
ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. യുവതിയെയും വീട്ടുകാരെയും മുറിയിൽ പൂട്ടിയിട്ട മോഷ്ടാക്കൾ സ്വർണം-വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ സാധനങ്ങൾ കൊള്ളയടിച്ചെന്നാണ് പരാതി. വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കിന്റെ ഒരു കാർട്ടണും മോഷ്ടാക്കൾ കവർന്നതായും പരാതിയിൽ പറയുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ഉറങ്ങുകയായിരുന്ന വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്നാണ് വീട്ടിലെ മറ്റുമുറികളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവർന്നത്. പുലർച്ചെ നാലുമണിയോടെയാണ് രചനയും കുടുംബാംഗങ്ങളും മുറി പുറത്തുനിന്ന് പൂട്ടിയിട്ടതായി അറിയുന്നത്. ഇതോടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തിയാണ് ഇവരെ മുറി തുറന്ന് രക്ഷപ്പെടുത്തിയത്.
സിസിടിവി ക്യാമറയിൽ കുടുങ്ങാതിരിക്കാൻ മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം തിരിച്ചുവെച്ചിരുന്നതായി പോലീസ് പറഞ്ഞു. മുഖംമറച്ചെത്തിയ മോഷ്ടാവ് വടി കൊണ്ട് ക്യാമറ തിരിച്ചുവെയ്ക്കുന്ന ദൃശ്യങ്ങൾ ഒരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള രചന, 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീട്ടിൽ കവർച്ച നടന്നതെന്നാണ് പോലീസ് പറയുന്നത്. 'ഹോം ടൂർ' വീഡിയോയിൽ രചന തന്റെ വീടും മുറികളും വീട്ടുപരിസരവും വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴികളുമെല്ലാം വിശദമായി കാണിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ തന്റെ കൈവശമുള്ള ആഭരണങ്ങളും കാണിച്ചിരുന്നു. ഈ വീഡിയോകൾ കണ്ടതിന് ശേഷമാകാം മോഷ്ടാക്കൾ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം.
Content Highlights: YouTuber Rachna Gurjar robbed of Rs 10 lakh in Shivpuri, Madhya Pradesh., Police suspect the 'Home Tour' video and jewellery display videos were used by thieves to plan the heist., Intruders locked the family in a room and disabled CCTV cameras before stealing gold, silver, and cash., The incident highlights the severe security risks associated with sharing private home details on social media.
Published: 08 Jun 2026, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented