
1976 ജൂണ്‍ 27, ഇസ്രയേലിലെ ടെല്‍ അവീവില്‍നിന്ന് എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് പാരീസിലേക്ക് പറന്നുയരുകയായിരുന്നു. 246 യാത്രക്കാരും 12 കാബിന് ക്ര്യൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഗ്രീസിലെ ഏതന്‍സില്‍നിന്ന് 58 യാത്രികര്‍ കൂടി കയറി. ഏതൊരു സാധാരണ യാത്രയും പോലെ തുടങ്ങിയ ആ വിമാനയാത്ര പിന്നീട് ലോകചരിത്രത്തിന്റെ ഭാഗമായി തീരുകയാണ് ഉണ്ടായത്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ അതിസാഹസികമായ, അവിശ്വസനീയമായ ഒരു രക്ഷാദൗത്യത്തിന്റെ നേർച്ചിത്രമായി അതുമാറി. എന്റബേ റെയ്ഡ് അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്.
ടെല്‍ അവീവില്‍നിന്ന് ഏതന്‍സിലെ വിമാനത്തില്‍ കയറിയ 58 യാത്രക്കാരില്‍ നാല് പേരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. വിമാനം പറന്നുയര്‍ന്നതിനു ശേഷം അത് തിരിച്ചറിയാന്‍ അധികസമയം വേണ്ടിവന്നില്ല. ശാന്തരായിരിക്കുന്ന യാത്രക്കാരില്‍നിന്ന് ആദ്യം ഒരു സ്ത്രീ ചാടി എഴുന്നേറ്റ് എല്ലാവര്ക്കും നേരേ തോക്ക് ചൂണ്ടി. തൊട്ടുപിന്നാലെ മൂന്ന് പുരുഷന്മാരും. തങ്ങള്‍ വിമാനം റാഞ്ചുകയാണെന്നും പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നും അവര്‍ യാത്രക്കാരോട് പറഞ്ഞു. കൂട്ടത്തിലൊരാള്‍ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറി പൈലറ്റുമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി. ഹൈജാക്കര്‍മാരില്‍ നാല് പേരില്‍ ജയേല്‍ അല്‍ അജ്റ, ഫായിസ് അബ്ദുള്‍ റഹീം അല്‍ ജാബെര്‍ എന്നിവര്‍ പലസ്തീന് വിമോചന സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന് അംഗങ്ങളായിരുന്നു. മറ്റു രണ്ടുപേര്‍ വെസ്റ്റ് ജര്‍മന്‍ റെവലൂഷനറി സെല്ലിന്റെ ഭാഗമായ ബ്രിഗിറ്റി കുല്‍മാന്‍, വില്‍ഫ്രിഡ് റോസ് എന്നിവരായിരുന്നു.
തട്ടിയെടുത്ത വിമാനവുമായി അവര്‍ നേരേ ഇറങ്ങിയത് ലിബിയയിലെ ബംഗാസി വിമാനത്താവളത്തിലായിരുന്നു. ഇന്ധനം നിറയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. യാത്രക്കാരുടെ കൂട്ടത്തില്‍ വൈദ്യസഹായത്തിന് അഭ്യര്‍ഥിച്ച ഒരു സ്ത്രീയെ അവര്‍ ബാംഗാസിയില് വിട്ടയച്ചു. പ്രശ്നം ഗുരുതരമാണെന്നും യാത്രക്കാരുടെ ജീവന് അപകടത്തിലാണെന്നും അധികൃതര്‍ അറിയണം. അതായിരുന്നു സ്ത്രീയെ വിട്ടയച്ചതിലെ പ്രധാന ഉദ്ദേശ്യം. കണക്കുകൂട്ടല്‍ തെറ്റിയില്ല. വിമാനം റാഞ്ചപ്പെട്ട വിവരം അധികം വൈകാതെ ഇസ്രയേല്‍ അധികൃതര്‍ അറിഞ്ഞു.

ബംഗാസിയില്നിന്ന് വിമാനം നേരേ പോയത് ഉഗാണ്ടയുടെ തലസ്ഥാനായ എന്റബെയിലാണ്. കാര്യമായ വികസനങ്ങളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു എന്റബെ വിമാനത്താവളം. അതിലുപരി ഈദി അമീന് ആയിരുന്നു അക്കാലത്ത് ഉഗാണ്ടയുടെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചതിനാലാണ് ഹൈജാക്കര്‍മാര്‍ ഇവിടം തിരഞ്ഞെടുത്തത്. എന്റബയില് എത്തിയ ഉടന്‍ മൂന്നൂ പേര് കൂടി ഹൈജാക്കര്മാര്ക്കൊപ്പം ചേര്‍ന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് വിമാനത്തില്‍നിന്ന് ബന്ദികള്‍ ഓരോരുത്തരെയായി താഴെ ഇറക്കി.
വിമാനത്താവളത്തിലെ ഉപയോഗശൂന്യമായ പഴയ ടെര്‍മിനലിലേക്കാണ് ബന്ദികളെ കൊണ്ടുപോയത്. വിമാനത്താവളത്തില്‍ ഏതാനും പട്ടാളക്കാരും പോലീസുകാരുമെല്ലാം കാവലുണ്ടായിരുന്നു. പക്ഷേ, അവരെല്ലാം ബന്ദികളെ കണ്ടില്ലെന്ന് നടിച്ചു. തങ്ങളുടെ പ്രസിഡന്റിന്റെ ഒത്താശയോടു കൂടിയുള്ള ദൗത്യമായതിനാല്‍ അവര്‍ക്ക് അവഗണിക്കാതെ തരമില്ലായിരുന്നു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈദി അമീന് ബന്ദികളോട് സംസാരിക്കാന്‍ നേരിട്ടെത്തി. ''നിങ്ങള്‍ നല്ലവരായിരിക്കാം, പക്ഷേ, നിങ്ങളുടെ രാജ്യം (ഇസ്രയേല്‍) അങ്ങനെയല്ല. ഞങ്ങള്‍ പറയുന്നതുപോലെ അനുസരിച്ചാല്‍ ഇവിടെ ആര്‍ക്കും ഒരു അസൗകര്യവും ഉണ്ടാവുകയില്ല. മറിച്ച് സംഭവിക്കാതിരിക്കട്ടെ. നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഞങ്ങള്‍ തരുന്നതായിക്കും. ഇനി സംസാരിക്കാനുള്ളത് നിങ്ങളുടെ സര്‍ക്കാറിനോടാണ്'.'- ഈദി അമീന് പറഞ്ഞു
വെെകാതെ തന്നെ ഹൈജാക്കര്‍മാര്‍ തങ്ങളുടെ ആവശ്യം ഇസ്രയേലിലിനെ അറിയിച്ചു. ബന്ദികളെ വെറുതെ വിടാം. പക്ഷേ, ഇസ്രയേലില്‍ തടവിലുള്ള തങ്ങളുടെ സംഘത്തിലെ 40 ഭീകരരെയും മറ്റു രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്ന 13 പേരെയും വിട്ടയക്കണം, കൂടാതെ അഞ്ച് മില്യണ്‍ യു.എസ്. ഡോളറും മോചനദ്രവ്യമായി നല്‍കണം. അതും 48 മണിക്കൂറിനുള്ളില്‍. ജൂലൈ ഒന്നിന് മുന്‍പ് അത് സംഭവിച്ചില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി വകവരുത്തും. പിന്നീട് ബന്ദികളെ ഹൈജാക്കര്‍മാര്‍ രണ്ടു സംഘങ്ങളായി വിഭജിച്ചു. ഇസ്രയേലുകാരാണ് ഒരു വിഭാഗത്തിലുണ്ടായിരുന്നത്. മറുഭാഗത്ത് മറ്റു രാജ്യങ്ങളിൽനിന്നുള്ളവരും.
ഇസഹാക്ക് റാബിനായിരുന്നു അക്കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്ത്രി. ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് ഇസ്രയേലിന്റെ നിലപാടല്ല. എന്നാല്‍, ബന്ദികളെ മോചിപ്പിക്കാന്‍ അധികം സമയവുമില്ല. തുടര്‍ന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ കാബിനറ്റ് കൂടി. പ്രതിരോധ മന്ത്രി ഷിമോണ്‍ പെരേസും ചര്‍ച്ചയില്‍ പങ്കെടുത്തു. ബന്ദികളുടെ ജീവന് നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ഭീകരരുടെ ആവശ്യത്തിന് വഴങ്ങേണ്ടി വരുമെന്ന നിലപാടാണ് ഇസഹാക്ക് റാബിന് സ്വീകരിച്ചത്. ഭീകരവാദികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇസ്രയേലിനെക്കുറിച്ച് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഷിമോണ്‍ പെരേസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുന്നോട്ടുള്ള നീക്കത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഷിമോണ്‍ പെരേസിന്റെ നിലപാട് കൃത്യമായിരുന്നെങ്കിലും അതു നടപ്പാക്കാനുള്ള പ്രായോഗികമായ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ജൂണ്‍ 30-ന് ഇസ്രയേലുകാരല്ലാത്ത 48 ബന്ദികളെ ഭീകരവാദികള്‍ മോചിപ്പിക്കുന്നു. രോഗികളും അമ്മമാരും കുഞ്ഞുങ്ങളുമാണ് 48 പേരില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ജൂലൈ ഒന്നിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ജൂലൈ നാലു വരെ ഭീകരവാദികള്‍ ഇസ്രയേലിന് സമയം അനുവദിച്ചു. 100 ബന്ദികളെ കൂടി പിന്നീട് ഭീകരവാദികള്‍ മോചിപ്പിച്ചു. ബാക്കിയുള്ളത് 106 ബന്ദികള്‍. അതില്‍ 84 ഇസ്രയേലുകാരും പത്ത് ചെറുപ്പക്കാരായ ഫ്രഞ്ച് യാത്രികരുമായിരുന്നു. എയര്‍ ഫ്രാന്‍സിലെ 12 ജീവനക്കാരെയും മോചിപ്പിച്ചു. പക്ഷേ, അവര്‍ പോകാന്‍ വിസമ്മതിച്ചു. തങ്ങളുടെ വിമാനത്തിലെ യാത്രികരെയാണ് ബന്ദികളാക്കി വച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരെ ഉപേക്ഷിച്ചു പോകാനാകില്ലെന്നുമായിരുന്നു വിമാന ജീവനക്കാരുടെ നിലപാട്. ബന്ദികള്‍ക്കൊപ്പം അവരും നിലകൊണ്ടു.
ജൂലൈ നാലിലേക്ക് ഇനി അധികസമയമില്ല. തുടര്‍ന്ന് ഇസഹാക്ക് റാബിന് ഇസ്രയേല്‍ മുന്‍പ്രതിരോധ വിദഗ്ധനായ ബറൂച്ച ബര്ലേവിന്റെ സഹായം തേടാന്‍ തീരുമാനിക്കുന്നു. ബറൂച്ച ബര്ലേവിന് ഈദി അമീനെ വര്‍ഷങ്ങളായി അറിയാം. ബന്ദികളെ മോചിപ്പിക്കണമെന്ന് ഈദി അമീനോട് അഭ്യര്‍ഥിക്കണമെന്നാണ് ബറൂച്ച ബര്ലേവിനോട് ഇസഹാക്ക് റാബിന് പറഞ്ഞത്. തുടര്‍ന്ന് ഈദി അമീനുമായി ബറൂച്ച ഫോണില്‍ ബന്ധപ്പെടുകയാണ്. ആദ്യ ഫോണ്‍വിളിയില്‍ തന്നെ പറ്റില്ലെന്നാണ് ഈദി അമീന് പറഞ്ഞത്. നിരന്തരമായി ബന്ധപ്പെട്ടിട്ടും ഈദി അമീന്റെ നിലപാടില്‍ മാറ്റം സംഭവിക്കാതെ വന്നപ്പോള്‍ ആ വഴി പൂര്‍ണമായും അടഞ്ഞു. അമേരിക്കയുമായി ബന്ധപ്പെടുകയാണ് പിന്നീട് ഇസ്രയേല്‍ സര്‍ക്കാര്‍ ചെയ്തത്. അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായ അന്‍വര്‍ സാദത്തിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ അമേരിക്ക ആവശ്യപ്പെടണമെന്നതായിരുന്നു ഇസ്രയേലിന്റെ അഭ്യര്‍ഥന.
ഈ സമയത്തെല്ലാം ബന്ദികളുടെ ആവശ്യം അംഗീകരിക്കണോ അതോ സൈനികനടപടി സ്വീകരിക്കണോ എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിലുള്ള സംവാദം ഒരുവശത്ത് കനക്കുകയാണ്. ഭീകരരുമായി സന്ധിയില്ലെന്ന ഷിമോണ്‍ പെരേസിന്റെ നിലപാടിന് പിന്നില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് സ്പെഷൽ ഫോഴ്സ് യൂണിറ്റായ സൈരത് മത്കലിന്റെ തലവന്‍ ലെഫ്റ്റനന്റ് കേണല്‍ യോനാഥന്‍ നെതന്യാഹുവായിരുന്നു. ഇന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജ്യേഷ്ഠസഹോദരനാണ് ജോനാഥന് നെതന്യാഹു. സൈനിക നടപടിയില്‍ ഇസ്രയേലിന് പൂര്‍ണമായും വിജയിക്കാനാകുമെന്നും ലോകത്തിന് മുന്പില് തങ്ങളുടെ രാജ്യത്തിന്റെ യശസ്സ് കൂടുതല്‍ ഉയരുമെന്നും ഷിമോണ്‍ പെരേസിനോട് യോനാഥന്‍ നെതന്യാഹു പറഞ്ഞു. അദ്ദേഹം നല്കിയ ആത്മവിശ്വാസമാണ് പ്രതിരോധമന്ത്രിയെ നിലപാടില്‍ ഉറച്ചുനില്ക്കാന് ശക്തമായി പ്രേരിപ്പിച്ചത്.

ഇസ്രയേലിൽനിന്ന് ഏകേദശം 3300 കിലോ മീറ്ററുകള്‍ക്കപ്പുറത്താണ് ഉഗാണ്ട. ആകാശമാര്‍ഗമുള്ള സൈനികദൗത്യം മാത്രമാണ് പ്രയോഗികം. ജൂലൈ നാല് ഉച്ചയ്ക്ക് 12 മണിവരെയാണ് ഭീകരര്‍ സമയം അനുവദിച്ചിരിക്കുന്നത്. ബന്ദികളെ രക്ഷപ്പെടുത്താനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ പൊടിപിടിക്കുകയാണ്. അതിനിടെ ബ്രിഗേഡിയര്‍ ഡാന്‍ ഷോമ്രോണ് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും പ്രതിരോധസേനയുടെ തലവനുമായ മോര്ദസായി ഗോറിനും മുന്നില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്നു. വിദഗ്ധരായ 100 സൈനികരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നതായിരുന്നു അതിലെ പ്രധാന ആവശ്യം. അതിവേഗത്തില്‍ തന്നെ പരിശീലനം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഡാന്‍ ഷോമ്രോണ് പറഞ്ഞു. സൈനിക നടപടിയിലേക്കു പോകുന്നതില്‍ അപ്പോഴും പ്രധാനമന്ത്രി ഇസഹാക്ക് റാബിന് എതിര്‍പ്പായിരുന്നു.
ദൗത്യം നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍ക്കിടയിലും ഇസ്രയേലിന് അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ടായിരുന്നു. എന്റബേ വിമാനത്താവളം പണിതത് ഒരു ഇസ്രയേലി സ്ഥാപനമായിരുന്നു. അവര്‍ വിമാനത്താവളത്തിന്റെ ബ്ലൂ പ്രിന്റ് ഡാന്‍ ഷോമ്രോണ് നല്കി. ഭീകര്‍ വിട്ടയച്ച ബന്ദികളില്‍ ഒരാള്‍ ഒരുപാട് നിര്‍ണായകമായ വിവരങ്ങള്‍ ഇസ്രയേല്‍ സര്‍ക്കാറിന് കൈമാറി. എവിടെ എങ്ങിനെയാണ് ബന്ദികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്, എത്ര ഭീകരര്‍ ഉണ്ട്, അവര്‍ എവിടെയാണ് കാവല്‍നില്‍ക്കുന്നത് തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

ഇസ്രയേലും ഉഗാണ്ടയും തമ്മിലുള്ള ദൂരമായിരുന്നു അടുത്ത വെല്ലുവിളി. ഹെര്‍കുലസ് വിമാനങ്ങളാണ് ദൗത്യത്തിനായി കൊണ്ടുപോകുന്നത്. ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ടതിനാല്‍ വഴിയില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറക്കി ഇന്ധനം നിറയ്ക്കേണ്ടി വരും. ഇസ്രയേലിനോട് അനുഭാവമുള്ള രാഷ്ട്രങ്ങള്‍ ഉണ്ടെങ്കിലും ഈദി അമീന്റെ ശത്രുത വിളിച്ചുവരുത്തുന്നതില്‍ അവര്‍ക്കെല്ലാം ഭയമായിരുന്നു. രഹസ്യസ്വഭാവമുള്ള ദൗത്യമായതിനാല്‍ അത് ചോര്‍ന്ന് പോയാല്‍ എല്ലാ പദ്ധതികളും പാളും. ഈ സാഹചര്യത്തില്‍ ബ്രിട്ടന്റെ ഇന്റലിജന്‍സ് ഏജന്‍സി എം16യുടെ തലവനായ സര് മോറിസ് ഓള്‍ഡ്ഫീല്‍ഡാണ് ഇസ്രയേലിനെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കെനിയയില്‍ ഇറക്കി ഇന്ധനം നിറയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നന്നായിരിക്കുമെന്ന് സര് മോറിസ് ഓള്‍ഡ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഓള്‍ഡ്ഫീല്‍ഡ് വഴി മൊസാദ് കെനിയര്‍ കാർഷിക മന്ത്രി ബ്രൂസ് മക്കന്‍സിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യം അറിയിച്ചു. അദ്ദേഹം കെനിയര്‍ പ്രസിഡന്റ് ജോമോ കെന്യാട്ടയോട് ഇസ്രായേലിന്റെ ആവശ്യം അംഗീകരിക്കണമെന്ന് അപേക്ഷിച്ചു. പറ്റില്ലെന്നായിരുന്നു, ജാമോ കെന്യാട്ടയുടെ ആദ്യ മറുപടി. ഒടുവില്‍ ഒട്ടേറെ നയതന്ത്ര വിദഗ്ധരുടെയും കെനിയയില്‍ നിക്ഷേപം നടത്തുന്ന വ്യവസായ പ്രമുഖരുടെയും ഇടപെടൽ മൂലം ജാമോ കെന്യാട്ട പച്ചക്കൊടി വീശി.
വളരെ ജാഗ്രതയോടെ കെെകാര്യം ചെയ്തിട്ടും അതീവ രഹസ്യസ്വഭാവമുള്ള ദൗത്യത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും പറയപ്പെടുന്നുണ്ട്. ഉഗാണ്ടയിലെ കെനിയന്‍ എംബസി ഉദ്യോഗസ്ഥരാണ് ഇതേക്കുറിച്ച് ആദ്യം അറിഞ്ഞത്. എന്നാല്‍, ഇത് വെറും അസംബന്ധമാണെന്നും പ്രായോഗികമായി ഒരാള്‍ക്കും അങ്ങനെ ചെയ്യാനാകില്ലെന്നും പറഞ്ഞ് അവരതിനെ പുച്ഛിച്ച് തള്ളി.
രാത്രിയിലാണ് എന്റബേയില്‍ വിമാനം ഇറക്കാന്‍ ഉദ്ദേശിച്ചത്. ചിലപ്പോള്‍ വെളിച്ചമുണ്ടായിരിക്കുകയില്ല. അല്ലെങ്കില്‍ മങ്ങിയ വെളിച്ചത്തില്‍ വിമാനം ഇറക്കേണ്ടി വരും. അതിനാല്‍ പരിമിതമായ വെളിച്ചത്തില്‍ വിമാനം ഇറക്കാനുള്ള പരിശീലനം പൈലറ്റുമാര്‍ക്ക് നല്കാന് പ്രതിരോധ വകുപ്പ് തീരുമാനിക്കുന്നു. പരിശീലനത്തിന് വേണ്ടി ആദ്യമിറങ്ങിയ വിമാനം തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. അത് കടുത്ത ആശങ്ക സൃഷ്ടിച്ചു. സൈനിക നടപടി ബന്ദികളുടെ ജീവന് മാത്രമല്ല, സൈനികരെയും വലിയ അപകടത്തില്‍ കൊണ്ടെത്തിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, അപ്പോഴും പ്രതിരോധ മന്ത്രി ഷിമോണ്‍ പെരേസ് സൈനിക നടപടി എന്ന നിലപാടില്‍ ഉറച്ചുനിന്നു.
1976 ജൂലൈ 3, ഉച്ചയ്ക്ക് 1: 20
ഓപ്പറേഷന് തണ്ടര്ബോള്ട്ടിന് തുടക്കമാകുന്നു. നാല് ഹെര്‍കുലസ് വിമാനങ്ങളും രണ്ട് ബോയിങ് വിമാനങ്ങളും എന്റബേ ലക്ഷ്യമാക്കി പറന്നുയര്‍ന്നതിന് ശേഷം മാത്രമാണ് ഇസ്രയേല്‍ കാബിനറ്റിനോട് പോലും രക്ഷാദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. യോനാഥന്‍ നെതന്യാഹുവാണ് ഓപ്പറേഷന് തണ്ടര്ബോള്ട്ടിന് നേതൃത്വം നല്‍കുന്നത്. രണ്ട് ജീപ്പുകളും ഈദി അമീന്റെ കാറിനോട് സാദൃശ്യമുള്ള ഒരു കറുത്ത കാറും അവര്‍ കൈവശം കരുതി. കേണല്‍ മറ്റാന്‍ വില്നൈയി, കേണല്‍ സഗീസ് ഗൊലാനി, മേജര്‍ ഷൗള്‍ മൊഫാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമായിരുന്നു.

ഈജിപ്ത്, സുഡാന്, സൊമാലിയ, സൗദി അറബ്യേ തുടങ്ങിയ രാജ്യങ്ങളുടെ റഡാറുകളില്പെടാതിരിക്കാന് വളരെ താഴ്ന്ന് സാവധാനമാണ് വിമാനങ്ങള്‍ പറന്നത്. ചെങ്കടലിന് കുറുകേ സഞ്ചരിച്ച് എത്യോപ്യ വഴി സൊമാലിയയിലൂടെ നെയ്റോബിയിലെത്തി. ആവശ്യത്തിനുള്ള ഇന്ധനം നിറച്ച് സജ്ജമായതിന് ശേഷം വിക്ടോറിയന്‍ തടാകത്തിന് മുകളിലൂടെ പറന്ന് എന്റബേ വിമാനത്താവളത്തിന് മുകളിലെത്തി. അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി വാമനത്താവളത്തില്‍ വെളിച്ചമുണ്ടായിരുന്നു. എന്നിരുന്നാല്‍പോലും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പ്രദേശിക സമയം രാത്രി 11: 01-ന് ഹെര്‍കുലസ് വിമാനം 1 എന്റബേയുടെ റണ്‍വേയില്‍ ഇറങ്ങി. അങ്ങനെ ഏഴ് മണിക്കൂര്‍ 40 മിനിറ്റുകള്‍ നീണ്ട യാത്രയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. തൊട്ടുപിന്നാലെ വന്ന മൂന്ന് ഹെര്‍കുലസ് വിമാനങ്ങളും രണ്ട് ബോയിങ് വിമാനങ്ങളും സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതെല്ലാം നടക്കുന്നത് പുതിയ ടെര്‍മിനലിന് സമീപമാണ്. ഭീകരര്‍ ബന്ദികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് പഴയ ടെര്‍മിനലിലും. പഴയ ടെര്‍മിനലും പുതിയ ടെര്‍മിനലും തമ്മില്‍ നല്ല ദൂരമുണ്ട്. അത് ഇസ്രയേല്‍ സൈന്യത്തിന് അനുകൂല സാഹചര്യമൊരുക്കി.
വിമാനത്തില്‍ കരുതിയ കറുത്ത മേഴ്സിഡസ് കാറിലും രണ്ടു ലാന്‍ഡ് റോവറുകളിലുമായി യോനാഥന്‍ നെതന്യാഹുവും സംഘവും പഴയ ടെര്‍മിനലിലേക്ക് യാത്ര തിരിച്ചു. തങ്ങള്‍ ഉഗാണ്ടന്‍ സൈന്യമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് അവര്‍ മുന്നോട്ട് നീങ്ങിയത്. ഈദി അമീന്റെ കറുത്ത കാറിന്റെ അതേ മോഡലായിരുന്നു നെതന്യാഹുവും സംഘവും ഉപയോഗിച്ചത്. എന്നാല്‍, പഴയ ടെര്‍മിനലിന് സമീപം നില്ക്കുന്ന രണ്ടു ഗാര്‍ഡുകള്‍ക്ക് സംശയം തോന്നി. കാരണം മറ്റൊന്നുമല്ല, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈദി അമീന് വെളുത്ത നിറത്തിലുള്ള പുതിയ മെഴ്സിഡസ് എടുത്തത്. തങ്ങളുടെ കണ്മുന്പിലൂടെ പോകുന്ന കറുത്ത കാര്‍ ഈദി അമീൻറേതല്ലെന്നു മനസ്സിലായ കാവല്ക്കാര് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തല്‍ക്ഷണം തന്നെ സൈലന്‍സറുള്ള തോക്കുകള്‍ ഉപയോഗിച്ച് അവരെ കൊലപ്പെടുത്താന്‍ യോനാഥന്‍ നെതന്യാഹു കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്കി. പക്ഷേ, അവര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് തന്നെ പിറകില്‍ ലാന്‍ഡ് റോവറില്‍ സഞ്ചരിച്ചിരുന്ന ഒരു കമാന്‍ഡോ സൈലന്‍സര്‍ ഇല്ലാത്ത തോക്കില്‍നിന്ന് ഗാര്‍ഡുകള്‍ക്ക് നേരേ വെടിയുതിര്‍ത്തു. ഭീകരവാദികളും ഉഗാണ്ടന്‍ സൈന്യവും അത് കേട്ടിട്ടുണ്ടാവുമെന്നും ഇനി കാത്തിരിക്കുന്നത് അപകടമാണെന്നും മനസ്സിലാക്കിയ ഇസ്രയേല്‍ സൈന്യം പഴയ ടെര്‍മിനലിലേക്ക് കുതിച്ചു.

സെവൻ ഡേയ്സ് ഇൻ എന്റബേ എന്ന ചിത്രത്തിൽ നിന്നുള്ള രംഗം
ടെര്മിനലിനകത്തേക്ക് പ്രവേശിച്ചതും, 'ഞങ്ങള്‍ ഇസ്രയേലി സൈനികരാണ്, എല്ലാവരും താഴെ കിടക്കൂ, താഴെ കിടക്കൂ' എന്ന് മെഗാഫോണിലൂടെ ഹീബ്രുവിലും ഇംഗ്ലീഷിലും ഉറക്കെ വിളിച്ചു പറഞ്ഞു. ബന്ദികളെ പഴയ ടെര്‍മിനലിന്റെ പ്രധാന മുറിയിലാണ് പിടിച്ചുവച്ചിരുന്നത്. ഭീകരവാദികള്‍ക്ക് നേരേ ഇസ്രയേല്‍ സൈന്യം നിറയൊഴിച്ചു. അവര്‍ തിരിച്ചും. വെറും ആറ് മിനിറ്റുകള്‍ കൊണ്ട് എട്ട് ഭീകരവാദികളാണ് മരിച്ച് വീണത്. വെടിവെപ്പിനിടെ മൂന്ന് ബന്ദികള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ ഫ്രാന്‍സില്‍നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ പത്തൊന്‍പതുകാരനും റഷ്യയില്‍നിന്ന് കുടിയേറിയ അന്പത്തിയാറുകാരനുമാണ് മരിച്ചത്. പരിക്കേറ്റയാൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.

പിന്നീട് ശക്തമായ ആക്രമണം ഉണ്ടായത് ഉഗാണ്ടന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നാണ്. അവര്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെയും ബന്ദികൾക്ക് നേരെയും വെടിയുതിര്‍ത്തു. ബന്ദികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. എന്നാല്‍, കണ്ട്രോള് ടവറിന് മുകളില്‍ പതിയിരുന്ന ഉഗാണ്ടന്‍ സൈനികര്‍ നിറയൊഴിച്ചപ്പോള്‍ അത് ബന്ദികളെ വിമാനത്തിലേക്ക് സുരക്ഷിതമായി മാറ്റികൊണ്ടിരുന്ന യോനാഥന്‍ നെതന്യാഹുവിന്റെ ജീവനെടുത്തു. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, മറുവശത്ത് 45 ഉഗാണ്ടന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പോരാട്ടം കനത്തതോടെ വിമാനത്താവളത്തിന്റെ മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന ഉഗാണ്ടന്‍ സൈന്യത്തിന്റെ മിഗ് വിമാനങ്ങള്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് എഹൂദ് ബരാക്കിന്റെ ശ്രദ്ധ ക്ഷണിച്ചു. ലാന്‍ഡ് റോവറില്‍ മിഗ് വിമാനങ്ങള്‍ക്ക് നേരേ കുതിച്ച എഹൂദ് ബരാക്ക് അവയ്ക്കുനേരേ വെടിയുതിര്‍ത്തു. അവിടെ നിര്‍ത്തിയിട്ടിരുന്ന 11 വിമാനങ്ങളെ നിമിഷനേരങ്ങള്‍ കൊണ്ട് ബരാക്ക് നാമാവശേഷമാക്കി. ബരാക്ക് തിരിച്ചെത്തിയപ്പോഴേക്കും ഭീകരരെ തുരത്തിയ ഇസ്രയേല്‍ സൈന്യം ബന്ദികളെ രക്ഷപ്പെടുത്തി വിമാനങ്ങളിലെത്തിച്ചു കഴിഞ്ഞിരിക്കുന്നു. വെറും 58 മിനിറ്റുകള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ 106-ല്‍ 103 ബന്ദികളെയും മോചിപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ സൈന്യം എന്റബെയുടെ മണ്ണ് വിട്ടത്.

വില കൊടുത്ത് കെനിയ
ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട് അല്ലെങ്കില്‍ എന്റബേ റെയ്ഡ് ഇസ്രയേലിനെ സംബന്ധിച്ച് ചരിത്രവിജയമാണ്. തീവ്രവാദത്തോട് സന്ധിയില്ലെന്ന സന്ദേശം ലോകം മുഴുവന്‍ നല്കാന് ഇസ്രയേലിന് സാധിച്ചു. തീവ്രവാദത്തെ എങ്ങനെ നേരിടാമെന്ന് ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട് കാണിച്ചുതന്നു. അതിസാഹസികമായ ഈ ദൗത്യം കാലമെത്ര കഴിഞ്ഞാലും ലോകത്തിൽ മുഴങ്ങുമെന്നാണ് പിന്നീട് ബ്രിഗേഡിയര്‍ ജനറല്‍ ഡാന്‍ ഷോമ്രോണ് പറഞ്ഞത്.
അതേസമയം, ഇസ്രയേലിനെ സഹായിച്ചതിന്റെ പരിണിതഫലമായി കെനിയയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഉഗാണ്ടയുടെ മണ്ണിൽ വന്ന് അവിശ്വസനീയമാം വിധം ബന്ദികളെ മോചിപ്പിക്കുകയും ഭീകരരെയും തന്റെ സേനയിലെ 45 സൈനികരെയും വധിക്കുകയും ചെയ്ത ഇസ്രയേലിന്റെ നടപടി ഏകാധിപതിയായ ഈദി അമീന് കടുത്ത തിരിച്ചടിയായി. ജനങ്ങൾക്ക് തന്നോടുള്ള ഭയവും ബഹുമാനവും കുറയുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്ക. തുടർന്ന് ഉഗാണ്ടയിൽ താമസിക്കുന്ന കെനിയക്കാരെ മുഴുവൻ കൊന്നൊടുക്കാൻ ഈദി അമീൻ ഉത്തരവിട്ടു. 245 പേരാണ് ഉഗാണ്ടൻ സൈന്യത്തിന്റെ തോക്കിന് ഇരയായത്. മൂവായിരത്തോളം വരുന്ന കെനിയക്കാർ മരണഭയത്തിൽ തൊട്ടടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. കെനിയൻ കാർഷിക മന്ത്രി ബ്രൂക്ക് മക്കൻസിയാണല്ലോ ഇസ്രയേലിന് വേണ്ടി കെനിയൻ പ്രസിഡന്റിനോട് സംസാരിച്ചത്. അതിനാൽ സ്വാഭാവികമായും മക്കൻസിയും ഈദി അമീന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. 1978-ൽ ഒരു എയർക്രാഫ്റ്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മക്കൻസി കൊല്ലപ്പെട്ടു. പിന്നീട് മക്കൻസിയോടുള്ള ആദരസൂചകമായി ഇസ്രയേൽ ഒരു വനം നട്ടുവളർത്തി.

ഭീകരവാദികളുടെ പിടിയിലിരിക്കേ ഡോറ ബ്ലോച്ച് എന്ന 74 വയസ്സുകാരിയായ ഇസ്രയേലി വനിതയെ ഉഗാണ്ടയിലെ കംപാല ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു അത്. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടും ബന്ദികളുടെ അടുത്തേക്ക് പോകാന്‍ ഇവര്‍ തയ്യാറായില്ല. ഒരു ദിവസം കൂടി തനിക്ക് വിശ്രമം ആവശ്യമാണെന്നും സുഖമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. അന്ന് രാത്രിയാണ് ഇസ്രയേല്‍ സേന ബന്ദികളെ മോചിപ്പിക്കാനെതത്തിയത്. അതോടെ ഡോറ ബ്ലോച്ച് ഉഗാണ്ടയില്‍ കുടുങ്ങി. എന്റബേ റെയ്ഡിന് ശേഷം കലി പൂണ്ട ഈദി അമിന്‍ ഡോറ ബ്ലോച്ചിനെയും കൊല്ലാന്‍ ഉത്തരവിട്ടു. 1979-ല്‍ ഉഗാണ്ടന്‍- ടാന്‍സാനിയര്‍ യുദ്ധം നടക്കുമ്പോള്‍, ടാന്‍സാനിയന്‍ സേന കരിമ്പ് തോട്ടത്തില്‍നിന്ന് ഡോറ ബ്ലോച്ചിന്റെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
രക്ഷാദൗത്യത്തിനിടെ ജീവന് നഷ്ടപ്പെട്ട യോനാഥന്‍ നെതന്യാഹുവിനോടുള്ള ആദരസൂചകനായ ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ടിനെ ഓപ്പറേഷന് യോനാഥന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. കടുത്ത വിമര്‍ശനമാണ് അത് വഴിവച്ചത്. ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ടിന്റെ ചര്‍ച്ചകളില്‍ നെതന്യാഹു ഒരിക്കലും ഭാഗമായിരുന്നില്ലെന്നും ദൗത്യത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് അദ്ദേഹത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് എന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍, എതിര്‍പ്പുകളെ വകവയ്ക്കാതെ ഇസ്രയേലി സര്‍ക്കാര്‍ ഓപ്പറേഷന് തണ്ടര്ബോള്ട്ടിന് ഓപ്പറേഷന് യോനാഥന്‍ എന്ന പേര് നല്കി.

ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ടിനെ ആസ്പദമാക്കി ഒട്ടേറെ സിനിമകളും പുസ്തകങ്ങളും സീരീസുകളും ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. റൈയ്ഡ് ഓണ്‍ എന്റബേ (1976), വിക്ടറി അറ്റ് എന്റബേ (1976, ), ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട് (1977), സെവന് ഡേയ്സ് ഇന്‍ എന്റബേ തുടങ്ങിയവയെല്ലാം ഏതാനും ഉദാഹരണങ്ങള്‍
മാത്രമാണ്.
Content Highlights: entebbe raid, Israel, shimon peres, yitzhak rabin, idi amin, Uganda, Kenya, films
Published: 22 Aug 2023, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented