നെടുങ്കണ്ടം (ഇടുക്കി): ശാന്തൻപാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യവസായി നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്‌കാരവും സംഘടിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന്, തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തൻപാറ പോലീസ് കേസെടുത്തത്.
ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് ഡി.ജെ. പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റിസോർട്ടിൽ പാർട്ടിക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഇതിൽ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.
നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. എന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുത്തില്ല. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് കേസെടുത്തത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു.
Content Highlights:covid regulations violated dj party and belly dance conducted in a resort in nedumkandam idukki
Published: 04 Jul 2020, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented