മുതലമട(പാലക്കാട്): ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സാമുവല്‍ (സ്റ്റീഫന്‍-28), അയല്‍വാസി മുരുകേശന്‍ (28) എന്നിവരെ കാണാതായി വ്യാഴാഴ്ച 150 ദിവസം തികയുമ്പോഴും സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നില്ല. ഓഗസ്റ്റ് 30-ന് രാത്രി 10-ന് ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍നിന്ന് സാമുവല്‍ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷം എന്തുസംഭവിച്ചെന്നറിയില്ല. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ 60 ദിവസം അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനും പിന്നീട് 89 ദിവസമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ചിനും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സാമുവല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ 2021 ഓഗസ്റ്റ് 30-ന് രാത്രി 10.30 മുതല്‍ ഓഫായതിനാല്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം വഴിമുട്ടി. മുരുകേശന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നില്ല. പോലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍, അവസാനമായി സാമുവലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭിച്ച സ്വകാര്യതോട്ടത്തിലെ ഷെഡ്ഡിനുസമീപത്തെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്‍ന്നു. എന്നാല്‍, യുവാക്കളെ കാണാതായ രാത്രിയിലും പോലീസ് നായ വന്നതിനു മണിക്കൂറുകള്‍ക്കു മുമ്പും മഴ പെയ്തിരുന്നതിനാല്‍ നായയെ ഉപയോഗിച്ചുള്ള പരിശോധനയും വിഫലമായി.
സ്വകാര്യതോട്ടങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും വനം, അഗ്‌നിശമനസേന, നാട്ടുകാര്‍ എന്നിവരൊത്ത് പോലീസ് നേരിട്ടും ഡ്രോണ്‍ പറത്തിയും പരിശോധന നടത്തിയിരുന്നു. ഇതെല്ലാം വിഫലമായതോടെ മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാന്‍ ശേഷിയുള്ള ബെല്‍ജിയം ഇനം നായയെ എത്തിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
അഗ്‌നിരക്ഷാസേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കര്‍ണികള്‍, കിണറുകള്‍ എന്നിവയില്‍ പാതാളവരണ്ടി ഉള്‍പ്പെടെയുള്ളവകൊണ്ട് തിരച്ചില്‍ നടത്തിയിട്ടും ഏതാനും കൊക്കര്‍ണികള്‍ വറ്റിച്ചുനോക്കിയിട്ടും ഫലമുണ്ടായില്ല. നിലവില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. മകനെ തേടിയുള്ള അന്വേഷണം എങ്ങുമെത്താത്തതിനിടെ, കാണാതായ സാമുവലിന്റെ അച്ഛന്‍ ശബരിമുത്തു മരിച്ചു.
Published: 26 Jan 2022, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented