ആലുവ: ആലുവയില്‍ ആത്മഹത്യചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയാ പര്‍വീണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വ്യക്തമാക്കുന്നത് ഭര്‍തൃവീട്ടില്‍ നേരിട്ട കടുത്ത പീഡനങ്ങള്‍. മൊഫിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് സുഹൃത്തുക്കള്‍ സ്‌കീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയായിരുന്നു. ഇത് പിന്നീട് സുഹൃത്തുക്കള്‍ പോലീസിന് കൈമാറി.
ഒരു മാസം മുമ്പാണ് മൊഫിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് ആരംഭിച്ചത്. ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍നിന്ന് കൊടിയ പീഡനം ഏറ്റുവാങ്ങുന്ന കാര്യം മൊഫിയ സഹപാഠികളുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഈ വിവരം പുറംലോകം അറിയണമെന്ന ഉദ്ദേശത്തോടെയാണ് 'ഐ നീഡ് ജസ്റ്റിസ്' എന്ന പേരിലൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അതില്‍ ആദ്യ പോസ്റ്റ് എനിക്ക് നീതി വേണം എന്നതാണ്.
ഭര്‍ത്തൃവീട്ടില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ പിന്നീടുള്ള പോസ്റ്റുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ നേരിടുന്നതായും പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രേരിപ്പിക്കുന്നതായും പോസ്റ്റിലുണ്ട്. ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു, വിവാഹമോചനത്തിനായി ഒപ്പിടാന്‍ പ്രേരിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളും മൊഫിയയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകളിലുണ്ട്.
എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മൊഫിയ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. മൊഫിയയുടെ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹൃത്തുക്കള്‍ എടുത്തു സൂക്ഷിച്ചിരുന്നു. ഇതാണ് സുഹൃത്തുക്കള്‍ പിന്നീട് പോലീസിന് കൈമാറിയത്. ഭര്‍ത്താവില്‍ നിന്ന് നിരന്തരം പീഡനം ഏറ്റിരുന്ന വിവരവും നേരത്തെയും മൊഫിയ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. ഇക്കാര്യവും സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് പോലീസ് ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നുദിവസം കസ്റ്റഡിയില്‍ വാങ്ങിയത്.
റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ബുധനാഴ്ച ഇവരെ കോതമംഗലത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിനാണ് അന്വേഷണ ചുമതല. മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സി.ഐ. സി.എല്‍. സുധീറിനെതിരേയുള്ള വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയാണ് അന്വേഷണം നടത്തുന്നത്.
Content Highlights: Mofiya Parveen Instagram posts about harassment at husband's house
Published: 01 Dec 2021, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented