
അമേരിക്കയിലെ ടെക്സസ് ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള മലയാളി എന്‍ജിനിയര്‍മാരുടെ സംഘടനയായ മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന് (എം.ഇ.എ) കേരളത്തിലെ താഴ്ന്ന വരുമാനക്കാരായ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന എം.ഇ.എ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഇന്ത്യയിലെ ഒരു എന്‍ജിനിയറിങ് കോളേജിലോ സര്‍വകലാശാലയിലോ നിശ്ചിത എന്‍ജിനിയറിങ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ പഠിക്കുന്നവരാകണം. സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 600 യുഎസ് ഡോളര്‍ ആയിരിക്കും (ഏകദേശം 53000 രൂപയ്ക്കു മുകളില്‍). കോഴ്സിനനുസരിച്ച് നാല്/അഞ്ച് വര്‍ഷത്തെ പഠനത്തിനായി, വ്യവസ്ഥകള്‍ക്കു വിധേയമായി എല്ലാ വര്‍ഷവും സ്കോളര്‍ഷിപ്പ് നല്‍കും.
യോഗ്യത
അംഗീകൃത എന്‍ജിനിയറിങ് കോളേജില്‍ അല്ലെങ്കില്‍ സര്‍വകലാശാലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ (എട്ട് സെമസ്റ്റര്‍) അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ (ബിആര്‍ക്കിന് 10 സെമസ്റ്ററുകള്‍) കോഴ്സില്‍ എന്‍ജിനിയറിങ്, ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ഒന്നില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കണം.
കേരള പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് 7000-നുള്ളില്‍ റാങ്ക് നേടിയിരിക്കണം. ബിആര്‍ക്ക് കോഴ്സിന് പഠിക്കുന്നവര്‍ നാറ്റ അഭിമുഖീകരിച്ചിരിക്കണം. അതില്‍ 110 എങ്കിലും സ്കോര്‍ വേണം. പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 85 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ലാറ്ററല്‍ എന്‍ട്രിയിലൂടെ (ഡിപ്ലോമ അല്ലെങ്കില്‍ മറ്റ് ബിരുദത്തിനുശേഷം) പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി കോഴ്സിന്റെ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാതാപിതാക്കളുടെ സംയോജിത വാര്‍ഷികവരുമാനം (എല്ലാ സ്രോതസ്സുകളില്‍ നിന്നും) ഒരു ലക്ഷത്തി അമ്പതിനായിരം രൂപയില്‍ താഴെയായിരിക്കണം.
അപേക്ഷ
meahouston.org വഴി നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. മാര്‍ഗനിര്‍ദേശ രേഖയില്‍ പറയുന്ന എല്ലാ രേഖകളും സ്കാന്‍ ചെയ്ത് (പി.ഡി.എഫ് ഫോര്‍മാറ്റില്‍) meahouston.scholarship@gmail.com ലേക്ക് നവംബര്‍ ഒന്നിനകം അയക്കണം. ഇതിനകം മറ്റൊരു സ്കോളര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം. സ്കോളര്‍ഷിപ്പുകള്‍ 2026 മാര്‍ച്ച് 31-നകം അനുവദിക്കും.
Content Highlights: Malayali Engineers Association (MEA) offers scholarships for financially backward engineering students in India. Apply for financial aid for your engineering studies. Last date to apply November 1.
Published: 13 Oct 2025, 07:35 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented