പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എൻ. പുരം സ്വദേശിനി മീരയാണ് (32) മരിച്ചത്. ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

To advertise here,

അനൂപും മീരയും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അതേസമയം, പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് വിവരമെന്ന് ഹേമാംബികനഗർ പോലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവർഷംമുൻപാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാർഷികം കഴിഞ്ഞിരുന്നു. വിവാഹവാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. തുടർന്ന്, ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അടുക്കളയ്ക്ക് അടുത്തുള്ള വർക്ക് ഏരിയയിലെ സീലിങ്ങിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിയനിലയിൽ മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവസമയം അനൂപും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം പോലീസ് തന്നെ മീരയുടെ വീട്ടിൽ അറിയിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭക്ഷണ ഡെലിവറിയാണ് അനൂപിന്റെ ജോലി.

ഭർത്തൃപീഡനം ആരോപിച്ച് ഇതുവരെയും സ്റ്റേഷനിൽ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ കെ. ഹരീഷ് പറഞ്ഞു. ഇവർതമ്മിൽ പ്രശ്നങ്ങളുണ്ടായതുമായി ബന്ധപ്പെട്ട് മുൻപും പരാതികൾ വന്നിട്ടില്ല. മരിക്കാനുണ്ടായ കാരണത്തിൽ വ്യക്തതവരുത്തണമെന്ന മീരയുടെ അമ്മയുടെ മൊഴിപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛൻ. അമ്മ: സുശീല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)