തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് നാല് എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കി. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും എം.എസ്‌സി. സുവോളജി രണ്ടാംവർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും മൂന്നാംവർഷ ഫിലോസഫി വിദ്യാർഥിയുമായ അമൽചന്ദ്, മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർഥി മിഥുൻ, മൂന്നാംവർഷ ബോട്ടണി വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് കോളേജ് അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
എന്നാൽ ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതോടെ, അറസ്റ്റു നടപടികളിൽനിന്നു കോടതി പോലീസിനെ വിലക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് കോളേജിൽ ഭിന്നശേഷിക്കാരനായ ബിരുദവിദ്യാർഥി മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വെച്ച് ബന്ദിയാക്കി മർദിച്ചത്.ഇയാളുടെ നിലവിളി കേട്ടെത്തിയ സുഹൃത്ത് അഫ്‌സലിനെയും മർദിച്ചതായി പരാതിയുണ്ട്. മുഹമ്മദ് അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ കമ്പുകൊണ്ടു മർദിക്കുകയായിരുന്നു.
അനസ് കോളേജ് അച്ചടക്കസമിതിക്കു കൊടുത്ത പരാതിയിലാണ് എസ്.എഫ്.ഐ. നേതാക്കളെ സസ്പെൻഡ് ചെയ്തത്.അച്ചടക്കസമിതി നേരത്തേ അനസിന്റെ മൊഴി എടുത്തിരുന്നു.പ്രതികളായ എസ്.എഫ്.ഐ. നേതാക്കൾ അച്ചടക്കസമിതിക്കു മുൻപിൽ മൊഴിനൽകാൻ എത്തിയിരുന്നില്ല.എന്നാൽ കോടതി അറസ്റ്റ് തടഞ്ഞതോടെ പ്രതികൾ തിങ്കളാഴ്ച കോളേജ് അച്ചടക്കസമിതിയുടെ മുന്നിൽ തെളിവെടുപ്പിനെത്തി.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽപ്പേരിൽനിന്നു തെളിവെടുപ്പ് നടത്തുമെന്ന് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സന്തോഷ് അറിയിച്ചു.അതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പി.സുധീർ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. കോളേജ് അച്ചടക്കസമിതി നൽകുന്ന റിപ്പോർട്ട് പ്രിൻസിപ്പൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറും.
കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകാത്തതാണ് മർദനത്തിനു കാരണമായതെന്നാണ് പരാതി.അനസിനെ മർദിച്ചതിൽ എസ്.എഫ്.ഐ. നേതൃത്വത്തെ വിമർശിച്ച ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽവെച്ച് മർദനമേറ്റു.കവരത്തി സ്വദേശി മുഹമ്മദ് ഫയാസ് ഖാനാണ് മർദനമേറ്റത്.
സംഭവത്തിൽ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരേ മ്യൂസിയം പോലീസ് കേസെടുത്തു.ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയായിരുന്നു മർദിച്ചതെന്നാണ് പരാതി.സംഭവത്തിൽ ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നിവരെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു.
Content Highlights: 4 SFI leaders expelled from university college on Assault on differently abled student
Published: 17 Dec 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented