പാലക്കാട്: ഒ.എല്‍.എക്‌സില്‍ വില്പനയ്ക്കുവെച്ച ഇരുചക്രവാഹനം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുല്‍മിനാ വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (24), തൃശ്ശൂര്‍ ഗുരുവായൂര്‍ ഇരഞ്ഞിപ്പുറകര പുത്തന്‍പള്ളി കുറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
2021 ഡിസംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം. പുതുശ്ശേരി കുരുടിക്കാട് ഉദയനഗറില്‍ സുനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിള്‍ ഒ.എല്‍.എക്‌സില്‍ വില്പനയ്ക്കുവെച്ചിരുന്നു. സുനില്‍ കുമാറിനെ സമീപിച്ച് വാഹനം ഓടിച്ചുനോക്കാന്‍ താക്കോല്‍ വാങ്ങിയശേഷം വാഹനവുമായി കടന്നുകളഞ്ഞെന്നാണ് കേസ്.
സി.സി.ടി.വി.കള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണത്തിനായി പാലക്കാട്ടേക്ക് ഇരുവരും വന്നത് വയനാട്ടില്‍നിന്ന് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറിലാണെന്ന് പോലീസ് പറഞ്ഞു. ആ സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് സുനിലിന്റെ വാഹനവുമായി പ്രതികള്‍ കടന്നത്. ഈ മോട്ടോര്‍സൈക്കിള്‍ എറണാകുളത്തുനിന്ന് കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഇരുവരുടെ പേരിലും സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.
പാലക്കാട് ഡിവൈ.എസ്.പി. ഹരിദാസ്, കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എസ്. അനീഷ്, രംഗനാഥന്‍, എ.എസ്.ഐ. രമേഷ്, എസ്.സി.പി. ഒ. ശെല്‍വരാജ്, സി.പി.ഒ. മുഹമ്മദ് മുആദ്, മൃദുലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Published: 24 Jan 2022, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented