വര്‍ഷം 2008,  ദിവസം മെയ് 15. സ്ഥലം ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള സെക്ടര്‍ 25 വിലെ ജലായു വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ്. നഗരത്തിലെ പ്രമുഖ ഡെന്റിസ്റ്റ് ദമ്പതികളായ രാജേഷ് തല്‍വാറും ഭാര്യ നൂപുര്‍ തല്‍വാറും അവരുടെ ഏകമകള്‍ ആരുഷി തല്‍വാറും വീട്ടുജോലിക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജ് ബെന്‍ജാരെയുമാണ് ഇവിടെ താമസം. പതിമൂന്ന് വയസാണ് ആരുഷിയുടെ പ്രായം. തല്‍വാര്‍ ദമ്പതികളുടെ ഏകമകള്‍. ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു എന്ന് ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കുറിച്ചിട്ട പെണ്‍കുട്ടി. ഡല്‍ഹി മെഡിക്കല്‍ സ്‌കൂളിലെ പഠനകാലത്താണ് നൂപുറും രാജേഷും കണ്ടുമുട്ടുന്നത്. പഠനം പൂര്‍ത്തിയാക്കി രാജേഷും നൂപുറും വിവാഹം കഴിക്കുമ്പോള്‍ ഒന്നിച്ച് തുടങ്ങുന്ന ഒരു ക്ലിനിക്കായിരുന്നു ഇരുവരുടെയും സ്വപ്നം. അതിനായി അവര്‍ ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേയ്ക്ക് താമസം മാറി. അവിടെ 1300 സ്‌ക്വയര്‍ഫീറ്റുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. തുടര്‍ന്ന് സെക്ടര്‍ 27 ലെ ഒരു ക്ലിനിക്കിലും ഫോര്‍ട്ടീസ് ഹോസ്പിറ്റിലുമായി പ്രക്ടീസ് ചെയ്തുവന്നു. തല്‍വാര്‍ ദമ്പതികളുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ അനിത-പ്രഫുല്‍ ദുരാനി ദമ്പതികളാണ് സെക്ടര്‍ 27-ലെ ക്ലിനിക്കില്‍ തല്‍വാര്‍ ദമ്പതികള്‍ക്കൊപ്പം ജോലി ചെയ്യുന്നത്.

To advertise here,

2008 മെയ് 15, ആരുഷിയുടെ ജന്മദിനത്തിന് ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. മകള്‍ക്ക് ജന്മദിനത്തിന് മുമ്പേ സമ്മാനം നല്‍കാന്‍ രാജേഷും നൂപുറും തീരുമാനിച്ചു. മെയ് 15ന് രാത്രി പത്തുമണിക്ക് ഒരുമിച്ച് അത്താഴം കഴിച്ച ശേഷം സോണി 10 മെഗപിക്‌സല്‍ ക്യാമറ തല്‍വാര്‍ ദമ്പതികള്‍ മകള്‍ക്ക് സമ്മാനമായി നല്‍കി. അന്നുരാത്രിയില്‍ ആ ക്യാമറ ഉപയോഗിച്ച് 23 ചിത്രങ്ങള്‍ ആരുഷി എടുത്തു. അവസാനത്തെ ചിത്രം രാത്രി 10:10-നായിരുന്നു. അത്താഴത്തിന് ശേഷം തല്‍വാര്‍ ദമ്പതികള്‍ ഉറങ്ങാന്‍ പോയി. 11 മണിയായപ്പോള്‍ രാജേഷിന് ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടതായി വന്നു. ആരുഷിയുടെ മുറിയിലാണ് ഇന്റര്‍നെറ്റ് റൗട്ടര്‍ ഇരിക്കുന്നത്. റൗട്ടര്‍ ഓണ്‍ ചെയ്ത് നല്‍കാന്‍ നൂപുറിനോട് രാജേഷ് ആവശ്യപ്പെട്ടു. റൗട്ടര്‍ ഓണ്‍ ചെയ്യനെത്തിയ നൂപുര്‍ കണ്ടത് ചേതന്‍ ഭഗത്തിന്റെ 'ത്രീ മിസ്‌റ്റേക്‌സ്' ഓഫ് ലൈഫ് വായിക്കുന്ന ആരുഷിയേയാണ്. നൂപൂര്‍ റൗട്ടര്‍ ഓണ്‍ ചെയ്ത് തിരികെ വന്ന് കിടന്നു. നേപ്പാള്‍ സ്വദേശി ഹോംരാജ് ബെന്‍ജാരെയെ കൂടാതെ ഭാരതിയെന്ന ഒരു വീട്ടുജോലിക്കാരിയും പതിവായി തല്‍വാര്‍ ദമ്പതികളുടെ വീട്ടില്‍ ജോലിക്കായി എത്താറുണ്ടായിരുന്നു. 2008 മെയ് 16-ന് പതിവുപോലെ രാവിലെ 6 മണിക്ക് ഭാരതി തല്‍വാര്‍ ദമ്പതികളുടെ വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചു. രാജേഷും നൂപുറും വൈകി ഉറക്കം ഉണരുന്നവരാണ്. അതുകൊണ്ട് തന്നെ ജോലിക്കാരന്‍ ഹേംരാജാണ് സാധാരണ വാതില്‍ തുറക്കാറ്. എന്നാല്‍ അന്ന് ഹേംരാജ് വാതില്‍ തുറന്നില്ല. ഭാരതി തുടര്‍ച്ചയായി ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറക്കാനെത്തിയില്ല. കുറച്ചു സമയങ്ങള്‍ക്കുശേഷം ഭാരതിയുടെ ബെല്‍ കേട്ട് നൂപുര്‍ പ്രധാനവാതില്‍ തുറന്നു. പുറത്തു നിന്ന് വരുമ്പോള്‍ പ്രധാന വാതിലിനോട് ചേര്‍ന്ന് മൂന്നു വാതിലുകളാണ് തല്‍വാറിന്റെ വീടിന് ഉള്ളത്. ആദ്യം വല ഉപയോഗിച്ചുള്ള വാതിലാണ്, പിന്നെ ഗ്രില്ല്, ഗ്രില്ലിനും വല ഉപയോഗിച്ചുള്ള വാതിലിനും നടുവില്‍ ചെറിയ ഒരു പാസേജ്, അതിനുശേഷം തടി കൊണ്ടുള്ള പ്രധാന വാതില്‍. നൂപുര്‍ അകത്തെ പ്രധാന തടിഡോറും തുറന്നെങ്കിലും ഗ്രില്ല് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹേംരാജ് പാല്‍ വാങ്ങാന്‍ പുറത്തുപോയപ്പോള്‍ പൂട്ടിയിട്ടുപോയതാകമെന്നും വാതില്‍ തുറക്കാന്‍ ഹേംരാജിനോട് പറയാമെന്നും നൂപുര്‍ ഭാരതിയോട് അകത്തു നിന്ന് പറഞ്ഞു. തനിക്ക് കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും വേഗം കതകു തുറക്കണമെന്നും ഭാരതി നൂപുറിനോട് പറഞ്ഞതിനെ തുടര്‍ന്ന് നൂപുര്‍ ബാല്‍ക്കണിയില്‍ നിന്ന് ഭാരതിക്ക് താക്കോല്‍ താഴേയ്ക്ക് ഇട്ട് കൊടുത്തു.

താക്കോല്‍ ഉപയോഗിച്ച് ഗ്രില്‍ ഡോര്‍ തുറന്ന് അകത്തുകയറിയ ഭാരതി കണ്ടത് ആരുഷിയുടെ റൂമിന്റെ മുന്നിലിരുന്നു പൊട്ടിക്കരയുന്ന നൂപുര്‍ തല്‍വാറിനേയാണ്. മേശപ്പുറത്ത് പാതി തീര്‍ന്ന മദ്യക്കുപ്പികള്‍ നോക്കി ആരാണ് ഇത് ഇവിടെ കൊണ്ട് വച്ചതെന്ന് ചോദിച്ച് രാജേഷ് തല്‍വാര്‍ അലറുന്നുണ്ട്. മകളുടെ മുറിയിലേയ്ക്ക് നോക്കി അവനാണ് ആ ഹേംരാജാണ് ഇത് ചെയ്തത് എന്ന് അയാള്‍ ഉറക്കെ പറയുന്നുമുണ്ട്. നൂപുറിന്റെ കരച്ചിലും രാജേഷിന്റെ ബഹളവും കേട്ട് ആരുഷിയുടെ മുറിയില്‍ കയറിയ ഭാരതിയും ഞെട്ടി. അപ്പോള്‍ കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ആരുഷി. ആ രംഗം കണ്ട് ഭാരതി ഭയന്ന് പുറത്തേക്കോടി അയല്‍വാസികളെ വിവരമറിയിച്ചു. വിവരമറിഞ്ഞവര്‍ തല്‍വാറിന്റെ വീട്ടിലേയ്ക്ക് ഓടിയെത്തി. രാവിലെ 7.15 ആയപ്പോള്‍ പോലീസ് സ്ഥലത്ത് എത്തി. അപ്പോള്‍ 50-ല്‍ കൂടുതല്‍ ആളുകളും മാധ്യമപ്രവര്‍ത്തകരും കുറ്റകൃത്യം നടന്നയിടത്ത് ഉണ്ടായിരുന്നു. ഇവര്‍ തല്‍വാറിന്റെ സ്വീകരണമുറിയിലും മാസ്റ്റര്‍ ബെഡ്‌റൂമിലുമടക്കം അശ്രദ്ധമായി കയറിയിറങ്ങിയിരുന്നു. സംഭവം നടന്നതിന് ശേഷം നേപ്പാള്‍ സ്വദേശിയായി ജോലിക്കാരന്‍ ഹേംരാജിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ പോലീസ് അയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്താനായി തല്‍വാറിന്റെ വീട്ടിലെ ടെറസിലേയ്ക്കുള്ള വാതിലിന്റെ താക്കോല്‍ ചോദിച്ച പോലീസിനോട് ഹേംരാജ് ഇപ്പോള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ടാകുമെന്നും ഇവിടെ അന്വേഷിക്കാതെ നേപ്പാളില്‍ പോയി അന്വേഷിക്കെണന്നുമായിരുന്നു രാജേഷ് പറഞ്ഞത്. മാത്രമല്ല ഹേംരാജിനെ പിടികൂടുകയാണെങ്കില്‍ 25000 രൂപ നല്‍കാമെന്നും രാജേഷ്  പോലീസിനോട് പറഞ്ഞു. ഹേംരാജിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും അയാളെക്കുറിച്ചുള്ള യാതൊരു വിവരവും കണ്ടെത്താന്‍ ലോക്കല്‍ പോലീസിനായില്ല.

സംഭവം നടക്കുന്നതിന് ഏഴുമാസം മുമ്പായിരുന്നു തല്‍വാര്‍ കുടുംബത്തിലേ ജോലിക്കാരനായി ഹേംരാജ് എത്തിയത്. തല്‍വാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായുള്ള ജോലിക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി വിഷ്ണു ശര്‍മ്മ അവധിക്കായി പോകുമ്പോള്‍ അയാള്‍ക്കു പരിചയമുള്ള ഒരാളെ പകരം നല്‍കിയിട്ടാണ് പോകാറ്. അത്തരത്തില്‍ വിഷ്ണു ശര്‍മ്മയ്ക്ക് പകരം വന്ന ഒരാളായിരുന്നു ഹേംരാജ് ബെഞ്ചാരെ. ഇയാള്‍ പെട്ടന്ന് തന്നെ തല്‍വാര്‍ കുടുംബത്തിന് പ്രിയങ്കരനായി മാറി. മടങ്ങി വന്ന വിഷ്ണു ശര്‍മ്മയെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഹേംരാജിനെ മതിയെന്നും തല്‍വാര്‍ ദമ്പതികള്‍ പറഞ്ഞു. ഇതോടെ ഹേംരാജ് തല്‍വാര്‍ കുടുംബത്തിലെ സ്ഥിരം ജോലിക്കാരനായി മാറി. സംഭവം നടന്നത് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നയിടത്തായിരുന്നു. മാത്രമല്ല താല്‍വാറിന്റെ കുടുംബം സമൂഹത്തില്‍ ഉയര്‍ന്ന പ്രൊഫൈലുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ കേസ് വളരെ പെട്ടെന്ന് ചര്‍ച്ചയായി. ഉടമസ്ഥന്റെ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ജോലിക്കാരന്‍ നാടുവിട്ടെന്നതാരത്തിലായിരുന്നു ആദ്യ ദിനം വന്ന റിപ്പോര്‍ട്ടുകള്‍. എന്തിനായിരിക്കും ജോലിക്കാരന്‍ ഹേംരാജ് 13 കാരിയായ ആരുഷിയെ കൊലപ്പെടുത്തിയതെന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ തന്നെ കുറ്റകൃത്യം നടന്നയിടത്ത് നിരവധിയാളുകള്‍ കയറിയിറങ്ങയതുമൂലം ഫോറന്‍സിക് തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പോലീസ് കുഴങ്ങിപ്പോയി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച 28 വിരലടയാള സാമ്പിളുകളെല്ലാം ഉപയോഗശൂന്യവുമായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം ആരുഷിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്നവഴി തന്റെ ടെറസ് പരിശോധിക്കണമെന്ന് രാജേഷ് തല്‍വാര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ആ സമയം വീട്ടിലുണ്ടായിരുന്ന ചിലര്‍ ഗോവണിപ്പടിയില്‍ രക്തമുണങ്ങിയ പാടുകള്‍ കണ്ടു. അന്വേഷിച്ച് മുന്‍പോട്ടു പോയപ്പോള്‍ പടികളില്‍ രക്തം പുരണ്ട കാല്‍പ്പാടുകളും ശ്രദ്ധയില്‍പെട്ടു.  അപ്പോഴേക്കും രാജേഷ് തല്‍വാര്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. മകളുടെ കര്‍മങ്ങള്‍ക്കായി പോയ തല്‍വാര്‍ ദമ്പതികളോട് പാതിവഴിയില്‍ വച്ച് തിരികെ വരാന്‍ പോലീസ് ആവശ്യപ്പെട്ടു. ടെറസിന്റെ വാതില്‍ തുറക്കാന്‍ താക്കോല്‍ അന്വേഷിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് പോലീസ് കതക് പൊളിച്ച് ടെറസില്‍ കയറി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ടെറസിലെ കൂളര്‍ പാനലിനു പിന്നിലായി രണ്ട് ദിവസം പഴക്കമുള്ള ജീര്‍ണിച്ചു തുടങ്ങിയ ഒരു പുരുഷന്റെ മൃതദേഹം കിടക്കുന്നു. എന്നാല്‍ അത് ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ല. മടങ്ങിയെത്തിയ രാജേഷ് തല്‍വാര്‍ അത് വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹമാണെന്ന തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് വീടിന് ചുറ്റും വലിയ ജനക്കൂട്ടമുണ്ടായി. ആള്‍ക്കൂട്ടത്തിന് നടുവിലൂടെ പോലീസ് ഹേംരാജിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വലിച്ചുകൊണ്ട് താഴെ എത്തിച്ചു. ആരുഷിയെ കൊലപ്പെടുത്തിയെന്ന് തല്‍വാര്‍ ദമ്പതികള്‍ ആരോപിക്കുന്ന ഹേംരാജിന്റെ മൃതദേഹം രാജേഷ് തല്‍വാറിന്റെ ടെറസില്‍ നിന്ന് കണ്ടെത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇതോടെ കേസിന്റെ സ്വഭാവവും ചിത്രവും മാറി. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എല്ലാ റിപ്പോര്‍ട്ടുകളുടെയും അവസാനം ഒരേഒരുചോദ്യം മാത്രമായിരുന്നു ആരാണ് കൊലയാളി? ആരുഷിയുടെയും ഹേംരാജിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് രണ്ടും പേരും മരിച്ചത് ഒരേദിവസം ഏതാണ്ട് ഒരേസമയത്താണെന്ന് വ്യക്തമായിരുന്നു. ഇതോടെ നോയിഡയിലെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട എണ്ണിയാല്‍ ഒടുങ്ങാത്ത കഥകള്‍ പ്രചരിക്കുവാന്‍ തുടങ്ങി. കേസിനേക്കുറിച്ച് അന്വേഷിക്കാനായി സംഭവ സ്ഥലത്ത് എത്തുന്ന പോലീസിനെ പത്രക്കാര്‍ വളഞ്ഞു. ഈ സമയം ആരുഷി കൊല്ലപ്പട്ടയിടത്തും ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയ ടെറസിലുമടക്കം ആളുകള്‍ അശ്രദ്ധമായി നടക്കുന്നുണ്ടായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ ഇടമെന്ന നിലയില്‍ ആ സ്ഥലം വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. മാത്രമല്ല ക്രൈം സീനിലേക്ക് പ്രവേശിക്കുന്ന നാട്ടുകാരേയോ മറ്റ് ആളുകളെയോ പോലീസ് തടഞ്ഞതുപോലുമില്ല. ഇത് വിരലടയാളമടക്കം ലഭിക്കാന്‍ സാധ്യതയുള്ള ഫോറന്‍സിക് രേഖകള്‍ നഷ്ടമാക്കുന്നതിലേക്കാണ് എത്തിച്ചത്. 

രണ്ട് കൊലപാതകങ്ങള്‍ നടന്നയിടത്ത് തെളിവുകളെല്ലാം പുറത്തുനിന്നുള്ള ആളുകള്‍ കയറിയിറങ്ങി നഷ്ടപ്പെടാനുള്ള അവസരം തുടക്കം മുതല്‍ അറിഞ്ഞോ അറിയാതയോ നോയിഡ പോലീസ് അനുവദിച്ചു നല്‍കി. ഇംഗ്ലീഷ് മാധ്യമങ്ങളും ഹിന്ദി മാധ്യമങ്ങളും മത്സരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഒരുകൂട്ടം ആളുകള്‍ വീട്ടുജോലിക്കാര്‍ കൊലപാതകം നടത്തിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഹേംരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മൂര്‍ച്ചയുള്ള എന്തൊ ഒരു ആയുധം കൊണ്ട് രണ്ടുവട്ടം കഴുത്ത് മുറിച്ചെന്ന് വ്യക്തമായിരുന്നു. തുടക്കത്തില്‍ നോയിഡ പോലീസ് നേപ്പാള്‍ സ്വദേശികളായ ജോലിക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് അന്വേഷണത്തിന്റെ ഗതിമാറി. അച്ഛനും അമ്മും മകളും ജോലിക്കാരനുമുള്ള വീട്. ഒരു രാത്രി വെളുത്തപ്പോള്‍ അതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മകളും മറ്റൊരാള്‍ ജോലിക്കാരനുമാണ്. ആ രാത്രിയില്‍ പുറത്തു നിന്ന് ഒരാള്‍ വീട്ടിലേയ്ക്ക് വരികയോ വീട്ടില്‍ നിന്ന് ആരും പുറത്തേക്ക് പോവുകയോ ചെയ്തിട്ടില്ല. അപ്പോള്‍ കൊലപാതകി വീടിനുള്ളിലാണ്. പോലീസിന്റെ നിഗമനം അത്തരത്തില്‍ പുരോഗമിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ അങ്ങേയറ്റം മികച്ചതായിരുന്നു ഡോക്ടര്‍ ദമ്പതികളുടെ വീട്. പുറത്തു നിന്ന് ഒരാള്‍ക്ക് വീടിനുള്ളിലേക്കുള്ള പ്രവേശനം  പ്രയാസകരമായിരുന്നു. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയ ബെഡ്‌റൂമില്‍ ഒരു പിടിവലി നടന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. നാലുപേരുള്ള അതിസുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ ഉള്ളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ കൊലപാതകങ്ങള്‍ നടത്തിയത് വീടിനുള്ളിലുള്ള ഒരാളാണെന്നും ആ കൊലപാതകി രാജേഷ് തല്‍വാര്‍ ആണെന്നുമുള്ള നിഗമനത്തിലേയ്ക്ക് പോലീസ് അതിവേഗം എത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അത് ഒരു ദുരഭിമാനക്കൊലയാകാം എന്ന് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍ അന്ന് രാത്രി താന്‍ വളരെ നേരത്തെ ഉറങ്ങിയെന്ന് രാജേഷ് തല്‍വാര്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല എസി ഓണ്‍ ചെയ്ത് തങ്ങളുടെ റൂം ലോക്ക് ചെയ്തു കഴിഞ്ഞാല്‍ പുറത്തുനിന്നുള്ള ശബ്ദം ഒന്നും കേള്‍ക്കാന്‍ സാധിക്കില്ലെന്നും തല്‍വാര്‍ ദമ്പതികള്‍ പോലീസിനോട് വ്യക്തമാക്കി. എന്നാല്‍ രാജേഷ് അന്ന് പതിനൊന്നരമുതല്‍ മൂന്നരവരെ ഇന്റര്‍നെറ്റില്‍ ആക്ടീവായിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞതോടെ താന്‍ ഉറങ്ങാന്‍ വൈകിയെന്നായിരുന്നു അയാളുടെ മറുപടി. ചില നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ 2008 മെയ് 23ന് ആരുഷി-ഹേംരാജ് കൊലപാതക കേസില്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാറിനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.

രാജേഷ് അറസ്റ്റിലായത് അറിയിച്ചുകൊണ്ട് ഐ.ജി ഗുരുദര്‍ശന്‍ സിങ്ങ് നടത്തിയ പത്രസമ്മേളനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. പത്രസമ്മേളനത്തില്‍ ഹേംരാജാണ് ആദ്യം കൊല്ലപ്പെട്ടത് എന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഗുരുദര്‍ശന്‍ സിങ്ങ് പറഞ്ഞത് ഇങ്ങനെയായിരുന്നു. രാജേഷ് തല്‍വാറിന് തന്റെ സഹപ്രവര്‍ത്തകയായ ഡോ. അനിത ദുരാനിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നു എന്നും ആരുഷി ഇത് അറിയുകയും ഹേംരാജുമായി ചര്‍ച്ച ചെയ്യുകയും ഈ ചര്‍ച്ച അവര്‍ക്കിടയില്‍ ഒരു ബന്ധം വളര്‍ത്തുകയും ചെയ്തു എന്നും ഈ ബന്ധം സഹിക്കാന്‍ കഴിയാതെയാണ് രാജേഷ് തല്‍വാര്‍ ആരുഷിയേയും ഹേംരാജിനേയും കൊലപ്പെടുത്തിയതെന്നും ആ പത്രസമ്മേളനത്തില്‍ ഗുരുദര്‍ശന്‍ സിങ്ങ് വ്യക്തമാക്കി. കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും രാജേഷിനൊപ്പം ഭാര്യ നൂപുര്‍ തല്‍വാറും കൂട്ടുനിന്നതായി ഇവര്‍ വ്യക്തമാക്കി. ഗുരുദര്‍ശന്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ എന്റെ കുടുംബം പൂര്‍ണമായും തകര്‍ന്നു പോയിരിക്കുന്നു. ഒരു ഭാര്യയും അമ്മയുമെന്ന നിലയില്‍ എന്റെ ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ആരുഷിയുടെ ആത്മാവിന് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നായിരുന്നു രാജേഷിനെ അറസ്റ്റ് ചെയ്തതിന് പിറ്റെന്ന് ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 14 വയസുള്ള ആരുഷിക്ക് വീട്ടിലെ ജോലിക്കാരനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പോലീസിന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. അവള്‍ വളരെ സന്തോഷവതിയായ പെണ്‍കുട്ടിയായിരുന്നു എന്നും മാതാപിതാക്കളുമായി വളരെ നല്ല ബന്ധമായിരുന്നു എന്നും ആരുഷിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായാതോടെ മായാവതി സര്‍ക്കാര്‍ ആരുഷി ഹേംരാജ് കൊലപാതകത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ ഒന്നിന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു. അരുണ്‍ കുമാര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സാധാരണ ദൃക്‌സാക്ഷികള്‍ ഇല്ലാത്തപ്പോള്‍ കേസ് അന്വേഷണത്തെ സഹായിക്കുന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടുകളാണ്. യുപി പോലീസ് സിബിഐയോട് പറഞ്ഞത് അവര്‍ക്ക് ഫിംഗര്‍പ്രിന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച സിബിഐ അക്ഷരാര്‍ഥത്തില്‍ വഴിമുട്ടി. അവര്‍ക്ക് ലഭിച്ച ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നില്ല. അത് പ്രൊഫഷണലായി ശേഖരിച്ച ഫിംഗര്‍ പ്രിന്റുകള്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഫോറന്‍സിക് തെളിവുകള്‍ കേസ് അന്വേഷണത്തെ ഒരുതരത്തിലും സഹായിക്കുമായിരുന്നില്ല.

കുറ്റകൃത്യം നടന്ന സ്ഥലം കൃത്യമായി സംരക്ഷിക്കപ്പെടാതിരുന്നിനാല്‍ ഏറക്കുറെ ഫോറന്‍സിക്ക് തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തിയ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. വാതിലടച്ച് എസി ഓണ്‍ ചെയ്തിരുന്നതിനാല്‍ മകളുടെ മുറിയില്‍ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞില്ലെന്ന തല്‍വാര്‍ ദമ്പതികളുടെ വാദം സത്യമാണോയെന്ന് അറിയാന്‍ സിബിഐ പരീക്ഷണം നടത്തി. പിന്നാലെ തല്‍വാര്‍ ദമ്പതികള്‍ പറഞ്ഞ വിവരം സത്യമാണെന്ന് സിബിഐ വ്യക്തമാക്കി. വൈകാതെ സിബിഐ തല്‍വാറിന്റെ ഡെന്റല്‍ അസിസ്റ്റന്റ് കൃഷ്ണയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. വീട്ടിലും ക്ലിനിക്കിലും നടത്തിയ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിന്റെ ഡ്രൈവര്‍ സി.ബി.ഐയോട് പറഞ്ഞ കാര്യങ്ങര്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് രാജേഷ് തല്‍വാര്‍ തന്നെ അപമാനിച്ചുവെന്നും തനിക്ക് അതിന് പകരം വീട്ടണമെന്നും കൃഷ്ണ ഡ്രൈവറിനോടും ഹേംരാജിനോടും പറഞ്ഞതായി ഡ്രൈവര്‍ വ്യക്തമാക്കി. ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണയെ നാര്‍കോ അനാലിസിസിനും ബ്രെയ്ന്‍മാപ്പിങ്ങിനും വിധയമാക്കിയെങ്കിലും കൃഷ്ണ കൃത്യം ചെയ്തെന്ന് തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ല. എന്നാല്‍ കൃഷ്ണ കുറ്റവിമക്തനാണെന്ന് ഉറപ്പിച്ചു പറയാനും സി.ബി.ഐയ്ക്ക് കഴിഞ്ഞില്ല. ഇരട്ടക്കൊലപാതകങ്ങള്‍ നടത്താനുപയോഗിച്ചത് കുക്രിയെന്ന ആയുധമാണെന്ന് കൃഷ്ണ നാര്‍ക്കോ അനാലിസിസിനിടയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ തല്‍വാറിന്റെ അയല്‍വാസിയുടെ വീട്ടുജോലിക്കാരനായ രാജ്കുമാറിനെയും സിബിഐ നാര്‍ക്കോ അനാലിസിസിന് വിധയമാക്കി. കൃഷ്ണയുടെയും രാജ്കുമാറിന്റെയും വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കൃഷ്ണയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ഒരു തലയിണക്കവറും ഖൂര്‍ക്കകള്‍ ഉപയോഗിക്കുന്ന കത്തിയായ കുക്രിയും സിബിഐ കണ്ടെത്തി. സിബിഐ പ്രധാനമായും സംശയിച്ചിരുന്ന ഡന്റല്‍ അസിസ്റ്റന്‍ഡ് കൃഷ്ണ, നാര്‍ക്കോ അനാലിസിസില്‍ കുറ്റം സമ്മതിച്ചതായും കുറ്റകൃത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറിയതായും അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ അന്വേഷണസംഘം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്കുമാറും കൃഷ്ണയും ഹേംരാജിന്റെ മുറിയില്‍ എത്തുകയും ഇവര്‍ മൂവരും കൂട്ടമായിരുന്നു മദ്യപിക്കുകയും ചെയ്തു. അതിന് തെളിവാണ് ഹേംരാജിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ മദ്യക്കുപ്പികള്‍ എന്ന് സിബിഐ വ്യക്തമാക്കി. റൂമില്‍ മദ്യപിച്ചുകൊണ്ടിരുന്ന മൂവരും ആരുഷിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അവര്‍ ആരുഷിയുടെ മുറിയില്‍ പ്രവേശിച്ച് ആരുഷിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൊലപാതകം നടന്നിരിക്കാം എന്നായിരുന്നു സിബിഐയുടെ വാദം.

placeholder
രാജേഷ് തൽവാറും നൂപുർ തൽവാറും ഗാസിയാബാദിലെ ജെയിൽ നിന്ന് പുറത്തുവരുന്നു. Photo: PTI

സിബിഐയുടെ നിരീക്ഷണം ജോലിക്കാരിലേയ്ക്ക് തിരിയുകയും നോയിഡ പോലീസിന്റെ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിനെതിരേ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ ഗാസിയബാദ് കോടതി 2008 ജൂലൈ 12-ന് രാജേഷ് തല്‍വാറിനെ ജയില്‍മോചിതനാക്കി. രണ്ടു തവണ രാജേഷ് തല്‍വാറിനെ പോളിഗ്രാഫ് പരിേശാധനയ്ക്ക് വിധയമാക്കിയെങ്കിലും ഏതെങ്കിലും തരത്തില്‍ അയാള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ആരുഷിയുടെ മാതാവ് നൂപൂര്‍ തല്‍വാറിനെയും പോളിഗ്രാഫ് ടെസ്റ്റിന് വിധയമാക്കിയെങ്കിലും ഏതെങ്കിലും തരത്തില്‍ കള്ളത്തരം നടന്നതായി കണ്ടെത്താന്‍ സിബിഐയ്ക്കായില്ല. രാജേഷ് തല്‍വാര്‍ ജയില്‍മോചിതനായതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ കൃഷ്ണ താന്‍ നിരപധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും എന്തിനാണ് എല്ലാവരും തന്നെ കുറ്റക്കാരനാക്കുന്നതെന്നും ചോദിച്ച് പൊട്ടിക്കരഞ്ഞു. സഹോദരിയുടെ കൂടെയാണ് നോയിഡയില്‍ കൃഷ്ണ താമസിക്കുന്നത്. കുറ്റകൃത്യം നടന്ന ദിവസം രാത്രി 9 മണിക്ക് കൃഷ്ണ വീട്ടിലെത്തുകയും 10 മണിക്ക് ഉറങ്ങുകയും ചെയ്‌തെന്ന് സഹോദരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ കൃഷ്ണയുടെ പക്കല്‍ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല കൃഷ്ണയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കുക്രിയെന്ന് നേപ്പാളി കത്തിയില്‍ മനുഷ്യരക്തത്തിന്റെ ഒരു തെളിവും ഉണ്ടായിരുന്നുമില്ല. എന്നാല്‍ ജോലിക്കാര്‍ കുറ്റകൃത്യം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കുന്ന ഒന്നും ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 90 ദിവസമെന്ന പരമാവധി കസ്റ്റഡി കാലാവധിക്ക് ശേഷം കുറ്റാരോപിതരായ കൃഷ്ണയേയും രാജ്കുമാറിനെയും ഒരു വകുപ്പും ചുമത്താതെ ജയില്‍ മോചിതരാക്കി. അവര്‍ക്കെതിരെ ഒരു തെളിവുപോലും കണ്ടെത്താനായില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇതോടെ ആരുഷി-ഹേംരാജ് കൊലപാതകത്തില്‍ പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയിടത്ത് തന്നെ വീണ്ടും തിരികെയെത്തി. സിബിഐ ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് സിബിഐ കേസ് അന്വേഷിക്കാനായി സെക്കന്‍ഡ് ടീമിനെ നിയമിച്ചു. എ.ജി.എല്‍ കൗളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു ഇക്കുറിയെത്തിയത്. മുന്‍പുള്ള അന്വേഷണസംഘത്തിന്‍റെ നിഗമനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ക്ലീന്‍ സ്ലേറ്റില്‍ അന്വേഷണം തുടങ്ങാന്‍ സിബിഐയുടെ രണ്ടാമത്തെ ടീം തീരുമാനിച്ചു. എന്നാല്‍ അതേവര്‍ഷം ഡിസംബര്‍ 11 ന്  സിബിഐയുടെ രണ്ടാം അന്വേഷണ സംഘം ജോലിക്കാരെ കുറ്റവിമുക്തരാക്കി കൊണ്ട് കൊലപാതകങ്ങള്‍ നടത്തിയത് മാതാപിതാക്കളാണെന്ന നിഗമനത്തിലെത്തി.

ഗുരുദര്‍ശന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള നോയിഡ പോലീസ് പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു സിബിഐയുടെ രണ്ടാം സംഘവും കണ്ടെത്തിയത്. ആകെ നാലുപേര്‍ ഉള്ള വീട്ടില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ എന്ത് തന്നെ സംഭവിച്ചാലും അത് മാതാപിതാക്കളുടെ അറിവോടെയാണെന്ന അനുമാനത്തില്‍ എ.ജി.എല്‍ കൗളിന്റെ ടീം എത്തി. ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആരുഷിയുടെയും ഹേംരാജിന്റെയും ശരീരത്തില്‍ ഉണ്ടായ മുറിവുകളുടെ വലിപ്പവും രൂപവും പരിശോധിച്ചു. രണ്ട് മുറിവുകളും തമ്മില്‍ സാമ്യമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആരുഷിയുടെ ശരീരം വൃത്തിയാക്കിയിരുന്നു എന്നും വസ്ത്രങ്ങള്‍ മാറ്റി ധരിപ്പിച്ചിരുന്നു എന്നും തെളിഞ്ഞു. ഒടുവില്‍ സിബിഐയുടെ സെക്കന്‍ഡ് ടീം ഇങ്ങനെ ഒരു തീരുമാനത്തിലെത്തി. തല്‍വാര്‍ ദമ്പതികള്‍ ഉറങ്ങാനായി മുറിയില്‍ പ്രവേശിച്ചപ്പോള്‍ പുറത്തു നിന്ന് എന്തൊ ശബ്ദം കേള്‍ക്കുകയും അവര്‍ പുറത്തിറങ്ങി നോക്കുകയും ചെയ്തു. അപ്പോള്‍ ആരുഷിയുടെ മുറി തുറന്നു കിടക്കുകയായിരുന്നു. അകത്തു ചെന്ന രാജേഷ് തല്‍വാര്‍ കണ്ടത് ഹേംരാജിനൊപ്പം അരുതാത്ത സാഹചര്യത്തില്‍ നില്‍ക്കുന്ന മകള്‍ ആരുഷിയേയാണ്. തുടര്‍ന്ന് രാജേഷ് തല്‍വാര്‍ ഇരുവരേയും ഗോള്‍ഫ് സ്റ്റിക്കും കുക്രിയെന്ന നേപ്പാളി കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും ഇതിന് നൂപുര്‍ തല്‍വാറിന്റെ സഹായമുണ്ടായിരുന്നു എന്നും സിബിഐ അഡീഷ്ണല്‍ എസ്പി എ.ജി.എല്‍ കൗള്‍ കോടതിയില്‍ മൊഴി നല്‍കി. ഇതിനെ സാധൂകരിക്കുന്നതിനായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഹേംരാജ് ലൈംഗികബന്ധത്തിലേര്‍പ്പെടുകയോ അതിന് ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍, ആരുഷിയുടെ റൂമില്‍ നിന്ന് ഹേംരാജിന്റെ ഒരു തുള്ളി രക്തമോ, ഡിഎന്‍എയോ കണ്ടെത്താന്‍ സാധിച്ചില്ല. മാതാപിതാക്കളുടെ വസ്ത്രത്തില്‍ നിന്നും ആരുഷിയുടെ രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപാതകം നടത്തിയത് രാജേഷാണെന്ന് പറയുമ്പോഴും അത് തെളിയിക്കാനാവശ്യമായ ഒരു തെളിവും കണ്ടെത്താന്‍ സിബിഐയ്ക്കായില്ല. നാര്‍ക്കോ ടെസ്റ്റുള്‍പ്പെടെ ആറ് പരിശോധനകള്‍ നടത്തിയെങ്കിലും ഇവയില്‍ ഒന്നിലും ഇവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ആരുഷി കൊല്ലപ്പെട്ട രാത്രി തങ്ങള്‍ ഉറങ്ങുകയായിരുന്നു എന്ന തല്‍വാര്‍ ദമ്പതികളുടെ വാദം സിബിഐ നിഷേധിച്ചു. ആരുഷിയും ഹേംരാജും കൊല്ലപ്പെട്ടത് അര്‍ധരാത്രി 2 മണിക്കുള്ളിലായിരുന്നു. അന്ന് രാത്രി 11 മണിമുതല്‍ 3.30 വരെ തല്‍വാര്‍ ദമ്പതികളുടെ വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് റൗട്ടര്‍ ഇരിക്കുന്നത് ആരുഷിയുടെ മുറിയിലാണ്. ആരുഷി കൊല്ലപ്പെട്ടെന്ന് കരുതുന്ന സമയത്തിന് മുമ്പും ശേഷവും റൗട്ടര്‍ ഓണ്‍ ആക്കാനും ഓഫാക്കാനുമായി തല്‍വര്‍ ദമ്പതികളില്‍ ഒരാള്‍ ആരുഷിയുടെ മുറിയില്‍ എത്തിയിട്ടുണ്ട്. ആ രാത്രി അവര്‍ ഉറങ്ങിപ്പോയി എന്നും ഒന്നും അറിഞ്ഞില്ല എന്നും പറയുന്നത് പൂര്‍ണമായും കളവാണെന്ന് ഇതിലൂടെ സിബിഐ വ്യക്തമാക്കി. പവര്‍ക്കട്ട് ഉണ്ടായതുമൂലമാണ് റൗട്ടര്‍ ഓണ്‍ ആകുകയും ഓഫ് ആകുകയും ചെയ്തതെന്ന് തല്‍വാര്‍ പറഞ്ഞെങ്കിലും അന്ന് ആ പ്രദേശത്ത് പവര്‍ക്കട്ട് ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കപ്പെട്ടു. കുറ്റകൃത്യം മൂടിവെയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ സ്വാധിനിക്കാനും തല്‍വാര്‍ ദമ്പതികള്‍ ശ്രമിച്ചിരുന്നു എന്ന് സിബിഐ പറഞ്ഞു.

placeholder
രാജേഷ് തൽവാറും നൂപുർ തൽവാറും.  Photo: PTI

സംഭവം നടന്ന ദിവസം പുറത്തുനിന്ന് ആരും വീട്ടില്‍ വന്നിട്ടില്ലെന്നും അതുകൊണ്ട് തല്‍വാര്‍ ദമ്പതികള്‍ തന്നെയാണ് കുറ്റക്കാരെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. വീടിന്റെ പടികളിലും പൂട്ടുകളിലും പുരണ്ട രക്തം തുടച്ചു നീക്കി, ആരുഷിയുടെ മൃതദേഹത്തിലെ വസ്ത്രം മാറ്റി, മൃതദേഹം വൃത്തിയാക്കി, ഹേംരാജിന്റെ മൃതദേഹം ടെറസില്‍ ഒളിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ തല്‍വാര്‍ ദമ്പതികള്‍ കുറ്റം ചെയ്തു എന്നതിനെ സാധൂകരിക്കുന്നതാണെന്ന് സിബിഐ പറഞ്ഞു. നേപ്പാളി കത്തിയായ കുക്രിയും ഗോള്‍ഫ് വെഡ്ജുകളുമാണ് കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്നായിരുന്നു സിബിഐയുടെ നിഗമനം. രാജേഷ് തല്‍വാറിന്റെ പക്കല്‍ 12 ഗോള്‍ഫ് വെഡ്ജുകള്‍ ഉണ്ടായിരുന്നു, അതില്‍ രണ്ട് എണ്ണം കൂടുതല്‍ വൃത്തിയാക്കപ്പെട്ട നിലയിലായിരുന്നു, അവയില്‍ ഒന്നിന് ക്ഷതമേറ്റിരുന്നു എന്നും സിബിഐ വ്യക്തമാക്കി. ആരുഷിയുടെയും ഹേംരാജിന്റെയും തലയിലേറ്റ മുറിവുകള്‍ ഗോള്‍ഫ് വെഡ്ജുകള്‍ കൊണ്ടുള്ളതാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത് തെളിവായി സിബിഐ നിരത്തി. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രാവിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മദ്യക്കുപ്പിയില്‍ ആരുഷിയുടെയും ഹേംരാജിന്റെയും ഡിഎന്‍.എ സാമ്പിളുകള്‍ ഉണ്ടായിരുന്നതായി സിബിഐ പറഞ്ഞു. എന്നാല്‍ ബോട്ടിലില്‍ ഉള്ള അഞ്ച് വിരലടയാളങ്ങളില്‍ ഒന്നുപോലും തല്‍വാര്‍ ദമ്പതികളുടേതുമായി സാമ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. ടിവിയുടെ റിമോര്‍ട്ട്, ചുമരുകള്‍, ആരുഷിയുടെ ബെഡ്ഷീറ്റ് തുടങ്ങിയ വീട്ടിലെ 24 ഭാഗങ്ങള്‍ പരിശോധിച്ചതില്‍ ഒന്നിലും ഹേംരാജിന്റെ ചോരപ്പാടോ ഡിഎന്‍എ സാമ്പിളോ കണ്ടെത്താനായില്ല. ഇക്കാരണങ്ങളാല്‍ തല്‍വാര്‍ ദമ്പതികള്‍ വ്യക്തമായ ഉദ്ദേശത്തോടെ കൊലപാതകം നടത്തുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു. 2013 നവംബര്‍ മാസം ആരുഷി-ഹേംരാജ് വധക്കേസില്‍ അച്ഛനമ്മമാര്‍ക്ക് ഗാസിയബാദിലെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് വിലയിത്തിക്കൊണ്ടാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. സിബിഐയുടെ 'അവസാനം കാണപ്പെട്ട' എന്ന സിദ്ധാന്തം പ്രകാരം,  അതായത് ഇരയെ അവസനമായി ആരുടെ കൂടെ കണ്ടു എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് രണ്ട് പേര്‍ക്കും അഞ്ചുവര്‍ഷം തടവുശിക്ഷ കൂടി വിധിച്ചു. പ്രതികള്‍ കുറ്റവാളികളാണെന്ന് സംശയാധിതമായി തെളിഞ്ഞതായി വിധി പ്രഖ്യാപിച്ചുകൊണ്ട് സിബിഐ പ്രത്യേക കോടതി ജഡ്ജി ശ്യംലാല്‍ പറഞ്ഞു. ആരുഷിയെയും ഹേംരാജിനെയും പലതവണ ക്രൂരമായി മുറിവേല്‍പ്പിച്ചു എന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ശക്തമായ പ്രകോപനത്തില്‍ നിന്ന് പെട്ടന്നുണ്ടായ പ്രവര്‍ത്തനമാണെന്നും പ്രതികേളാട് ദയവുണ്ടാകണമെന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ പ്രതികരണം.

placeholder
രാജേഷ് തൽവാറിന്റെയും നൂപുറിന്റെയും അഭിഭാഷകർ മാധ്യമങ്ങളോട് സംസാരിക്കുന്നു. Photo: PTI

ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി വിധി പറയാന്‍ കോടതി പരിഗണിച്ചത് 26 സാഹചര്യങ്ങളായിരുന്നു. അവ ഇതാണ്, തല്‍വാര്‍ ദമ്പതികള്‍ ആരുഷിക്കൊപ്പം അവസാനമായി കണ്ടത് കൊല്ലപ്പെടുന്നതിന് തലേദിവസം 2008 മെയ് 15-ന് രാത്രി 9.30 ന് ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. മെയ് 16 ന് രാവിലെ ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെയ് 17ന് ഹേംരാജിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയില്‍ ആരുഷി കൊല്ലപ്പെട്ട വീടിന്റെ ടെറസില്‍ കണ്ടെത്തി. ടെറസിലേയ്ക്കുള്ള വാതില്‍ അകത്തുനിന്നു പൂട്ടി താക്കോല്‍ നഷ്ടമായ നിലയിലായിരുന്നു. ആരുഷിയുടെ കിടപ്പുമുറിയുടെ വാതില്‍ ഓട്ടോമാറ്റിക് ലോക്കാണ്. 11.30 ന് വാതില്‍ പുറത്തു നിന്ന് പൂട്ടിയാണ് താന്‍ ഉറങ്ങാന്‍ പോയതെന്ന് രാജേഷ് തല്‍വാര്‍ അന്നത്തെ എസ്.പി മഹേഷ് കുമാര്‍ മിശ്രയോട് പറഞ്ഞിരുന്നു. താക്കോല്‍ ഇല്ലാതെ വാതില്‍ പുറത്തു നിന്ന് തുറക്കാന്‍ കഴിയില്ല, എന്നാല്‍ അകത്തു നിന്ന് തുറക്കാന്‍ സാധിക്കും. രാത്രി മുഴുവന്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനര്‍ത്ഥം വീട്ടില്‍ ഒരാളെങ്കിലും ഉറങ്ങിയിട്ടില്ലെന്നതാണ്. രാത്രി 9.30ന് ശേഷം പുറത്തു നിന്നാരും വീട്ടിലേയ്ക്ക് വന്നിട്ടില്ല. വാതില്‍ പുറത്തു നിന്ന് പൂട്ടി ഹേംരാജ് പാല്‍ വാങ്ങാന്‍ പോയി എന്ന് നൂപുര്‍ ഭാരതിയോട് പറഞ്ഞത് സംശയം ജനിപ്പിക്കുന്നതാണ്. പുറമേ നിന്ന് ഒരാള്‍ക്ക് ഒറ്റയ്ക്ക് ഹേംരാജിന്റെ മൃതദേഹം ടെറസിലേയ്ക്ക്  കൊണ്ടുപോകാന്‍ സാധിക്കില്ല. കുറ്റകൃത്യം നടന്ന ശേഷമാണ് ടെറസിന്റെ വാതില്‍ അകത്തുനിന്ന് അടച്ചത്. ഇതിന്റെ താക്കോല്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ പോലീസിന് നല്‍കിയില്ല. പുറമെ നിന്നുള്ളയാളാണ് കുറ്റകൃത്യം നടത്തിയതെങ്കില്‍ അയാള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും സ്ഥലം വൃത്തിയാക്കാനും കഴിയില്ലെന്നും അതുകൊണ്ട് തന്നെ പതിമൂന്നുകാരിയായ മകളും 45 കാരനായ വീട്ടുജോലിക്കാരനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ചാണ് തല്‍വാര്‍ ദമ്പതികള്‍ കൊലപാതകം നടത്തിയതെന്ന് സിബിഐ പറഞ്ഞു. സുപ്രധാനതെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടതായും ഇവര്‍ വ്യക്തമാക്കി.

സ്വന്തം മകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ മാതാപിതാക്കള്‍ സ്വഭാവികമായും മകളുടെ ശരീരം വേദനയോടെ ചേര്‍ത്ത് പിടിച്ചു കരഞ്ഞിട്ടുണ്ടാകും ഇത് ഇവരുടെ വസ്ത്രത്തില്‍ ചോര പുരളാനിടയാക്കും എന്നാല്‍ ഈ കേസില്‍ ഇരുവരുടെയും വസ്ത്രത്തില്‍ ആരുഷിയുടെ രക്തക്കറ കണ്ടെത്താന്‍ സാധിച്ചില്ല എന്നത് അസ്വഭാവിമാണെന്നും കോടതി നിരീക്ഷിച്ചു. ദൃക്‌സാക്ഷികള്‍ ഒന്നും ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു രക്ഷിതാക്കളെക്കുറ്റക്കാരനായി വിധിച്ചത്. 2013 നവംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ ഇവര്‍ ജയിലിലായിരുന്നു. എന്നാല്‍ 2017 ഒക്ടോബറില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തില്‍ കോടതി ഇരുവരേയും വെറുതെവിട്ടു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ ശിക്ഷിക്കാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പ്രതികള്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി ഇരുവരെയും വെറുതെവിട്ടു.

10 വര്‍ഷം നീണ്ട അന്വേഷണത്തിലും ആരുഷി-ഹേംരാജ് കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കൊന്നുമായില്ല. ഈ സാഹചര്യം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. കോടതി വെറുതെവിട്ട മാതാപിതാക്കള്‍ യഥാര്‍ഥ കുറ്റവാളികളായിരുന്നോ? അങ്ങനെയെങ്കില്‍ മരണം നടന്ന ഉടനെ വീട്ടില്‍ തടിച്ചുകൂടിയ ജനങ്ങള്‍ സംഭവസ്ഥലത്ത് കയറിയിറങ്ങിയത് അതിവിദഗ്ധമായി തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കുമോ? അവര്‍ക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ മറ്റാരാണ് ഇത് ചെയ്തത്? കുറ്റകൃത്യം നടന്നയിടം സംരക്ഷിക്കുന്നതില്‍ തുടക്കം മുതല്‍ നോയിഡ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായ അനാസ്ഥ യഥാര്‍ത്ഥത്തില്‍ ബോധപൂര്‍വമായിരുന്നോ? അങ്ങനെയെങ്കില്‍ അത് ആര്‍ക്കുവേണ്ടിയാണ്? എന്തുകൊണ്ട് തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടു, മരണശേഷം ആരുഷിയുടെ ശരീരം വൃത്തിയാക്കിയത് ആരാണ്? എന്തുകൊണ്ട് ലോക്കല്‍ പോലീസിനും സിബിഐയുടെ രണ്ട് ടീമുകള്‍ക്കും പ്രതിയിലേക്ക് എത്താന്‍ സാധിച്ചില്ല. ചോദ്യങ്ങള്‍ തുടരുകയാണ് കാരണം ആരുഷി- ഹേംരാജ് കൊലപാതകം രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ നിഗുഢതയാണ്, അത് ആരുഷി കൊല്ലപ്പെട്ട അടച്ചിട്ട മുറിപോലെ തന്നെ ദുരൂഹമായി തുടരുന്നു.