അലിഗഢ്:  വിവാഹവാഗ്ദാനം നല്‍കി ഭീഷണിപ്പെടുത്തിയ യുവാവിനു നേരെ റസ്റ്ററൻ്റിനുള്ളിലെ സംഭാഷണത്തിനിടെ  ആസിഡ് ഒഴിച്ച് യുവതി. വിവാഹ മോചിതയായ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന വിവേക് എന്നയാൾ  തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതാണ് ആസിഡ് ഒഴിക്കാൻ പ്രേരിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.

To advertise here,

നേരില്‍ കണ്ട് സംസാരിക്കാന്‍ തീരുമാനിച്ച് പ്രഭാത ഭക്ഷണം കഴിക്കാനായി റസ്റ്ററൻ്റിൽ എത്തിയപ്പോഴാണ് യുവതി യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള റസ്റ്ററന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. റസ്റ്ററൻ്റിൽ എത്തി സംസാരത്തിനിടെ യുവതി ബാഗില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്ന് ദ്രാവകം യുവാവിന്റെ മുഖത്തൊഴിക്കുകയായിരുന്നു. 

'അയാളെന്നെ തുടര്‍ച്ചയായി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് ആസിഡ് ഒഴിച്ചത്. വിവാഹ മോചിതയായ എന്നെ വിവാഹം ചെയ്യമെന്ന് പറഞ്ഞ് അയാള്‍ തുടര്‍ച്ചായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു'. യുവതി പറയുന്നു. 

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പോലീസെത്തുംമുമ്പുതന്നെ ഷര്‍ട്ട് ഊരിയറിഞ്ഞ ശേഷം യുവാവ് റസ്റ്ററന്റില്‍ നിന്ന് രക്ഷപ്പെട്ടു. അറസ്റ്റിലായ യുവതി  പോലീസ് കസ്റ്റഡിലാണ്. 

കട തുറക്കുന്നതിനുമുമ്പുതന്നെ റസ്റ്ററന്റിന്റെ മുമ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു യുവതി. കട തുറന്ന്  കുറച്ച് സമയത്തിനു ശേഷം ഉള്ളില്‍ കയറി ഇരുന്നുവെന്നും ഇവരെ യുവാവ് കാണാന്‍ എത്തുകയായിരുന്നുവെന്നും  റസ്റ്ററന്റ് മാനേജര്‍ പറഞ്ഞു.

യുവാവ് എത്തിയതിനു ശേഷം ഭക്ഷണം ഓര്‍ഡര്‍ നല്‍കി. ഇരുവരും സംസാരിച്ചിരിക്കവേ പെട്ടന്നാണ് യുവതി ആസിഡ് ഒഴിച്ചതെന്നും മാനേജര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എ.സി.പി മായങ്ക് പതക് പറഞ്ഞു.