കോടഞ്ചേരി: കോടഞ്ചേരി തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് വന്‍ മയക്കുമരുന്നു വേട്ട. രണ്ടുകിലോ കഞ്ചാവും 25 ഗ്രാം എം.ഡി.എം.എ.യുമായി എന്‍ജിനിയറിങ് ബിരുദധാരിയായ യുവാവ് കോടഞ്ചേരി പോലീസിന്റെ പിടിയിലായി. ഗൂഡല്ലൂര്‍ സ്വദേശിയായ നിഷാന്ത് (25) ആണ് പോലീസിന്റെ പിടിയിലായത്.

To advertise here,

താമരശ്ശേരി ഡിവൈ.എസ്.പി. അബ്ദുള്‍ റസാഖിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കോടഞ്ചേരി എസ്.ഐ. കെ.പി. അഭിലാഷും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ലഹരിവസ്തുക്കള്‍ വില്‍ക്കാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പോലീസ് പിടിയിലായത്.

പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നില്‍പെടുന്ന എം.ഡി.എം.എ. വിദേശത്തുനിന്ന് ഓണ്‍ലൈന്‍ ആയും ബെംഗളൂരുവില്‍ താമസിക്കുന്ന ആഫ്രിക്കന്‍ സ്വദേശികളില്‍നിന്ന് മൊത്തമായെടുത്തും വ്യാപാരം നടത്തുന്ന മലയാളി സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നിഷാന്ത്. ചോദ്യംചെയ്യലില്‍ കൊക്കെയിന്‍, എല്‍.എസ്.ഡി., പില്‍സ്, ഹാഷിഷ് എന്നിവ മൊത്തത്തില്‍ എടുത്ത് വില്‍പ്പനനടത്താറുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ 'സ്നേക്ക് മാന്‍' എന്നാണ് പ്രതി അറിയപ്പെടുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ മയക്കുമരുന്നുകടത്ത് സംഘത്തിലെ ഭൂരിഭാഗം ആളുകളും അഭ്യസ്തവിദ്യരായ മലയാളി യുവാക്കളാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിനുമുമ്പും പലതവണ കേരളത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

പിടിച്ചെടുത്ത കഞ്ചാവിനും എം.ഡി.എം.എ.യ്ക്കും വിപണിയില്‍ ഓരോ ലക്ഷം രൂപവീതം വിലവരും. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, എ.എസ്.ഐ. ഷിബില്‍ ജോസഫ്, സി.പി.ഒ.മാരായ ജിനേഷ് കുര്യന്‍, അഷ്‌റഫ്. രാകേഷ്, സ്മിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights:  mdma and another drugs seized from thusharagiri, police detained snake man