വാടാനപ്പള്ളി: വീട്ടിൽ നടന്ന മോഷണത്തിൽ പരാതി പറഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് വൈകിയതോടെ മോഷ്ടാക്കളെ കണ്ടെത്തി പോലീസിലേൽപ്പിച്ച് വീട്ടുടമ.
തൃത്തല്ലൂർ കിഴക്ക് ഏംഗൽസ് നഗറിൽ പൊതുപ്രവർത്തകൻ ഗിരീഷ് മാത്തുക്കാട്ടിലിന്റെ വീട്ടിൽനിന്നാണ് ഏതാനും ദിവസംമുൻപ് പകൽ വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങളും വീട്ടുപകരണങ്ങളും മറ്റും മോഷണംപോയത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. എന്നാൽ, വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു.
തുടർന്നാണ് വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയത്. തെളിവുകളുണ്ടായിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചത്.
ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ മോഷ്ടാക്കളെയും സാധനങ്ങൾ കൊണ്ടുപോയ വാഹനവും കണ്ടെത്തി. നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചുനടന്നശേഷമാണ് ഗണേശമംഗലം പടിഞ്ഞാറുവെച്ച് മോഷ്ടാക്കളിലൊരാളെ ഇവർ കണ്ടെത്തിയത്. പിന്തുടർന്നതോടെ മറ്റു രണ്ടുപേരെയും കണ്ടെത്താനായി. തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളായിരുന്നു മോഷ്ടാക്കൾ.
തുടർന്ന് പോലീസെത്തി നാടോടിസ്ത്രീകളെ പിടികൂടി. മോഷണസാധനങ്ങൾ കണ്ടെടുത്തു. പലപ്രദേശങ്ങളിലായി ഒട്ടനവധി മോഷണംനടത്തിയവരാണിവർ. വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപനും ഗിരീഷിനെ സഹായിക്കാനെത്തിയിരുന്നു.
Published: 18 Sept 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented