തിരുവനന്തപുരം: ഒരേസമയം നാടിനെ നടുക്കിയതും ജനങ്ങളെ ഭീതിയിലാഴ്ത്തിയതുമായ സംഭവമായിരുന്നു പോത്തന്‍കോട്ടെ സുധീഷിന്റെ കൊലപാതകം. ലഹരി, ഗുണ്ടാസംഘങ്ങളുടെ പകയിലാണ് മറ്റൊരു ഗുണ്ടയായ സുധീഷിന് ജീവന്‍ നഷ്ടമായത്. അതിക്രൂരമായി, ആരെയും ഭയപ്പെടുത്തുന്നരീതിയിലായിരുന്നു കൊലപാതകം. സുധീഷിന്റെ കാല്‍ വെട്ടിയെടുത്തശേഷം അതുമായി റോഡിലൂടെ ബൈക്കില്‍ കറങ്ങിയ പ്രതികള്‍ നടത്തിയ 'ആഘോഷ'ത്തിന്റെ ദൃശ്യങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ്. 

To advertise here,

2021 ഡിസംബര്‍ 11-നാണ് പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീട്ടില്‍വെച്ച് ഗുണ്ടയായ സുധീഷി(32)നെ വെട്ടിക്കൊന്നത്. ഗുണ്ടാസംഘങ്ങളില്‍നിന്നുള്ള ആക്രമണം ഭയന്ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ സുധീഷിനെ തേടി ഇവിടെയെത്തിയത്. വീട്ടില്‍ക്കയറി ഒളിച്ച സുധീഷിനെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കാല്‍ വെട്ടിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു. 

നാടിനെ നടുക്കിയ കൊലക്കേസില്‍ ആകെ 11 പ്രതികളാണുള്ളത്. മാങ്കാട്ടുമൂല ഉണ്ണി എന്ന സുധീഷ് ഉണ്ണിയാണ് കേസിലെ ഒന്നാംപ്രതി. കുപ്രസിദ്ധ ഗുണ്ടാനേതാവ് 'ഒട്ടകം രാജേഷ്' കേസിലെ മൂന്നാംപ്രതിയാണ്. ശ്യാം, നിധീഷ്, നന്ദീഷ്, രഞ്ജിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സച്ചിന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തി. പിന്നാലെ മുഴുവന്‍ പ്രതികളെയും കോടതി ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചു.  നെടുമങ്ങാട് എസ്എസ്ടി കോടതി ജഡ്ജി എ. ഷാജഹാന്‍ ആണ് വ്യാഴാഴ്ച പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 

ഗുണ്ടാപ്പകയുടെ കഥ
പലകാരണങ്ങളാല്‍ സുധീഷിനോട് ശത്രുതയുണ്ടായിരുന്ന പൊതുശത്രുക്കള്‍ ആസൂത്രിതമായി നടത്തിയതായിരുന്നു പോത്തന്‍കോട്ടെ കൊലപാതകം. കൊല്ലപ്പെട്ട സുധീഷും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. സുധീഷിനായി പോലീസിന്റെ തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെത്തി ഗുണ്ടകള്‍ കണക്കുതീര്‍ത്തത്. സുധീഷിന്റെ ഒളിത്താവളത്തെക്കുറിച്ച് അന്നേദിവസംവരെ പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പക്ഷേ, ഗുണ്ടകള്‍ക്ക് കൃത്യമായ വിവരം ലഭിച്ചത് പോലീസിനെപ്പോലും അമ്പരപ്പിച്ചു. 

കേസിലെ ഒന്നാംപ്രതിയായ സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരേ ബോംബെറിഞ്ഞെതും സഹോദരനെ ആക്രമിച്ചതും കൊല്ലപ്പെട്ട സുധീഷായിരുന്നു. തന്നെ കൊല്ലാനായി സുധീഷ് ആറുലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതായും തന്നെ കിട്ടാതിരുന്നതോടെയാണ് അമ്മയെ ആക്രമിച്ചതെന്നുമായിരുന്നു ഒന്നാംപ്രതിയായ ഉണ്ണിയുടെ മൊഴി. ഇതിനുപുറമെ ഒട്ടകം രാജേഷിന്റെ ഗുണ്ടാസംഘത്തിലുള്ളവരെ സുധീഷ് മര്‍ദിച്ചതും പ്രതികാരത്തിന് കാരണമായി.

placeholder
പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

സുധീഷിനെ വകവരുത്താനായി 2021 ഡിസംബര്‍ പത്താം തീയതി പ്രതികളെല്ലാം ശാസ്തവട്ടത്ത് സംഘടിച്ച് പദ്ധതി തയ്യാറാക്കി. പിറ്റേദിവസം സുധീഷ് ഒളിവില്‍കഴിഞ്ഞിരുന്ന പ്രദേശത്തെത്തി. അക്രമിസംഘത്തെ കണ്ട് മദ്യലഹരിയിലായിരുന്ന സുധീഷ് ഓടി വീട്ടില്‍ക്കയറി ഒളിച്ചു. എന്നാല്‍, അക്രമിസംഘം, വാതില്‍ പൊളിച്ച് അകത്തുകയറി. പിന്നാലെ മഴു ഉപയോഗിച്ച് സുധീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുട്ടിന് താഴെവെച്ച് കാലുകളും വെട്ടിയെടുത്തു. കൃത്യം നടത്തിയ ശേഷം ബൈക്കുകളിലും ഓട്ടോയിലുമായി രക്ഷപ്പെട്ട പ്രതികള്‍ വെട്ടിയെടുത്ത കാലും പൊക്കിപിടിച്ചാണ് റോഡിലൂടെ സഞ്ചരിച്ചത്. പിന്നീട് ഈ കാല്‍ റോഡരികില്‍ ഉപേക്ഷിക്കുകയുംചെയ്തു. വെട്ടിയെടുത്ത കാലുമായുള്ള പ്രതികളുടെ ആഘോഷവും അട്ടഹാസവും കണ്ട് നാട്ടുകാരും ഇതിന്റെ ദൃശ്യങ്ങള്‍ കണ്ട മലയാളികളും ഒന്നടങ്കം നടുങ്ങി. 

പ്രതികള്‍ക്കായി തിരച്ചില്‍, പോലീസുകാരൻ്റെ ജീവന്‍പൊലിഞ്ഞു
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പങ്കാളികളായ ഓരോരുത്തരെയും ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍, ഗുണ്ടാനേതാവും കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസ് വലഞ്ഞു. സംഭവം നടന്ന് ഒമ്പതുദിവസത്തിന് ശേഷമാണ് ഒട്ടകം രാജേഷിനെ പിടികൂടാനായത്. കൃത്യം നടത്തിയശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ഒട്ടകം രാജേഷിനെ അവിടെനിന്ന് തിരികെയെത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയതെന്നായിരുന്നു വിവരം.

ഇതിനിടെ, ഒട്ടകം രാജേഷിനായി തിരച്ചില്‍ നടത്തുന്നതിനിടെ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചതും വേദനയായി. എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനാണ് ദൗത്യത്തിനിടെയുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഒട്ടകം രാജേഷ് ഒരു തുരുത്തില്‍ ഒളിവില്‍കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് സംഘം വള്ളത്തില്‍ ഇങ്ങോട്ടേക്ക് യാത്രതിരിച്ചത്. ഇതിനിടെ വള്ളംമറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. 

ആസൂത്രണം ഒട്ടകം രാജേഷ്
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഒട്ടകം രാജേഷായിരുന്നു കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍. പ്രതികളായ എല്ലാവരെയും സംഘടിപ്പിച്ചതും കൊലപാതകം ആസൂത്രണംചെയ്തതും ഇയാളായിരുന്നു. ഒളിവില്‍പ്പോകുന്നതിന് പണവും വാഹനവും തയ്യാറാക്കിവെച്ചും ജാമ്യത്തിലിറങ്ങുന്നതിനുള്ള വഴികള്‍ ആലോചിച്ചുറപ്പിച്ചുമാണ് രാജേഷടങ്ങുന്ന സംഘം കൊലപാതകം നടത്തിയത്. 

ഏറെ ജനശ്രദ്ധ നേടിയ കേസില്‍ 88-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. സുധീഷിന്റെ ഒളിവുസങ്കേതം ഒറ്റിക്കൊടുത്തിയെന്ന് സംശയിച്ചിരുന്നയാള്‍ കേസില്‍ മാപ്പുസാക്ഷിയായി. പ്രതികള്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങളും സുധീഷിന്റെ മരണമൊഴിയുടെ ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി. നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന എം.കെ.സുല്‍ഫിക്കറാണ് അന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരി ഹാജരായി.