
മക്കളെ അഗാധമായി സ്നേഹിച്ചിരുന്ന അമ്മ, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം നല്ല പെരുമാറ്റം, കറകളഞ്ഞ ദൈവവിശ്വാസി, ചിരിക്കുന്ന മുഖം, ആരെയും ആകര്ഷിക്കുന്ന വസ്ത്രധാരണം. ആര്ക്കും അവരെക്കുറിച്ച് കാര്യമായ കുറ്റങ്ങളോ കുറവുകളോ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല, വര്ഷം 2016 വരെ. അന്ധവിശ്വാസങ്ങളുടെ തലതൊട്ടപ്പനായ ഒരു കള്ട്ട് തലവനുമായുള്ള പരിചയം അവരെ നയിക്കുന്നത് കുറ്റകൃത്യങ്ങള് നിറഞ്ഞ ജീവിതത്തിലേക്കാണ്. ഒരു അമ്മ എങ്ങിനെ ആയിരിക്കരുത് എന്നതിന് പിന്നീടവര് ഒരു ഉദാഹരണമായി തീര്ന്നു. ചെയ്ത തെറ്റുകള്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കേട്ടുനില്ക്കുമ്പോഴും അവര് കുറ്റബോധമില്ലാതെ നിന്നു. ഇത് ലോറി വാലോയുടെ കഥ... മരണം വരെ ജയിലില് കഴിഞ്ഞ്, അവിടെ തന്നെ ഒടുങ്ങേണ്ടി വരുന്ന ഒരു അന്പതുകാരിയുടെ സമാനതകളില്ലാത്ത ജീവിതകഥ.
കാലിഫോര്ണിയയിലെ സാന്ബെര്നാര്ഡിനോയിലാണ് 1973-ല് ലോറി വാലോയുടെ ജനനം. സ്കൂള് പഠനത്തിന് ശേഷം പത്തൊന്പതാമത്തെ വയസ്സില് ഇവര് തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്തു. ഈ ബന്ധം അധികകാലം നീണ്ടില്ല. പിന്നീടങ്ങോട്ട് മൂന്ന് തവണയാണ് ലോറി വിവാഹിതയായത്. അതില് രണ്ടാമത്തെ ഭര്ത്താവില് കോള്ബി റയാന് എന്ന മകനും മൂന്നാമത്തെ ഭര്ത്താവില് ടെയ്ലി റയാന് എന്ന മകളും പിറന്നു. ചാള്സ് വാലോ എന്ന വ്യക്തിയുമായുള്ള നാലാമത്തെ വിവാഹത്തിന് ശേഷം ഭിന്നശേഷിയുള്ള ജോഷ്വ ജാക്സണ് എന്ന കുട്ടിയെ ലോറി ദത്തെടുത്തു. ചാള്സ്, ടൈലി, ജോഷ്വ എന്നിവരാണ് പിന്നീടങ്ങോട്ട് ലോറിയുടെ ക്രൂരകൃത്യങ്ങളുടെ പ്രധാന ഇരകളായി തീരുന്നത്.

അടിയുറച്ച ദൈവവിശ്വാസിയായിരുന്നു ലോറിയും കുടുംബവും. പള്ളിയിലെ പരിപാടികളിലെല്ലാം സജീവമായി പ്രവര്ത്തിച്ചിരുന്ന ഈ കുടുംബത്തെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ലോറിയുടെ മുന്വിവാഹത്തിലെ മക്കളെയെല്ലാം ചാള്സ് സ്വന്തം മക്കളായി തന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ടു തന്നെ ഈ കുടുംബത്തില് അസ്വാരസ്യങ്ങളോ വഴക്കോ യാതൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്, ഈ കുടുംബത്തിലെ സന്തോഷവും സമാധാവുമെല്ലാം പിന്നീട് ഇല്ലാതാകുന്നത് ചാഡ് ഡേബെൽ എന്ന സ്വയംപ്രഖ്യാപിത പ്രവാചകന്റെ രംഗപ്രവേശത്തോടു കൂടിയാണ്.
ഒരു വിശ്വാസി സമ്മേളനത്തിലാണ് ചാഡും ലോറിയും 2018-ല് കണ്ടുമുട്ടുന്നത്. എല്ലാവരെയും ആകര്ഷിക്കാന് കഴിവുള്ള വാഗ്മിയിയിരുന്നു ചാഡ്. അതുകൊണ്ടു തന്നെ ആളുകളെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നതില് ചാഡ് ഒരു പ്രതിഭയായിരുന്നു. ചാഡിന്റെ പെരുമാറ്റം ലോറിയില് മാത്രമല്ല അവരുടെ ഭര്ത്താവ് ചാള്സിലും മതിപ്പുണ്ടാക്കി. അതിനാല് ചാഡ് നയിച്ചിരുന്ന വിശ്വാസകൂട്ടായ്മയില് ഭാഗമാകാന് ലോറിയും ചാള്സും തീരുമാനിക്കുന്നു. ചാഡിന്റെ സംഘടനയുടെ പ്രസിദ്ധീകരണങ്ങള് തയ്യാറാക്കുന്ന ജോലിയാണ് ലോറി ആദ്യമേറ്റെടുക്കുന്നത്. തനിക്ക് മാത്രമായി ദൈവം പ്രത്യേക സിദ്ധികള് തന്നിട്ടുണ്ടെന്നും എല്ലാവരില്നിന്നും വ്യത്യസ്തനാണെന്നും ചാഡ് പ്രാര്ഥനാ യോഗങ്ങളില് അവകാശപ്പെട്ടു കൊണ്ടേയിരുന്നു. ചാഡിന്റെ വാക്കുകളില് മയങ്ങി വീണവര് അയാളുടെ സ്നേഹത്തിനും പരിഗണനയ്ക്കുമായി ദാഹിച്ചു കൊണ്ടേയിരുന്നു. ലോറിയും അക്കൂട്ടത്തിലൊരാളായിരുന്നു. അതിലവര് മറ്റുള്ളവരെ പിന്തള്ളി വിജയിക്കുകയും ചെയ്തതോടെയാണ് സംഭവബഹുലമായ പുതിയൊരു അധ്യായത്തിന് തുടക്കമാകുന്നത്.

താനും ചാഡും തമ്മില് ദൈവികമായ എന്തോ ബന്ധമുണ്ടെന്നാണ് ലോറി വിശ്വസിച്ചിരുന്നത്. മറ്റൊരു ഭാര്യ ഇരിക്കേ തന്നെ ലോറിയെ അയാള് പ്രണയിനിയായി സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള പ്രണയം ഗാഢമായി മുന്നോട്ട് പോകവെയാണ് ലോറിയും ചാള്സും തമ്മിലുള്ള വിവാഹജീവിതത്തില് പ്രശ്നങ്ങളുണ്ടാകുന്നത്. കുടുംബത്തെ ചേര്ത്തു നിര്ത്തിയിരുന്ന ലോറി, ചാഡിന്റെ ആകര്ഷണവലയത്തില് മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു.
ലോറിയുടെ സ്വഭാവത്തിലെ മാറ്റം കുടുംബാംഗങ്ങള് മാത്രമല്ല, സുഹൃത്തുകളും മനസ്സിലാക്കിയിരുന്നു. സൗഹൃദങ്ങള്ക്കെല്ലാം വലിയ ബഹുമാനം നല്കിയിരുന്ന ലോറി പതിയെ അവരില്നിന്നെല്ലാം അകലം പാലിച്ചു. എന്നാല്, തന്റെ പുതിയ ജീവിതത്തില് ലോറി വളരെയധികം സന്തോഷിക്കുകയാണ് ചെയ്തിരുന്നത്. അമ്മയുടെ മാറ്റം ഏറ്റവുമധികം ബാധിച്ചത് മൂത്തമകനായ കോള്ബി റയാനെയായിരുന്നു.
ഭാര്യയുടെ പെരുമാറ്റത്തില് ചാള്സ് ഒടുവില് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നു. ചാഡുമായി ലോറി പ്രണയത്തിലാണെന്നും അവരുടെ അന്ധവിശ്വാസം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ചാള്സ് ഹര്ജിയില് വ്യക്തമാക്കി. ലോറിയും താനും ചേര്ന്ന് ദത്തെടുത്ത ഇളയമകന് ജോഷ്വയെ വിട്ടുനല്കണമെന്നതായിരുന്നു ചാള്സിന്റെ ആവശ്യം. ലോറിയുടെ മുന്ഭര്ത്താവിലെ മകള് ടെയ്ലിയുടെ രക്ഷാകര്തൃത്വവും ചാള്സിന് ഏറ്റെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ചാള്സുമായി രക്തബന്ധമില്ലാത്തതിനാല് അതൊരിക്കലും സാധ്യമല്ലായിരുന്നു. ഒരു സുപ്രഭാതത്തില് കാമുകന് ചാഡിനും മക്കള് ടെയ്ലിയ്ക്കും ജോഷ്വയ്ക്കുമൊപ്പം ലോറി മറ്റൊരിടത്ത് താമസം മാറുന്നു.
ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന ലോറിയ്ക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ചാള്സ് പോലീസിനെ സമീപിച്ചു. എന്തെങ്കിലും കുടുംബപ്രശ്നമായിരിക്കാമെന്നും കുട്ടികള് അമ്മയ്ക്കൊപ്പമാണല്ലോ എന്നീ കാരണങ്ങളാല് പോലീസ് പരാതിയെ വലിയ ഗൗരവകരമായെടുത്തില്ല. ഒടുവില് ലോറി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ ചാള്സ് കുട്ടികളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തൊട്ടപ്പുറത്തെ മുറിയില്നിന്ന് തോക്കുമായി വന്ന ലോറിയുടെ സഹോദരന് അലക്സ് കോക്സ് ചാള്സിന് നേരേ വെടിയുതിര്ത്തു. ശരീരത്തില്നിന്ന് രക്തം വാര്ന്ന ചാള്സ് വൈകാതെ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തന്റെ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്താന് നോക്കിയ ചാള്സിനെ പ്രതിരോധിക്കാനാണ് വെടിവച്ചതെന്നെന്ന് അലക്സ് അവകാശപ്പെട്ടു.
ചാഡിന്റെ ഭാര്യയുടെ മരണമാണ് പിന്നീട് അരങ്ങേറിയ ദുരൂഹമരണം. പ്രാഥമികഘട്ടത്തില് സ്വാഭാവികമരണമാണെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവന്നത്. ഭാര്യയുടെ മരണത്തിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷം ലോറിയെ ചാഡ് വിവാഹം കഴിച്ചു.
വിവാഹശേഷം ലോറി, മക്കളായ ജോഷ്വ, ടെയ്ലി, സഹോദരന് അലക്സ് കോക്സ്, ചാഡ് എന്നിവര് നാട് വിട്ടുപോകുന്നു. ഈ സമയത്തെല്ലാം മൂത്തമകന് കോള്ബി റയാന് തന്റെ അമ്മയുമായി ഫോണില് സംസാരിക്കാന് ശ്രമിക്കുന്നുണ്ട്. തിരക്കിലാണ്, ഇപ്പോള് സംസാരിക്കാനാകില്ല, കുട്ടികള് സുരക്ഷിതരാണെന്ന് പറഞ്ഞ് ലോറി ഫോണ് കട്ട് ചെയ്യും. സഹോദരങ്ങളോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് കോള്ബി ലോറിയുമായി ബന്ധപ്പെട്ടുവെങ്കിലും അവര് സമ്മതിച്ചില്ല. ക്രമേണ ലോറി, കോള്ബിയുടെ ഫോണ് കോളുകള് എടുക്കാതായി. അത് കോള്ബി റയാനില് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. ഒടുവില് യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോള് സഹോദരങ്ങളെ കാണാന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കോള്ബി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവച്ചു. എന്റെ പ്രിയപ്പെട്ട ടെയ്ലിയും ജോഷ്വയും ഈ വീഡിയോ കാണുകയാണെങ്കില് ഞാനുമായി ബന്ധപ്പെടുക. നിങ്ങളുടെ സഹോദരന് ആശങ്കയിലാണ്. ദയവ് ചെയ്ത് എന്റെ അടുത്തേക്ക് മടങ്ങി വരിക- കോള്ബി വീഡിയോയില് പറഞ്ഞു.

റെക്സ്ബര്ഗിലെ ഒരു വീട്ടിലാണ് ലോറി കുടുംബസമേതം പിന്നീട് താമസമാക്കിയത്. ലോറിയുടെ അമ്മയുടെയും ചാള്സിന്റെ സഹോദരിയുടെയും ആവശ്യപ്രകാരം പോലീസ് റക്സ്ബര്ഗിലെ വീട്ടില് അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പോലീസിന്റെ ചോദ്യങ്ങള്ക്ക് ലോറി തൃപ്തികരമായ ഉത്തരം നല്കിയതുമില്ല. തൊട്ടുപിന്നാലെ കേസ് എഫ്.ബി.ഐ. ഏറ്റെടുത്തതോടെ ലോറിയും ചാഡും അലക്സും ആ വീട്ടില്നിന്ന് അപ്രത്യക്ഷരായി. കുട്ടികളുടെ വസ്ത്രങ്ങളും ഏതാനും കളിപ്പാട്ടങ്ങളും മാത്രമാണ് ആ വീട്ടില് ബാക്കിയുണ്ടായിരുന്നത്. എന്നാല്, ലോറിയുടെയോ ചാള്സിന്റെയോ അലക്സിന്റെയോ വസ്തുക്കള് ഒന്നും തന്നെ അവിടെനിന്ന് ലഭിച്ചില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരില് സംശയം സൃഷ്ടിച്ചു. 2019 ഡിസംബര് 21-ന് കുട്ടികളെ കാണാനില്ലെന്ന് എഫ്.ബി.ഐ. ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനിടെ ലോറിയുടെ പുതിയ നമ്പര് കണ്ടെത്തി ഉദ്യോഗസ്ഥര് ബന്ധപ്പെട്ടുവെങ്കിലും കുട്ടികളുടെ വിവരം നല്കാനോ അന്വേഷണവുമായി സഹകരിക്കാനോ അവര് തയ്യാറായില്ല.

2020 ഫെബ്രുവരി 20-ന് പോലീസ് ഹവായിയില്നിന്ന് ലോറിയെയും ചാള്സിനെയും അറസ്റ്റ് ചെയ്തു. ലോറിയുടെ സഹോദരന് അലക്സ് കോക്സ് മരണപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. ഈ മരണവും ഒരുപാട് ദുരൂഹതകളാണ് ബാക്കി വച്ചത്. ടെയ്ലിയെയും ജോഷ്വയെയും കുറിച്ച് ചോദിക്കുമ്പോഴെല്ലാം ലോറിയും ചാഡും വ്യക്തമായ വിശദകരണം നല്കിയില്ല. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന് കുട്ടികള് ബോര്ഡിങ്ങിലാണെന്ന് ലോറി പറഞ്ഞു. എന്നാല് ഏത് ബോര്ഡിങ്ങിലാണെന്ന ചോദ്യത്തിന് ലോറിയ്ക്ക് ഉത്തരമില്ലായിരുന്നു. കുട്ടികള് അവിടെയുണ്ട്, ഇവിടെയുണ്ട് എന്നിങ്ങനെ മൊഴി മാറ്റികൊണ്ടേയിരുന്നു. ഒടുവില് റെക്സ്ബര്ഗിലെ വീട്ടില് വിശദമായ അന്വേഷണം നടത്താന് എഫ്.ബി.ഐ. തീരുമാനിച്ചു. വീടിന് പുറത്തുള്ള പരിശോധയില് ഒരുഭാഗത്ത് മണ്ണ് മാറികിടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ടു. കുഴിച്ച് നോക്കിയപ്പോള് അവര് കണ്ടെത്തിയത് രണ്ടു കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്. അത് ടെയ്ലിയുടെയും ജോഷ്വയുടെയുമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ജോഷ്വയുടെ ശരീരം മുഴുവന് ഒരു ഡക്ട് ഡേപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് പിന്നീട് പോസ്റ്റ്മോര്ട്ടത്തില് തെളിഞ്ഞത്. ടെയ്ലിയുടെ എല്ലുകള് വേര്പ്പെട്ട നിലയിലാണ് കണ്ടെത്തിയത്. രക്തക്കറയുള്ള ഒരു മണ്വെട്ടിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി. അതുപയോഗിച്ച് ശരീരഭാഗങ്ങള് വെട്ടിമാറ്റി എന്ന നിഗമനത്തിലാണ് ഡോക്ടര്മാരെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ കേസില് ലോറിയ്ക്കും ചാഡിനുമെതിരേ കൊലക്കുറ്റം ചുമത്തി. സ്വന്തം കുഞ്ഞുങ്ങളെ കൊന്നതെന്തിനെന്ന ചോദ്യത്തിന് വളരെ വിചിത്രമായ ഉത്തരമാണ് ലോറി നല്കിയതെന്ന് പോലീസ് പറയുന്നു.
''ഞാനും ചാഡും ദുഷ്ടശക്തികളെ ഈ ഭൂമിയില്നിന്ന് ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലാണ്. ടെയ്ലിയുടെയും ജോഷ്വയുടെയും ശരീരത്തില് സോംബികളാണ് കുടികൊള്ളുന്നത്. അവര് ഭൂമിയ്ക്ക് അപകകാരികളാണ്. അവര് മരിക്കണമായിരുന്നു. ഇന്നവര് സ്വര്ഗത്തിലാണ്. ഞങ്ങള് ചെയ്തത് ശരിയായിരുന്നു. ദൈവം ഞങ്ങളെ അനുഗ്രഹിക്കും.''
ചാഡിന്റെ ആദ്യഭാര്യ ടാമിയുടെ മരണം സ്വാഭാവികമല്ലെന്നും ശ്വാസം മുട്ടികൊലപ്പെടുത്തയതാണെന്നും പിന്നീട് തെളിഞ്ഞു. അന്ന് ചാഡ് ടാമിയ്ക്കൊപ്പമുണ്ടായിരുന്നു. ഭാര്യ മരിച്ച് മണിക്കൂറുകള് പിന്നിട്ട ശേഷമാണ് ചാഡ് പോലീസിനെ വിവരം അറിയിച്ചത്. തന്റെ ഭാര്യയ്ക്ക് ഇടയ്ക്കിടെ അപസ്മാരം വരാറുണ്ടെന്നും ചുമ കൂടുതലായിരുന്നുവെന്നും ചാഡ് പോലീസിനോട് പറഞ്ഞു. അന്ന് ടാമിയുടെ കേസ് കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില് നിഷ്കളങ്കരായ ടെയ്ലിയ്ക്കും ജോഷ്വയ്ക്കും ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.
കുട്ടികളുടെ കൊലപാതകത്തിന് ലോറിയ്ക്കും ചാള്സിനുമെതിരേ കൊലക്കുറ്റം ചുമത്തി. ടാമിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ചാഡിനെതിരേയും ഗൂഢാലോചനയ്ക്ക് ലോറിക്കെതിരേയും മറ്റൊരു കേസെടുത്തു. മുന്ഭര്ത്താവ് ചാള്സിനെ കൊലപ്പെടുത്താന് സഹോദരനൊപ്പം ഗൂഢാലോചന നടത്തിയതിന് ലോറിയ്ക്കെതിരേ മറ്റൊരു കൊലപാതക കുറ്റവുമുണ്ടായിരുന്നു.
ഈ വര്ഷം ബോയ്സിയിലെ കോടതിയിലാണ് ലോറിയുടെ വിചാരണ നടന്നത്. ശിക്ഷ വിധിക്കുന്നതിന് മുന്പ് ലോറിയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജ് ചോദിച്ചപ്പോള് വളരെ വിചിത്രമായ ന്യായങ്ങളാണ് നിരത്തിയത്.
''ടെയ്ലിയെ പ്രസവിക്കുന്ന സമയത്ത് ഞാന് ലേബര് റൂമില്വച്ച് മരിച്ചു. എന്റെ ആത്മാവ് താഴേക്ക് വീഴുന്നതിന് ഞാന് സാക്ഷിയായി. ഡോക്ടര്മാര് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള് നടത്തുമ്പോള് മരിച്ചുപോയ എന്റെ സഹോദരിയുടെ ആത്മാവ് എനിക്കരികില് വന്നു. ഞാന് അവളെ കെട്ടിപ്പിടിച്ചു. അവള് എന്നെ സ്വര്ഗത്തിലേക്ക് കൊണ്ടുപോയി. അതുകൊണ്ടു തന്നെ സ്വര്ഗത്തിലേക്ക് എനിക്ക് എപ്പോള് വേണമെങ്കിലും പ്രവേശിക്കാനാകും. അവിടെയുള്ളവരുമായി എനിക്ക് സംവദിക്കാന് സാധിക്കും. എന്റെ മക്കള് സ്വര്ഗത്തില് വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സ്വര്ഗം മനോഹരമാണ്. എനിക്ക് അവിടെ തന്നെ നില്ക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദൈവം പറഞ്ഞത്, ഭൂമിയില് ഒരുപാട് ദൗത്യങ്ങള് നിനക്ക് പൂര്ത്തിയാക്കാനുണ്ടെന്നാണ്. എന്റെ മക്കളെ സുരക്ഷിതരാക്കിയതില് എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരിക്കല് അവര് കല്ലറയില്നിന്ന് എന്നെ കാണാനെത്തി. അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അവര് പറഞ്ഞത്. അമ്മ വിഷമിക്കേണ്ട, ഞങ്ങള് സുരക്ഷിതരാണെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ടു തന്നെ എനിക്ക് ഇന്ന് വേദനയില്ല, ഭയമില്ല. ഇവിടുത്തെ ദൗത്യം അവസാനിച്ചാല് ഞാന് സ്വര്ഗത്തിലേക്ക് മടങ്ങിപ്പോകും''
ലോറി ഇതെല്ലാം പറഞ്ഞ് അവസാനിച്ചപ്പോള് കോടതിയില് നിശബ്ദതയിലേക്കാണ്ടു. കൊലപാതകങ്ങളിലും ഗൂഢാലോചനയിലും ലോറിയുടെ ന്യായവാദങ്ങള് കേട്ട ന്യായാധിപന് ഇങ്ങനെ പറഞ്ഞു
''അപൂര്വ്വങ്ങളില് അപൂര്വ്വമായ ഒരു കേസാണിത്. അതിക്രൂരം എന്ന് വിശേഷിപ്പിക്കാം. ടെയ്ലിയെയും ജോഷ്വയെയും തിരക്കി നിങ്ങളെ മകനും അമ്മയും സഹോദരിയുമെല്ലാം വിളിച്ചതിന്റെ ഫോണ് സംഭാഷണങ്ങള് ഞെട്ടലോടെയാണ് ഞാന് കേട്ടത്. അവര് ആ കുട്ടികളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു അത്. ആ കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള് ഇവിടെയിരിക്കുന്ന എല്ലാവരുടെയും ഹൃദയം തകര്ത്തു. സ്വന്തം കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ഒരമ്മ യാതൊരു കുറ്റബോധവുമില്ലാതെ ഇവിടെയിരിക്കുന്നത് കാണുമ്പോള് അതിശയം തോന്നുന്നു. നിങ്ങളുടെ അന്ധവിശ്വാസങ്ങളുടെ പേരില് ഒരുപാട് ഹൃദയങ്ങളാണ് തകര്ന്നത്. ഒരു ദൈവവും ഒരമ്മയെ കൊണ്ട് ഇങ്ങനെ ചെയ്യിക്കില്ല. നിങ്ങളുടെ ന്യായങ്ങള് വിവേചനബുദ്ധിയുള്ള ഒരാള്ക്കും ദഹിക്കുകയില്ല.''

2023, ജൂലൈ 31-നായിരുന്നു അന്തിമവധി പുറപ്പെടുവിച്ചത്. ലോറി ചെയ്ത കുറ്റങ്ങള്ക്ക് പരോള് കൂടാതെയുള്ള ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിധി വായിച്ച് കേട്ടുകൊണ്ടിരിക്കുന്ന അവസരത്തിലും ലോറിയുടെ മുഖത്ത് യാതൊരു തരത്തിലുള്ള കുറ്റബോധമോ പരിഭ്രമമോ ഉണ്ടായിരുന്നില്ല. ഐഡഹോയിലെ പൊക്കാറ്റലെ വിമണ്സ് കറക്ഷന് സെന്ററിലാണ് ലോറിയെ തടവില് പാര്പ്പിച്ചിരുന്നത്. മുന്ഭര്ത്താവ് ചാള്സിനെ കൊന്ന കേസിലെ വിചാരണ നേരിടാന് അരിസോണയിലേക്ക് ലോറിയെ മാറ്റിയിരിക്കുകയാണിപ്പോള്. ലോറിയുടെ കൂട്ടുപ്രതിയായ ഭര്ത്താവ് ചാള്സ് ഡേബെല്ലിന്റെ വിചാരണ 2024 എപ്രിലില് ആരംഭിക്കും. കൊലപാതകം, ഗൂഢാലോചന തുടങ്ങി ആറ് വകുപ്പുകളിലായാണ് ഇയാള്ക്കെതിരേയുള്ള കുറ്റങ്ങള് ചുമത്തിയിരിക്കുന്നത്.
ലോറിയുടെ ജീവിതത്തെ ആസ്പദമാക്കി 2022-ല് ലീ സോട്ടി എന്ന മാധ്യമപ്രവര്ത്തകന് വെന് ദ മൂണ്സ് ടേണ്സ് ടു ബ്ലഡി എന്ന പേരില് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അതേവര്ഷം തന്നെ സിന്സ് ഓഫ് അവര് മദര് എന്ന പേരില് നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തു. മൂന്ന് എപ്പിസോഡുകളുള്ള ഈ ഡോക്യുമെന്ററി ലോറിയുടെ മൂത്തമകന് കോള്ബിയുടെ കാഴ്ചപ്പാടിലൂടെയാണ് സഞ്ചരിക്കുന്നത്.
Content Highlights: horrific crime of Lori Vallow, chad Daybell, sins and sorrows, superstitious belief turned deadly
Published: 20 Dec 2023, 10:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented