
കേരള സർവകലാശാല ആരംഭിക്കുന്ന നാലുവർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) പ്രവേശനത്തിന് അപേക്ഷിക്കാം. കാര്യവട്ടം കാമ്പസിലെ സെന്റർ ഫോർ അണ്ടർഗ്രാജ്വേറ്റ് സ്റ്റഡീസ് (സി.യു.എസ്.) ആയിരിക്കും ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.എസ്.എസ്.) രീതിയിൽ പ്രോഗ്രാംനടത്തുന്നത്. ഗവേഷണത്തിനും തൊഴിലിനും വിദ്യാർഥികളെ സജ്ജമാക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.
പ്രോഗ്രാമുകൾ: ബി.എ. ഓണേഴ്സ് നാലുവർഷ പ്രോഗ്രാമിൽ പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ മേജർ വിഷയങ്ങൾ ലഭ്യമാണ്. രണ്ടുരീതിയിൽ കോഴ്സ് പൂർത്തിയാക്കാം. മൂന്നുവർഷ യു.ജി. ബിരുദത്തോടെ അല്ലെങ്കിൽ നാലുവർഷ യു.ജി. ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദത്തോടെ. കോഴ്സിന് നാല് പ്രധാന ഘടകങ്ങൾ: (i) ഫൗണ്ടേഷൻ -ഇതിൽ എബിലിറ്റി എൻഹാൻസ്‌മെന്റ്, സ്കിൽ എൻഹാൻസ്‌മെന്റ്, വാല്യൂ അഡീഷൻ, മൾട്ടി ഡിസിപ്ലിനറി എന്നിങ്ങനെ കോഴ്സുകൾ ഉൾപ്പെടും (ii) ഡിസിപ്ലിൻ അനുസരിച്ചുള്ള മേജർ കോഴ്സുകൾ (iii) ഡിസിപ്ലിൻ അനുസരിച്ചുള്ള മൈനർ/മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ (iv) റിസർച്ച് കമ്പോണൻറ്- ഡിസർട്ടേഷൻ, ഇന്റേൺഷിപ്പ്, ഫീൽഡ് സർവേകൾ.
യു.ജി./ഓണേഴ്സ് വിത്ത് റിസർച്ച്:ആവശ്യമായ നിശ്ചിത മിനിമം കോഴ്സുകൾ വിജയകരായി പൂർത്തിയാക്കി, നിശ്ചിത മിനിമം ക്രഡിറ്റുകൾ നേടി, മൂന്നുവർഷം കഴിഞ്ഞ് പുറത്തുവരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ മേജർ ഡിസിപ്ലിനിൽ- പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷണൽ റിലേഷൻസ്/ഇക്കണോമിക്സ്/ഹിസ്റ്ററി എന്നിവയിൽ യു.ജി. ബിരുദം ലഭിക്കും. ആദ്യ ആറ് സെമസ്റ്ററുകളിൽ കുറഞ്ഞത് 7.5 സി.ജി.പി.എ. ലഭിക്കുന്നവർക്ക് നാലാംവർഷത്തിൽ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമിന് ചേരാൻ അർഹതലഭിക്കും. നിശ്ചിത കോഴ്സ് ക്രഡിറ്റുകളോടെ മേജർ വിഷയം വിജയകരായി പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട മേജർ വിഷയത്തിൽ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും. 30 പേർക്ക് പ്രവേശനംനൽകും. ചില വിഭാഗങ്ങൾക്ക് സൂപ്പർ ന്യൂമററി സീറ്റുകൾ ഉണ്ടാകും.
യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. പ്രായപരിധി 2023 ജൂൺ ഒന്നിന് 23 വയസ്സ്.
പട്ടികവിഭാഗക്കാർക്ക് 25. സെമസ്റ്റർ ട്യൂഷൻ ഫീ 5000 രൂപ. മറ്റു
ഫീസുകളും ഉണ്ടാകും.
അപേക്ഷ: www.admissions.keralauniversity.ac.in വഴി സെപ്‌റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഇതേ സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ.
പട്ടികവിഭാഗക്കാർക്ക് 500 രൂപ.
പ്രവേശനരീതി: യോഗ്യതാപരീക്ഷയിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി, ആവശ്യമായ നോർമലൈസേഷൻ നടത്തി തയ്യാറാക്കുന്ന ഇൻഡക്സ് സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്കും പ്രസ്തുതപരീക്ഷയിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയ്ക്കു ലഭിച്ച ശരാശരി മർക്കും ചേർത്തായിരിക്കും റാങ്കിങ്ങിനായുള്ള ഇൻഡക്സ് മാർക്ക് കണക്കാക്കുക.
പ്രവേശനത്തിൽ സംവരണം ഉണ്ടായിരിക്കും. മെരിറ്റ് 50 ശതമാനം, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾ- എസ്.ഇ.ബി.സി.- 20 ശതമാനം (ഈഴവ- എട്ടുശതമാനം, മുസ്‌ലിം- ഏഴ്, ലാറ്റിൻ കാത്തലിക്/എസ്.ഐ. യു.സി. (എൽ.സി.)- ഒന്ന്, മറ്റു പിന്നാക്ക ക്രിസ്ത്യൻ- ഒന്ന്, മറ്റു പിന്നാക്ക ഹിന്ദു- മൂന്ന്), മുന്നോക്കക്കാരിൽ സാമ്പത്തിക പിന്നാക്കവിഭാഗം (ഇ.ഡബ്ല്യു.എസ്.)- 10 ശതമാനം, പട്ടികജാതി- 15 ശതമാനം, പട്ടികവർഗം-അഞ്ച് ശതമാനം.
Content Highlights: Kerala University four year degree course
Published: 25 Sept 2023, 10:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented