു.
ടെസ്റ്റ് പേപ്പർ വിഷയങ്ങൾ
മൊത്തം 30 വിഷയങ്ങൾ. ഓരോദിവസവും രണ്ടു സെഷനുകളിലായി പരീക്ഷകൾ നടത്തും. ഓരോ ദിവസത്തെയും പരീക്ഷാവിഷയങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷാർഥിയുടെ യോഗ്യതാബിരുദത്തിനനുസൃതമായ വിഷയത്തിന്റെ പേപ്പർ തിരഞ്ഞെടുത്ത് പരീക്ഷ അഭിമുഖീകരിക്കാം. എന്നിരുന്നാലും ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം, അതിനുവേണ്ട യോഗ്യത തുടങ്ങിയവ പരിഗണിച്ച് ഏതു പേപ്പർ/പേപ്പറുകൾ അഭിമുഖീകരിക്കണമെന്ന് അപേക്ഷാർഥിക്കു തീരുമാനിക്കാം. പരീക്ഷയുടെ സമയക്രമത്തിനുവിധേയമായി ഒരാൾക്ക് 2 പേപ്പർവരെ അഭിമുഖീകരിക്കാം. 30 പേപ്പറുകളിൽ ഒന്ന് പ്രൈമറി പേപ്പർ ആയിരിക്കും. ഓരോന്നിനുമൊപ്പം, രണ്ടാം പേപ്പറായി ബാക്കിയുള്ള 29 പേപ്പറിൽനിന്നും, ഏതൊക്കെവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന് ഗേറ്റ് 2024 വെബ്സൈറ്റിൽ (gate2024.iisc.ac.in) നൽകിയിട്ടുണ്ട്. ഇൻഫർമേഷൻ ബ്രോഷറിലും ഇത് വ്യക്തമാക്കിയിരിക്കും.
പരീക്ഷാഘടന
100 മാർക്കുള്ള മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. എല്ലാ പേപ്പറുകളിലും 15 മാർക്കിനുള്ള ജനറൽ ആപ്റ്റിറ്റ്യൂഡ് ഭാഗം ഉണ്ടാകും. ബന്ധപ്പെട്ട വിഷയത്തിൽനിന്നും 85 മാർക്കിനുള്ള ചോദ്യങ്ങളും. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലായിരിക്കും. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. റീകോൾ, കോംപ്രിഹൻഷൻ, ആപ്ലിക്കേഷൻ, അനാലിസിസ് ആൻഡ് സിന്തസിസ് എന്നിവ പരീക്ഷിക്കപ്പെടും. ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലെ ഉത്തരം തെറ്റിയാൽ, ഒരുമാർക്ക് ചോദ്യത്തിന് മൂന്നിൽ ഒന്നും രണ്ട് മാർക്ക് ചോദ്യത്തിന് മൂന്നിൽ രണ്ടും മാർക്ക് നഷ്ടപ്പെടും. മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് ഇല്ല. മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങൾക്ക് ഭാഗികമായ മാർക്ക് ലഭിക്കില്ല.
എൻജിനിയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നീ പേപ്പറുകൾ പൊതുസ്വഭാവമുള്ളതായിരിക്കും. ഇവയിൽ ഓരോന്നിലും നിർബന്ധമായും ഉത്തരം നൽകേണ്ട ഒരുഭാഗം ഉണ്ടാകും. കൂടാതെ, തന്നിട്ടുള്ള വിവിധ ഓപ്ഷണലുകളിൽ നിശ്ചിത എണ്ണത്തിൽനിന്നും ഉത്തരം നൽകേണ്ടിവരും. വിവിധ പേപ്പറുകളുടെ സിലബസ്, മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ
ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ ഓഗസ്റ്റ് 30-ന് സജീവമാകുമെന്നാണ് ഐ.ഐ.എസ്‌സി. ബെംഗളൂരു അറിയിച്ചിരിക്കുന്നത്. അപേക്ഷ സെപ്‌റ്റംബർ 29 വരെ നൽകാം. ലേറ്റ് ഫീകൂടി നൽകി ഒക്ടോബർ 13 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഒരു പേപ്പറിന് പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 900 രൂപയാണ്. മറ്റുള്ളവർക്ക് 1800 രൂപയും. സെപ്‌റ്റംബർ 30 മുതൽ ഒക്ടോബർ 13 വരെ അപേക്ഷിക്കാൻ യഥാക്രമം 1400 രൂപയും 2300 രൂപയും. രണ്ടു പേപ്പറുകൾക്ക് അപേക്ഷിക്കാൻ ഇതിന്റെ ഇരട്ടി തുകയാണ് നൽകേണ്ടത്. ഓൺലൈനായി തുക അടയ്ക്കാം.
വിവരങ്ങൾക്ക്: gate2024.iisc.ac.in
അവസരങ്ങൾ
ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ റിക്രൂട്ട്മെൻറ് പ്രക്രിയയിൽ ഗേറ്റ് സ്കോർ പരിഗണിച്ച് തിരഞ്ഞെടുപ്പു നടത്താറുണ്ട്. മുൻവർഷങ്ങളിൽ ഗേറ്റ് സ്കോർ പരിഗണിച്ച് റിക്രൂട്ട്മെൻറ് നടത്തിയ സ്ഥാപനങ്ങൾ:
- ഭാരത് ഹെവി ഇലക്‌ട്രിക്കൽസ്
- ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്
- ഇന്ത്യൻ ഓയിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ
- പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
- എൻ.എം.ഡി.സി. ലിമിറ്റഡ്
- ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
- ഗെയ്‌ൽ ഇന്ത്യ ലിമിറ്റഡ് എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്
- എൻ.ടി.പി.സി.
- ഒഡിഷ ഹൈഡ്രോ പവർ കോർപ്പറേഷൻ ലിമിറ്റഡ്
- കോൾ ഇന്ത്യ ലിമിറ്റഡ്
- എൻ.എൽ.സി. ഇന്ത്യ ലിമിറ്റഡ്
- പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
- സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്
- ദാമോദർവാലി കോർപ്പറേഷൻ
- നാഷണൽ വാട്ടർ െഡവലപ്മെൻറ് ഏജൻസി
- ഡിഫൻസ് റിസർച്ച് ആൻഡ് െഡവലപ്മെൻറ് ഓർഗനൈസേഷൻ
- ഇൻറലിജൻസ് ബ്യൂറോ
- അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്
- ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
- മാംഗളൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ്
- ഹരിയാണ പവർ യൂട്ടിലിറ്റീസ്.
Content Highlights: GATE 2024 registration process begins
Published: 31 Aug 2023, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented