ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. 

To advertise here,

ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് ഏറെനാളായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് ആരോപണം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച വീട്ടിലെത്തി പ്രതി യുവതിയെ കൊലപ്പെടുത്തിയത്. 

പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതി വാതിലില്‍ തട്ടിവിളിച്ചപ്പോള്‍ അഞ്ജലി തന്നെയാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് ഇയാള്‍ വീടിനകത്ത് അതിക്രമിച്ചുകയറി. തനിക്കൊപ്പം മൈസൂരുവിലേക്ക് വരണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് യുവതിയുടെ മുത്തശ്ശിയോടും ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. അഞ്ജലിയെ പ്രതി നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ഗിരീഷിനെതിരേ നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഒരു കാന്റീനില്‍ ജോലിചെയ്തിരുന്ന അഞ്ജലി സഹോദരിക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇതിനിടെയാണ് ഗിരീഷിന്റെ ശല്യം തുടങ്ങിയത്. പലതവണ ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയപ്പോളും യുവതി ഇത് നിരസിച്ചിരുന്നു. യുവതിക്ക് ഗിരീഷിനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് മുത്തശ്ശിയും ഇയാളെ അറിയിച്ചു. ഇതോടെ ഗിരീഷ് യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. അടുത്തിടെ ഹുബ്ബള്ളിയില്‍ കൊല്ലപ്പെട്ട നേഹ ഹൈരാമതിനുണ്ടായ അനുഭവം അഞ്ജലിക്കും സംഭവിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തുടര്‍ന്ന് കുടുംബം ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.