തിരുവനന്തപുരം: കെ.എസ്.യു. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുങ്ങിയതോടെ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലാണ് തിങ്കളാഴ്ച കോളേജില്‍ ആക്രമണമുണ്ടായത്. ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനു പരിക്കേറ്റു.
ചൊവ്വാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷം. ഇത്തവണ കെ.എസ്.യു. രണ്ട് ജനറല്‍ സീറ്റിലുള്‍പ്പെടെ നാലു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നു. വര്‍ഷങ്ങളായി മുഴുവന്‍ സീറ്റും എസ്.എഫ്.ഐ.യുടെ കുത്തകയാണ്.
ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്.എഫ്.ഐ.-കെ.എസ്.യു. സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേരിട്ടായിരുന്നു മത്സരം. എന്നാല്‍, എസ്.എഫ്.ഐ.യുടെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനാര്‍ഥിയായിരുന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി, നീറ്റ് പരീക്ഷ വിജയിച്ച് എം.ബി.ബി.എസിനു പ്രവേശനം നേടി. കഴിഞ്ഞയാഴ്ചയാണ് വിദ്യാര്‍ഥിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.
ഇതോടെ, ഈ വിദ്യാര്‍ഥിനിയെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനും റിട്ടേണിങ് ഓഫീസര്‍ക്കും സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഈ വിദ്യാര്‍ഥിനിയെ അയോഗ്യയാക്കാനുള്ള തീരുമാനം റിട്ടേണിങ് ഓഫീസര്‍ കൈക്കൊണ്ടതായി കെ.എസ്.യു. പ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ കെ.എസ്.യു. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഏതെങ്കിലും സീറ്റില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായത്.
ഇതേതുടര്‍ന്നാണ് എസ്.എഫ്.െഎ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജിനുള്ളില്‍ ഉച്ചയോടെ സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്കു ശേഷം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളേജില്‍ പ്രതിഷേധപ്രകടനം നടത്തി. ഇതോടെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവയ്ക്കുന്നതിനും വെള്ളിയാഴ്ച വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനും കോളേജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ ഈ ദിവസങ്ങളില്‍ കാമ്പസില്‍ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി.
എന്നാല്‍, കെ.എസ്.യു. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നറിഞ്ഞ്, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനായി എസ്.എഫ്.ഐ. ആസൂത്രിതമായി നടത്തിയ നാടകമാണ് കോേളജിലുണ്ടായതെന്നും ആക്രമണമുണ്ടായിട്ടില്ലെന്നും കെ.എസ്.യു. ആരോപിച്ചു.
Content Highlights : SFI-KSU Clash in University College Trivandrum
Published: 15 Feb 2022, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented