കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം ശിക്ഷ. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയെ (28) കൊന്ന കേസിലാണ് ഒന്നാംപ്രതിയും തുഷാരയുടെ ഭര്‍ത്താവുമായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. പ്രതികൾ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാംപ്രതി ചന്തുലാലിന്റെ അച്ഛന്‍ ലാലിനെ (67) ആറുമാസംമുന്‍പ് ഇത്തിക്കരയാറിന്റെ കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

To advertise here,

രാജ്യത്തുതന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. 2019 മാര്‍ച്ച് 21-ന് ഓയൂരിലാണ് സംഭവം. തുഷാര മരിച്ചതായി തുഷാരയുടെ അച്ഛനെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ അച്ഛനും അമ്മയും സഹോദരനും മറ്റും മൃതശരീരം കണ്ടപ്പോള്‍ വളരെയധികം ശോഷിച്ചനിലയിലായിരുന്നു. അവര്‍ പൂയപ്പള്ളി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2013-ലായിരുന്നു ചന്തുലാലിന്റെയും തുഷാരയുടെയും വിവാഹം. സ്ത്രീധനത്തുകയില്‍ കുറവു വന്ന രണ്ടുലക്ഷം രൂപ മൂന്നുവര്‍ഷത്തിനുള്ളില്‍ നല്‍കണമെന്നു കാണിച്ച് പ്രതികള്‍ തുഷാരയെ ഒപ്പിടുവിച്ച് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. മൂന്നുമാസം കഴിഞ്ഞതുമുതല്‍ ഈ തുക ആവശ്യപ്പെട്ട് തുഷാരയെ ശാരീരികവും മാനസികവുമായി പ്രതികള്‍ പീഡിപ്പിച്ചുതുടങ്ങി. തുടര്‍ന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല.

തുഷാരയ്ക്ക് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളെപ്പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. തുഷാര കുഞ്ഞുങ്ങളെ താലോലിക്കാന്‍പോലും പ്രതികള്‍ അനുവദിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയമായ തെളിവുകള്‍ക്കു പുറമേ അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നരവയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.

കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട്, അവര്‍ കിടപ്പുരോഗിയാണെന്നാണ് പ്രതികള്‍ ധരിപ്പിച്ചത്. മാത്രമല്ല, അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാംപ്രതിയുടെ പേരായ ഗീതയെന്നാണ് പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീന്‍ എന്നിവര്‍ അന്വേഷണം നടത്തി. സിപിഒമാരായ അജിത്ത്, വിദ്യ എന്നിവരായിരുന്നു പ്രോസിക്യൂഷനെ സഹായിച്ചത്.