ന്യൂഡല്‍ഹി: ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ യു.ജി.സിയുടെ പുതിയ നിര്‍ദേശം. ഒക്ടോബര്‍ 31-നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പ്രവേശനം റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.

നേരത്തെ സെപ്റ്റംബര്‍ 1-ന് ക്ലാസുകള്‍ തുടങ്ങണമെന്നായിരുന്നു യു.ജി.സി നിര്‍ദേശിച്ചിരുന്നത്. ജൂലായില്‍ ഇത് പരിഷ്‌കരിക്കുകയും സെപ്റ്റംബര്‍ 30-ഓടെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

യോഗ്യതാപരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നവംബര്‍ 18-ന് ക്ലാസുകള്‍ ആരംഭിക്കണമെന്നും സര്‍വകലാശാലകള്‍ക്ക് നിര്‍ദേശമുണ്ട്. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കണമെന്നും വെക്കേഷന്‍ കുറയ്ക്കാനും യു.ജി.സി നിര്‍ദേശത്തില്‍ പറയുന്നു.

Content Highlights: Classes for first year to start from November 1: UGC to varsities