
സ്വാമി ചൈതന്യാനന്ദ സരസ്വതി(ഇടത്ത്) ഡല്‍ഹിയിലെ സ്വാമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട്(വലത്ത്) | Photo: x.com/vani_mehrotra& PTI
ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി അദ്ദേഹത്തിനെതിരേ നേരത്തെ പരാതി നൽകിയ പെൺകുട്ടി. കഴുകന്‍ കണ്ണുകളോടെയാണ് സ്വാമി പാര്‍ഥസാരഥി തന്നെ പിന്തുടര്‍ന്നതെന്നും അശ്ലീല സന്ദേശങ്ങളയച്ചാണ് സ്വാമിയുടെ അതിക്രമങ്ങള്‍ ആരംഭിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. 2016-ലാണ് ഈ പെൺകുട്ടി സ്വാമിക്കെതിരേ പരാതിനൽകിയത്.
സ്വാമി പാര്‍ഥസാരഥിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹി വസന്ത്കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളായ 17 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് ഏറ്റവും പുതിയ പരാതി. ഇതിനുപിന്നാലെയാണ് 2016-ൽ സ്വാമിക്കെതിരേ പരാതി നൽകിയ പെൺകുട്ടിയും കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്. നിരന്തരമായ അതിക്രമങ്ങള്‍ കാരണം എട്ടുമാസത്തിനുള്ളില്‍ അവിടെനിന്ന് പഠനം ഉപേക്ഷിച്ചെന്നും പരാതിക്കാരി പറഞ്ഞു.
'ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് പിന്നാലെ ബാബ എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. 'ബേബി', 'സ്വീറ്റ് ഗേള്‍' എന്നൊക്കെയാണ് എന്നെ വിളിച്ചിരുന്നത്. വൈകീട്ട് ആറരയ്ക്ക് ക്ലാസ് കഴിഞ്ഞാല്‍ ബാബ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് വിളിക്കും. അവിടെവെച്ചാണ് ഉപദ്രവിച്ചിരുന്നത്. ഞാന്‍ മിടുക്കിയായ വിദ്യാര്‍ഥിയാണെന്നും എന്നെ ദുബായില്‍ കൊണ്ടുപോയി പഠിപ്പിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു. എന്റെ എല്ലാചെലവുകളും വഹിക്കാമെന്നും വാഗ്ദാനംനല്‍കി. പക്ഷേ, എനിക്ക് അതിനൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ജീവനക്കാര്‍ എന്റെമേല്‍ സമ്മര്‍ദം ചെലുത്തി. എന്റെ മൊബൈല്‍ഫോണ്‍ ബാബ പിടിച്ചുവാങ്ങി. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ നിര്‍ബന്ധിച്ചു. ആരോടും സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. രാത്രി അയാള്‍ ഫോണില്‍ വിളിക്കും. അയാളുടെ കഴുകന്‍ കണ്ണുകള്‍ എനിക്കുമേല്‍ ഉണ്ടായിരുന്നു'', പെണ്‍കുട്ടി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തെ ഹോട്ടലിലേക്ക് പോകാനായി സ്വാമി പാര്‍ഥസാരഥി തന്നെ ക്ഷണിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചു. പലപ്പോഴും തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ബാബ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം മഥുരയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, താന്‍ പോയില്ല. തുടര്‍ന്ന് അവിടെനിന്ന് എല്ലാസാധനങ്ങളുമെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം നിര്‍ത്തിയിട്ടും സ്വാമിയുമായി ബന്ധമുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ച് തന്നെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അടുപ്പക്കാരായ പല വിദ്യാര്‍ഥികള്‍ക്കും സ്വാമി തന്റെ നമ്പരും വിലാസവും നല്‍കി. അവര്‍ തന്നെ വിളിച്ച് തിരികെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ പിതാവ് അവരെയെല്ലാം അടിച്ചോടിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലൈംഗികാതിക്രമത്തിനിരയായ 17 പെണ്‍കുട്ടികളാണ് സ്വാമി പാര്‍ഥസാരഥിക്കെതിരേ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നത്. എന്നാല്‍, പരാതി നല്‍കിയ സമയത്ത് സ്വാമി ലണ്ടനിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇദ്ദേഹം ആഗ്രയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധകേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വാമി പാര്‍ഥസാരഥി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. സ്വാമി രാജ്യംവിടാതിരിക്കാന്‍ പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് പറഞ്ഞു. 2009-ലും 2016-ലും സ്വാമിക്കെതിരേ ലൈംഗികപീഡന പരാതികളുയർന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് ഇയാൾ നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
Content Highlights: A former student of Swami Parthasarathy`s institute reveals disturbing details of alleged sexual assault. The self-proclaimed godman faces multiple accusations from 17 young women.
Published: 26 Sept 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented