
ഒരാളോട് ആകർഷണവും സ്നേഹവും തോന്നുന്നത് തെറ്റല്ല. എന്നാൽ ആ അഭിനിവേശം പരിധികടന്നാലോ. അത് ജീവിതം നശിപ്പിച്ചേക്കാം. അത്തരത്തിലുള്ള മൂന്ന് ജീവിതങ്ങളെക്കുറിച്ചുള്ള കഥയാണിത്. അമേരിക്കയിലെ നെബ്രാസ്കയിലെ ഒമാഹ എന്ന ടൗണിലെ ഡേവ് ക്രൗപ എന്ന യുവാവാണ് കഥയിലെ നായകൻ. ഡേറ്റിങ് വെബ്സൈറ്റിൽ നിന്ന് രണ്ട് സ്ത്രീകളെ പരിചയപ്പെട്ടതാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്. സ്ത്രീകളിൽ ഒരാളുടെ തിരോധാനം, അതെ തുടർന്നുണ്ടായ വധഭീഷണി, നീണ്ട കാലത്തെ മാനസിക പീഡനം... ഡേവിന്റെ പരാതിയെ തുടർന്നുണ്ടായ പോലീസ് അന്വേഷണം തുമ്പ് കണ്ടെത്താതെ വഴിമുട്ടി. ദിവസങ്ങൾ പോകെ പോകെ ഡേവിന്റെ മുന്നോട്ടുള്ള ജീവിതം കൂടുതൽ കലുഷിതമായി, ഒരടി പോലും മുന്നോട്ട് പോകാനാവാത്ത അവസ്ഥയായി. ദീർഘകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ സത്യം മറനീക്കി പുറത്തുവന്നു. സിനിമാ കഥകളെ വെല്ലുന്ന സംഭവവികാസങ്ങൾക്കാണ് ഡേവിഡും അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷിയായത്.
ഡേവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലിസ്
Also Read
വർഷം 2012, വിവാഹമോചനത്തിന് ശേഷം ഒമാഹയിലേക്ക് ജീവിതം പറിച്ചുനടുകയാണ് ഡേവ്. ജീവിത പങ്കാളിയായിരുന്ന എമി ഫ്ലോറയുമായി പരസ്പരധാരണയോടെയാണ് അയാൾ വേർപിരിഞ്ഞത്. ഈ ബന്ധത്തിലുണ്ടായിരുന്ന രണ്ടു കുട്ടികൾ എമിയ്ക്കൊപ്പമായിരുന്നു. ഒമാഹയിൽ ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങിയാണ് ഡേവിഡ് പുതിയ ജീവിതത്തിന് തുടക്കമിട്ടത്. ഒഴിവുദിവസങ്ങളിൽ അദ്ദേഹം മുൻപങ്കാളിയുടെ വീട്ടിലെത്തി മക്കൾക്കൊപ്പം സമയം ചെലവഴിക്കും. ജീവിതം ശാന്തവും സന്തോഷകരവുമായി മുന്നോട്ട് പോകുകയാണെങ്കിലും ചില അവസരങ്ങളിൽ ഏകാന്തത ഡേവിനെ അൽപ്പം വിഷമിപ്പിച്ചിരുന്നു. അതിനെ മറികടക്കാനായി ഡേറ്റിങ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. ഗൗരവകരമായ പ്രണയബന്ധത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഡേവ് വെബ്സൈറ്റിൽ അക്കൗണ്ട് തുറന്നത്. തുറന്ന് സംസാരിക്കാനും സമയം ചെലവഴിക്കാനും തയ്യാറുള്ള ഒരാളായിരിക്കണം. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത്. പരസ്പരം കടിഞ്ഞാണുകളില്ലാത്ത സ്വതന്ത്രമായ ഒരു ബന്ധം.
ദിവസങ്ങൾ പിന്നിട്ടപ്പോൾ ഷാന എലിസബത്ത് ഗോൾയാർ എന്ന യുവതിയുടെ റിക്വസ്റ്റ് ഡേവിനെ തേടിയെത്തി. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന അവർ ലിസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കടുത്ത മൃഗസ്നേഹിയായിരുന്ന ലിസ് രണ്ടു നായ്ക്കളെയും ഒരു പൂച്ചയും ഒരു പാമ്പിനെയും വളർത്തിയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ലിസിന്റെ വ്യക്തിത്വത്തോട് ഡേവിഡിന് വലിയ ആകർഷണം തോന്നി. എന്നിരുന്നാലും ഗൗരവകരമായ ഒരു ബന്ധത്തിന് തനിക്ക് താൽപര്യമില്ലെന്ന് ഡേവ് ആദ്യമേ തുറന്ന് പറഞ്ഞു. താനും ഒരു കമ്മിറ്റഡ് റിലേഷൻഷിപ്പിന് തയ്യാറല്ലെന്ന് ലിസും മറുപടി പറഞ്ഞു. തങ്ങൾക്കിടയിലെ ബന്ധം മറ്റു വ്യക്തികളുമായി ഡേറ്റിങ് നടത്തുന്നതിന് തടസ്സമില്ലെന്നും യാതൊരു നിബന്ധനകളുമില്ലെന്നുമുള്ള വ്യവസ്ഥ ഇരുവരും അംഗീകരിച്ചു. യാതൊരു സങ്കീർണതകളുമില്ലാതെ ലിസുമായുള്ള ഡേവിന്റെ ബന്ധം മുന്നോട്ടുപോയി. ഒഴിവുള്ള സായാഹ്നങ്ങളിൽ ഇരുവരും കണ്ടുമുട്ടും രാത്രികൾ ഒരുമിച്ച് ചെലവഴിക്കും. മിക്കപ്പോഴും ഡേവിഡിന്റെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കാരിയുടെ രംഗപ്രവേശം
ഒരു ദിവസം വർക്ക് ഷോപ്പിൽ തിരക്കിട്ട ജോലിയിലായിരുന്നു ഡേവ്. അതിനിടെ ഒരു സ്ത്രീ കാറുമായി സഹായം തേടി വരുന്നു. കാരി ഫാർവെർ എന്ന് പരിചയപ്പെടുത്തിയ സത്രീ, കാറിനെന്തോ തകരാറുണ്ടെന്ന് പറഞ്ഞു. സംസാരിച്ച് തുടങ്ങി കുറച്ചുസമയങ്ങൾക്കുള്ളിൽ ഡേവിന് കാരിയുടെ സംസാരവും പെരുമാറ്റവും ഇഷ്ടമായി. നന്ദി പറഞ്ഞു, പണം നൽകി കാറുമായി മടങ്ങുമ്പോൾ പിന്നീട് ഒരിക്കലും അവരെ കണ്ടുമുട്ടുമെന്ന് ഡേവ് കരുതിയില്ല. കുറച്ചുനാളുകൾക്ക് ശേഷം ഡേറ്റിങ് വെബ്സൈറ്റിൽ പ്രൊഫൈലുകൾ പരതുന്നതിനിടെ വർക്ക് ഷോപ്പിൽ അന്ന് കണ്ടുമുട്ടിയ സ്ത്രീയുടെ പ്രൊഫൈൽ ഡേവിന്റെ ശ്രദ്ധയിൽപ്പെട്ടു. റിക്വസ്റ്റ് അയച്ചതിന് ശേഷം ഇരുവരും സംസാരിക്കാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ഒരു റസ്റ്ററന്റിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. അമ്മയ്ക്കും മകനുമൊപ്പമാണ് അവർ താമസിക്കുന്നത്. നന്നായി സംസാരിക്കുന്ന, നർമബോധമുള്ള, മറ്റുള്ളവരോട് കരുതലുള്ള വ്യക്തിയായിരുന്നു കാരി. തന്റെ ഭൂതകാലത്തെക്കുറിച്ച് കാരിയോട് തുറന്ന് സംസാരിക്കാൻ ഡേവിന് യാതൊരു സങ്കോചവും തോന്നിയില്ല. ഒഴിവ് ദിവസങ്ങളിൽ കാരിയെ ഡേവ് കണ്ടുമുട്ടും. ലിസിനെ പരിചയപ്പെട്ടപ്പോഴുള്ള അതേ നിബന്ധനകളാണ് ഡേവ് കാരിയ്ക്ക് മുന്നിൽ വച്ചത്. അവർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. ഡേവിനെ ഒരിക്കൽ കാരി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. താനും ഡേവും ഡേറ്റ് ചെയ്യുകയാണെന്നും അതിനപ്പുറമൊന്നുമില്ലെന്നും കാരി അമ്മയോട് പറഞ്ഞു.
ഒരു ദിവസം കാരിയ്ക്കൊപ്പം ഡേവ് സ്വന്തം ഫ്ളാറ്റിൽ സംസാരിച്ച് ഇരിക്കുന്ന അവസരത്തിൽ അപ്രതീക്ഷിതമായി ലിസ് അവിടെ വന്നു. മറന്നുവച്ച വസ്ത്രങ്ങൾ എടുക്കാനായി വന്നതാണെന്നായിരുന്നു ലിസ് പറഞ്ഞത്. ലിസിനെ അകത്തേക്ക് ക്ഷണിച്ച ഡേവ് കാരിയെ പരിചയപ്പെടുത്തി. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുകയും വസ്ത്രമെടുത്ത ഉടനെ ലിസ് യാത്ര പറഞ്ഞ് ഇറങ്ങുകയും ചെയ്തു. ദിവസങ്ങൾ മുന്നോട്ടുപോകവെ കാരിയുമായി ഡേവ് നന്നായി അടുത്തു. തനിക്കൊപ്പം ഏതാനും ദിവസം താമസിക്കാൻ കാരിയെ ഡേവ് ക്ഷണിക്കുകയും ചെയ്തു. ജോലിയുടെ ഭാഗമായി ഒരു വലിയ പ്രൊജക്ട് ചെയ്യുകയായിരുന്നു ആ സമയം കാരി. ഡേവിന്റെ ഫ്ളാറ്റിന് സമീപമായിരുന്നു കാരിയുടെ ഓഫീസ്.
കാരിയുടെ തിരോധാനവും ഭീഷണികളും
2012 നവംബർ 12, ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് കാരി. യാത്ര പറഞ്ഞ്, വൈകുന്നേരം കാണാമെന്ന് വാക്ക് നൽകി കാരി വീട്ടിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡേവ് തന്റെ ജോലിയുടെ ഭാഗമായി വർക്ക്ഷോപ്പിലേക്ക് പുറപ്പെട്ടു. മണിക്കൂറുകൾ പിന്നിടുമ്പോൾ ഡേവിന് കാരിയുടെ ഒരു സന്ദേശം ലഭിക്കുന്നു. ഞാൻ താങ്കൾക്കൊപ്പം സ്ഥിരമായി താമസിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അത് വേണ്ടെന്നും കാഷ്വലായ ഒരു ബന്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ തനിക്കിപ്പോൾ സാധിക്കില്ലെന്നും ഡേവ് മറുപടി പറഞ്ഞു.'എനിക്ക് നിങ്ങളെ ഇനി കാണേണ്ട, ഞാൻ നിങ്ങളെ വെറുക്കുന്നു, എന്റെ ജീവിതം നശിപ്പിച്ചു', എന്ന് കാരി മറുപടി നൽകി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഡേവ് പരിഭ്രാന്തനായി. കാരിയെ ഫോണിൽ വിളിക്കുമ്പോൾ ലഭിക്കുന്നില്ല. വൈകുന്നേരം ഡേവ് വീട്ടിലെത്തിയപ്പോൾ കാരിയുടെ അമ്മ നാൻസി ഡേവിനെ വിളിച്ചു. ജോലിയുടെ ഭാഗമായി കാൻസാസിലേക്ക് താമസം മാറുകയാണെന്നും 15 വയസ്സുള്ള മകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്നും പറഞ്ഞുകൊണ്ട് കാരി തനിക്ക് ഒരു സന്ദേശം അയച്ചുവെന്നും എന്താണ് സംഭവിക്കുന്നതെന്നും നാൻസി ഡേവിനോട് ചോദിച്ചു. തലേദിവസവും അന്ന് രാവിലെ സംഭവിച്ച കാര്യങ്ങളുമെല്ലാം നാൻസിയോട് ഡേവ് തുറന്ന് പറഞ്ഞു. കാരി എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നുവെന്ന് മനസ്സിലാകുന്നില്ല എങ്കിലും പെട്ടന്നുള്ള ദേഷ്യം കൊണ്ട് പറഞ്ഞതായിരിക്കുമെന്നും ഡേവ് സ്വയം ആശ്വസിച്ചു.
എന്നാൽ കാരിയുടെ അമ്മയുടെ പരിഭ്രാന്തി വർധിച്ചുകൊണ്ടേയിരുന്നു. കാരണം മറ്റൊന്നുമല്ല, സഹോദരന്റെ വിവാഹത്തിലും പിതാവിന്റെ ഓർമദിനത്തിലും കാരി പങ്കെടുത്തില്ല. ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തനിക്ക് ആരോടും ഒന്നും പറയാനില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു മറുപടി. ഫോണിന്റെ ലൊക്കേഷൻ ട്രേസ് ചെയ്തുള്ള അന്വേഷണം എവിടെയത്തും എത്തിയില്ല. അതേസമയം കാരിയുടെ കാർ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഈ സമയത്തെല്ലാം ഡേവിന് വ്യത്യസ്ത നമ്പറുകളിൽ നിന്ന് കാരിയുടെ സന്ദേശം ലഭിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം ഭയപ്പെടുത്തുന്ന ഈമെയിലുകളും. നീ എന്റെ ജീവിതം നശിപ്പിച്ചു, ഇനി നിന്റെ ജീവിതം ഞാനും ഇല്ലാതാക്കും എന്ന് അർഥം വരുന്ന സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഓരോന്നായി ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ സമ്പറുകളിൽ നിന്ന് ഭീഷണികൾ വരും. ചില ദിവസങ്ങൾ യാതൊരു ശല്യവുമില്ലാതെ കടന്നുപോകും. എന്നാൽ, പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവരും. ഫോൺ നമ്പർ മാറ്റി നോക്കിയെങ്കിലും ഫലമുണ്ടായില്ല. കാരിയുടെ ഭീഷണി കടുത്തതോടെ ഡേവ് കടുത്ത മാനസിക സംഘർഷത്തിലായി. ജോലിയിൽ ശ്രദ്ധയില്ലാതായി. ആരോഗ്യം നശിച്ചു. ജീവിതം ഇല്ലാതായ അവസ്ഥയായി. മാസങ്ങൾ പതിയെ കടന്നുപോയി.
ഭീഷണി ലിസ്സിലേക്ക്.. വീട്ടിലെ തീപിടിത്തം
ഒരു ദിവസം ലിസ് പരിഭ്രാന്തയായി ഡേവിന്റെ ഫ്ലാറ്റിലെത്തി. തനിക്ക് കാരിയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നും ഭയം തോന്നുവെന്നും ലിസ് പറഞ്ഞു. തനിക്ക് ലഭിച്ച സന്ദേശങ്ങളും ലിസ് ഡേവിന് കൈമാറി. കുടുംബത്തോടെ ഇല്ലാതാക്കുമെന്നും കൊല്ലുമെന്നുമാണ് ആ സന്ദേശങ്ങളുടെ രത്നച്ചുരുക്കം. താൻ കാരണം മറ്റൊരാൾ കൂടി അപകടത്തിലാകുന്നത് ഡേവിനെ കൂടുതൽ സംഘർഷത്തിലാക്കി. നിവൃത്തിയില്ലാതായപ്പോൾ കാരിയുടെ പേരിൽ പരാതി നൽകി. പോലീസിനെ അറിയിച്ചത് കൂടുതൽ പ്രകോപനമാണുണ്ടാക്കിയത്. ഡേവിന്റെ മുൻ ജീവിത പങ്കാളി എമിയെയും മക്കളെയും കൊന്നുകളയുമെന്ന് പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങൾ ലഭിച്ചുകൊണ്ടേയിരുന്നു. അതോടെ ഡേവ് പോലീസിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. എന്നാൽ എത്ര അന്വേഷിച്ചിട്ടും പോലീസിന് കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു ദിവസം നഗരത്തിൽ ഷോപ്പിങ്ങിന് പോയ ലിസിന് എമർജൻസി വിഭാഗത്തിൽ നിന്ന് ഒരു കോൾ വന്നു. ലിസ് താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് തീവരുന്നത് കണ്ട് അയൽക്കാർ പോലീസിനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഭാഗ്യവശാൽ ലിസിന്റെ മക്കൾ സ്കൂളിലായിരുന്നു. എന്നാൽ അവർ ഓമനിച്ച് വളർത്തിയിരുന്ന നായ്കുട്ടികളും പൂച്ചയും ഉൾപ്പെടെ എല്ലാത്തിന്റെ ജീവൻ തീയിൽ കത്തിയമർന്നു. ഇത് ലിസിന് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ ഡേവിന് ഒരു സന്ദേശം വന്നു; 'കണ്ടില്ലേ, എനിക്ക് എന്തും സാധിക്കും. ലിസിനെ മാത്രമല്ല നീ ആരുമായി ബന്ധം പുലർത്തുന്നുവോ അവരയെല്ലാം നശിപ്പിക്കും. നിനക്കിന് മനസ്സമാധാനത്തോടെ ജീവിക്കാനാകില്ല.'
കാരിയുടെ ഭീഷണി കടുക്കുന്നു
ലിസിന് ഈ അവസ്ഥ വന്നതിന്റെ കുറ്റബോധത്തിൽ ഡേവ് മാനസികമായി തകർന്നു. പ്രായശ്ചിത്തമെന്നോണം ഡേവ് ലിസിനെ സ്വന്തം ഫ്ലാറ്റിലേക്ക് താമസിക്കാൻ ക്ഷണിച്ചു. എന്നാൽ തനിക്ക് സംഭവിച്ച ദുരന്തത്തിന്റെ പേരിൽ ലിസ് ഡേവിനെ കുറ്റപ്പെടുത്താനൊന്നും പോയില്ല. ഈ സംഭവത്തിന് ശേഷം ലിസുമായി മാനസികമായി ഡേവ് അടുത്തുവെങ്കിലും എമിയുടെയും മക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ഭയം വേട്ടയാടി. ഒരു ദിവസം വർക്ക് ഷോപ്പിൽ നിന്ന് ഡേവ് മടങ്ങിയെത്തിയപ്പോൾ അപ്പാർട്ട്മെന്റിലെ ജനാലകളുടെ ചില്ലുകൾ തകർക്കപ്പെട്ട നിലയിലായിരുന്നു.

ലിസിന്റെ വീട്ടിൽ നടന്ന അപകടത്തിന് ശേഷമാണ് പോലീസ് ഈ കേസിനെ കുറച്ചുകൂടി ഗൗരവത്തോടെയെടുക്കുന്നത്. അപ്പോഴേക്കും കാരി അപ്രത്യക്ഷയായിട്ട് രണ്ടര വർഷം പിന്നിട്ടു. ഡിറ്റക്ടീവ് റയാൽ അൽവിസ്, ജിം ഡോട്ടി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. കാരിയുടെ ഭൂതകാലം ചികഞ്ഞപ്പോൾ സംശയിക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. കാരിയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അമ്മ നാൻസിയും ഉറപ്പിച്ചു പറഞ്ഞു. ഡേവിനോട് ഇത്രയും അഭിനിവേശം ഉണ്ടെങ്കിൽ കാരി എന്തിന് വർഷങ്ങളോളം മറഞ്ഞിരിക്കണം? കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് കാരി അയാളുടെ വീട് വിട്ടിറങ്ങിയത്. ഇതെല്ലാമായിരുന്നു പോലീസിനെ കുഴക്കിയ ചോദ്യങ്ങൾ?
ലിസിന് വെടിയേൽക്കുന്നു...
ഒരു ദിവസം എമർജൻസി നമ്പറിലേക്ക് ഒരു കോൾ വന്നു. ലിസ് ആയിരുന്നു മറുതലയ്ക്ക്. അവർ ഉറക്കെ കരയുന്നുണ്ടായിരുന്നു. നാഷ്ണൽ പാർക്കിൽ ജോഗിങ്ങിന് പോയപ്പോൾ വെടിയേറ്റെന്നും താനിപ്പോൾ മരിച്ചുപോകുമെന്നും ലിസ് പറഞ്ഞു. പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി. ലിസിന് കാലിലാണ് വെടിയേറ്റിരുന്നത്. രക്തം വാർന്നൊഴുകുകയാണ്. ഒരു സ്ത്രീയാണ് തന്നെ വെടിവെച്ചതെന്നും അവർ ഓടിമറഞ്ഞുവെന്നും ലിസ് പറഞ്ഞു. ആശുപത്രിയിലെത്തിയ ശേഷം ലിസ് ഒരു സംശയം പ്രകടിപ്പിച്ചു, തന്നെ വെടിവച്ചത് കാരിയല്ല, ഡേവിന്റെ മുൻജീവിത പങ്കാളി എമിയാണ്. കാരിയുടെ പേരിൽ ഇത്രയും കാലം തന്നെയും ഡേവിനെയും ഉപദ്രവിച്ചത് എമിയാണെന്ന് കരുതുന്നു. ഡേവിനെ തിരികെ ലഭിക്കാനായിരിക്കാം അത്. പോലീസ് ഉടൻ തന്നെ എമിയുടെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ എമി ഈ സംഭവം നടന്ന സമയത്ത് വിടുവിട്ടു പുറത്തിറങ്ങിയിട്ടില്ല. സുഹൃത്തുക്കൾക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. ലിസ് പറയുന്നത് തെറ്റിദ്ധാരണ മൂലമാകാമായിരിക്കുമെന്ന് എമി പോലീസിനോട് പറഞ്ഞു.
ലിസിനെ ചികിത്സിച്ച ഡോക്ടർമാർ പോലീസിനോട് ഒരു സംശയം പങ്കുവച്ചു. അവരുടെ കാലിനേറ്റ മുറിവ് ദൂരെ നിന്ന ഒരാൾ വെടിവെച്ചതാണെന്ന് തോന്നുന്നില്ല. ക്ലോസ് റേഞ്ചിൽ തോക്ക് ഉപയോഗിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള ഒരു മുറിവുണ്ടാകൂ. ലിസിന്റെ മൊഴി അനുസരിച്ച് ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് വെടിയുതിർത്തിരിക്കുന്നത്. അതിലെന്തോ അസ്വാഭാവികതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഈ വെളിപ്പെടുത്തൽ ഒരു വലിയ വെളിപാടായിരുന്നു.
സ്വന്തം കാറിലാണ് കാണാതാകപ്പെട്ട ദിവസം കാരി ഡേവിന്റെ ഫ്ലാറ്റിൽ നിന്നിറങ്ങിയത്. പിന്നീട് അപ്രത്യക്ഷയാവുകയും കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. കാറിൽ തിരഞ്ഞാൽ എന്തെങ്കിലും സൂചന ലഭിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർക്ക് തോന്നി. അതൊരു വഴിത്തിരിവായിരുന്നു. കാരിയുടെ കാറിലെ പാസഞ്ചർ സീറ്റിൽ കറപോലുള്ള പാടുകളുണ്ടായിരുന്നു. സീറ്റിന് മുകളിലുള്ള കവർ മാറ്റിയപ്പോൾ രക്തക്കറ പോലെ ബ്രൗൺനിറത്തിലുള്ള പാടുകൾ കട്ടപിടിച്ചിരിക്കുന്നു. അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ രക്തക്കറ കാരിയുടേതാണെന്ന് മനസ്സിലായി. അവർ കൊല്ലപ്പെട്ടിരിക്കാമെന്ന സംശയം അതിന് ശേഷമാണ് ബലപ്പെട്ടത്.
നാടകം കളിക്കുന്നത് ആര്... ?
കാരി ജീവിച്ചിരിപ്പില്ല എങ്കിൽ ഡേവിനും ലിസിനും സന്ദേശം അയക്കുന്നതാര്, കാരിയെ കൊലപ്പെടുത്തിയതിന് ശേഷം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ലിസും ഡേവും നാടകം കളിക്കുകയാണോ? ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി ലിസിന്റെയും ഡേവിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസിന്റെ അടുത്ത നീക്കം. ഡേവിന്റെ ഫോണിൽ നിന്നോ മറ്റു ഉപകരണങ്ങളിൽ നിന്നോ സംശയം ജനിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ല. എന്നാൽ ലിസിന്റെ പക്കലുണ്ടായിരുന്ന ഒരു മെമ്മറി കാർഡിലെ ഡീലിറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുത്തപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഡേവിന്റെ വസതിയ്ക്ക് മുന്നിൽ അന്ന് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ചിത്രങ്ങൾ, അൻപതിനായിരത്തോളം ഭീഷണി സന്ദേശങ്ങൾ. ഈ സന്ദേശങ്ങളിൽ പകുതിയും ഡേവിന് ലഭിച്ചവയായിരുന്നു. ബാക്കിയുള്ളവ സ്വന്തം ഫോണിലേക്കും എമിയുടെ ഫോണിലേക്കും കാരിയുടെ അമ്മ നാൻസിയുടെ ഫോണിലേക്കും അയച്ചിരിക്കുന്നവയായിരുന്നു.
സന്ദേശം അയക്കുന്ന സമയം മുൻകൂട്ടി സെറ്റ് ചെയ്യുന്ന സഹായിക്കുന്ന ആപ്പ് അക്കൂട്ടത്തിലായിരുന്നു. ലിസ് ഡേവിനൊപ്പം സമയം ചെലവഴിക്കുന്ന അവസരത്തിലും ഈ സന്ദേശങ്ങൾ കൃത്യമായി ഡെലിവർ ചെയ്യും. അതുകൊണ്ടു തന്നെയായിരുന്നു ഡേവിന് ലിസിന്റെ പെരുമാറ്റത്തിൽ യാതൊരു സംശയവും തോന്നാതിരുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന തെളിവുകളേക്കാൾ ഭയപ്പെടുത്തുന്ന ഏതാനും ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. കാരിയുടെ അഴുകുന്ന ശരീരത്തിന്റെ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഡേവിന്റെ മുൻപങ്കാളി എമിയുടെ വീടിന്റെ പരിസരത്ത് ലിസ് പലതവണ പോയിട്ടുണ്ടെന്നും ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തുള്ള അന്വേഷണത്തിൽ പോലീസിന് മനസ്സിലായി.
അധികം വൈകാതെ ലിസ് അറസ്റ്റിലായി. തുടക്കത്തിൽ കുറ്റം നിഷേധിച്ചുവെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള പരിശോധനയിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. പോലീസ് കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ, ഡേവിന്റെ വീട്ടിൽ കാരിയെ കണ്ടത് ലിസിന് സഹിക്കാനായില്ല. ഒരു കാഷ്വൽ റിലേഷൻഷിപ്പ് ആയിരുന്നെങ്കിലും എന്നെങ്കിലും ഡേവിനെ സ്വന്തമാക്കാൻ സാധിക്കുമെന്ന് ലിസ് കരുതി. അതിന് തടസ്സമായായിരുന്നു കാരിയുടെ രംഗപ്രവേശം. കാരിയെ കൊല്ലാൻ ലിസ് പദ്ധതിയിട്ടു.
ഇരയാര്?
നവംബർ 13, 2012, ജോലിസ്ഥത്തേക്ക് പോകുകയാണ് കാരി. അവരെ വകവരുത്താനായി ലിസ് പരിസരത്ത് തന്നെ തമ്പടിച്ചിട്ടുണ്ടായിരുന്നു. കാരിയുടെ കാറിനെ അവർ പിന്തുടർന്നു. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഒരിടത്ത് വച്ച് ലിസ് കാരിയെ തടഞ്ഞു. കാറിന്റെ വാതിൽ തുറന്ന് അതിക്രമിച്ച് അകത്തു കയറിയ ലിസ് കാരിയെ കുത്തിക്കൊന്നു. വിന്റോ ഗ്ലാസുകൾ കയറ്റിയിതിന് ശേഷം ലിസ് കാരിയുടെ കാറുമായി പുറത്തേക്കിറങ്ങി. മൃതദേഹം ഒളിപ്പിച്ച ശേഷം കാർ വൃത്തിയാക്കുകയും വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഡേവിന്റെ അപ്പാർട്ട്മെന്റിൽ കയറി കാരിയുടെ വസ്ത്രങ്ങളും ബാഗും ക്യാമറയും മറ്റും എടുത്തു ( ഇവയിൽ പിന്നീട് പലതും ലിസിന്റെ പക്കൽ നിന്ന് കണ്ടെടുത്തു). കാരിയുടെ ഫോണിൽ നിന്ന് ഡേവിനും അമ്മ നാൻസിയ്ക്കും സന്ദേശം അയച്ച് അവരെ തെറ്റിദ്ധരിപ്പിച്ചു. കാരിയെന്ന വ്യാജേന പിന്നീടുള്ള കാലം ഭീഷണി സന്ദേശങ്ങൾ അയച്ചുകൊണ്ടേയിരുന്നു. താനും കാരിയുടെ ഒരു ഇരയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നതിൽ ലിസ് വിജയിച്ചു. കാരിയുടെ തിരോധാനം ഗൗരവമായെടുക്കാൻ പോലീസ് വർഷങ്ങളെടുത്തതിനാൽ പല തെളിവുകൾ നശിച്ചുപോയി. ഡിജിറ്റൽ തെളിവുകളും കാരിയുടെ കാറിൽ നിന്ന് ലഭിച്ച മുടിയിൽ നിന്ന് കണ്ടെടുത്ത ഡി.എൻ.എയും കേസിൽ നിർണായകമായി.
വിചാരണ ആരംഭിക്കുന്നു...
2017 ൽ കേസിന്റെ വിചാരണ ആരംഭിച്ചു. തുടക്കം മുതൽ അവസാനം വരെ താൻ നിരപരാധിയാണെന്ന നിലപാടിൽ ലിസ് ഉറച്ചുനിന്നു. എന്നാൽ പ്രോസിക്യൂഷന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനമായിരുന്നു പലപ്പോഴും ഉത്തരം. ലിസിന്റെ മെമ്മറി കാർഡിൽ നിന്ന് കണ്ടെടുത്ത ചിത്രങ്ങൾക്കും ഫോൺ, വ്യാജ ഇമെയിൽ ഐഡികൾ എന്നിവയിൽ നിന്നും കണ്ടെടുത്ത സന്ദേശങ്ങൾക്കും അവർക്ക് വിശദീകരണം നൽകാനായില്ല. എന്നാൽ കാരിയുടെ മൃതദേഹം എവിടെയാണെന്ന് ലിസ് ഒരിക്കലും വെളിപ്പെടുത്തിയില്ല. മൃതദേഹം കണ്ടെടുക്കാതെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായി മാറുകയായിരുന്നു ഇത്. കാരിയെ കൊലപ്പെടുത്തിയതിനും ആൾമാറാട്ടം നടത്തിയിനും ലിസിനെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. നെബ്രാസ്കയിലെ പ്രത്യേക ജയിയിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്.
സ്റ്റോക്കിങ് എന്ന മനോവൈകല്യം എത്രത്തോളം ഭീകരമാണെന്നതിന്റെ നേർച്ചിത്രമാണ് ഈ കേസ്. ഇവിടെ ഒരാൾക്ക് മറ്റൊരാളോട് തോന്നിയ അഭിനിവേശം ഭ്രാന്തവും അറപ്പുളവാക്കുന്നതുമായിരുന്നു. സൈബർ ലോകത്തും അതിന് പുറത്തും ഒട്ടേറെ ജീവനുകളാണ് ഈ വിഭ്രാന്തിയിൽ ഇല്ലാതായതും ഇല്ലാതായിക്കൊണ്ടിരിക്കുന്നതും. ഭയപ്പാടോടെ ജീവിച്ച് ആത്മഹത്യയിൽ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്.
Content Highlights: story of a triangle love story, stalking killing, cyber attack, missing, murder case
Published: 15 Mar 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented