കൊടുവള്ളി: പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് ലീഗ് ജില്ലാ കമ്മിറ്റി അംഗം എളേറ്റില്‍ വട്ടോളി ഞേളിക്കുന്നുമ്മല്‍ കൃഷ്ണനെ(48)യാണ് കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹന്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

To advertise here,

ഒന്നരമാസം മുന്‍പായിരുന്നു സംഭവം. ഇതുസംബന്ധിച്ച് കൃഷ്ണനുമായി സംസാരിച്ച കുട്ടിയുടെ മാതാവിന്റെ അമ്മയെ കൃഷ്ണന്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. 

ഇതിനിടെ അക്രമക്കേസില്‍ ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ജാമ്യം നേടിയ കൃഷ്ണന്‍ ചൊവ്വാഴ്ച വൈകീട്ട് കൊടുവള്ളി സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ പോലീസ് കൃഷ്ണനെ കസ്റ്റഡിയിലെടുത്തു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൃഷ്ണനെ സംഘടനാസംവിധാനങ്ങളില്‍നിന്നും പുറത്താക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: kozhikode dalit league leader arrested in a pocso case