തിരുവനന്തപുരം: അടുത്തിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതി നേരിടേണ്ടിവന്ന സമാനമായ ദുരവസ്ഥയിലൂടെ വർഷങ്ങൾക്കുമുൻപ് തലസ്ഥാനത്ത് മറ്റൊരു യുവതിയും കടന്നുപോയി. കൃത്യം 41 കൊല്ലം മുൻപ്. മാലയാണ് ഇന്ന് ബിന്ദുവിനെ ആരോപണനിഴലിൽ നിർത്തിയതെങ്കിൽ അന്ന് ‘കർണാഭരണ’മായിരുന്നു സുകുമാരിയെ ‘കള്ളി’യാക്കിയത്. ‘കാണാതായ കർണാഭരണം കണ്ണീരിലാഴ്ത്തിയ കഥ’ എന്നപേരിൽ മാതൃഭൂമിയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. പ്രശ്നം കോടതി കയറുകയും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ഇടപെടുകയും ചെയ്തതോടെയാണ് സുകുമാരിയുടെ നിരപരാധിത്വം തെളിഞ്ഞത്.

To advertise here,

വർഷം 1983 ജൂൺ 29. ഏഴുവയസ്സുകാരൻ മകൻ മുരളിയുടെ ടിസി വാങ്ങാനായിരുന്നു തമലം വാളാത്തിക്കരിമേലെ പുത്തൻവീട്ടിൽ സുകുമാരി കരിയം എൽപി സ്കൂളിലെത്തിയത്. എന്നാൽ, ടിസി കൊടുക്കുന്നതിനുപകരം പ്രഥമാധ്യാപികയുടെ നോട്ടംമുഴുവൻ സുകുമാരിയുടെ ചെവിയിലെ തിളക്കമുള്ള റിങ്‌സിലേക്കായിരുന്നു. സുകുമാരി അണിഞ്ഞിരുന്നത് സ്കൂളിലെ വിദ്യാർഥിയുടെ കളവുപോയ കമ്മലാണെന്നും അവർ മോഷ്ടിച്ചതാണെന്നും പ്രഥമാധ്യാപികയും മറ്റ് അധ്യാപകരും ആരോപിച്ചു. കമ്മൽ നഷ്ടപ്പെട്ട കുട്ടിയെ വിളിച്ച്‌ തിരക്കിയപ്പോൾ ആഭരണത്തിന്റെ സാമ്യതകൊണ്ടാകാം തന്റെ കമ്മലാണെന്ന് കുട്ടിയും പറഞ്ഞു. അതോടെ എല്ലാവരുംചേർന്ന് അവരെ കൂട്ടവിചാരണചെയ്തു.

ചെവിയിൽ മുറുകെപ്പിടിച്ചിരുന്ന അവരുടെ കൈകൾ തട്ടിമാറ്റി കമ്മലുകൾ അഴിച്ചെടുത്തു. ഇതിനിടെ പോലീസെത്തി സുകുമാരിയെ അറസ്റ്റുചെയ്തു. അനാശാസ്യ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ അതിക്രമിച്ചു കടന്നുവെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അപമാനിതയായി ഒരു രാത്രി മുഴുവൻ അവർ റെസ്‌ക്യൂ ഹോമിൽ മറ്റുള്ളവരുടെ പരിഹാസത്തിനു നടുവിൽ നിന്നു. പിറ്റേദിവസം കോടതിയിൽ ഹാജരാക്കിയ അവരെ അനാശാസ്യ പ്രവർത്തനത്തിന് കോടതി പിഴചുമത്തി ശിക്ഷിച്ചു.

എന്നാൽ, കള്ളക്കേസിനെതിരേ സുകുമാരി കോടതിയിൽ സ്വകാര്യ ഹർജി നൽകി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരിട്ടുകണ്ട് തന്റെ ദുരവസ്ഥ വിവരിച്ചു, നിവേദനം നൽകി. പിന്നീടുള്ള അന്വേഷണത്തിൽ സുകുമാരി നിരപരാധിയാണെന്നും കമ്മൽ സുകുമാരിയുടേതാണെന്നും തെളിഞ്ഞു. ചെറുപുഞ്ചിരിയോടെ ചെവിയിൽ റിങ്‌സുകൾ അണിയുന്ന അവരുടെ ചിത്രവും വാർത്തയും ‘സുകുമാരിക്ക് കർണാഭരണം തിരിച്ചുകിട്ടി’ എന്ന തലക്കെട്ടിൽ മാതൃഭൂമി നൽകി.

സുകുമാരിയും ഭർത്താവ് വേലുക്കുട്ടിയും മരിച്ചിട്ട് വർഷങ്ങളേറെയായി. മകൻ മുരളിയും ഇന്ന് ജീവിച്ചിരിപ്പില്ല. അസുഖബാധിതനായതിനെ തുടർന്ന് ഓട്ടോഡ്രൈവറായിരുന്ന മുരളിയുടെ കാലുകൾ മുറിച്ചുമാറ്റപ്പെടുകയും മൂന്നുവർഷം മുൻപ് മരിക്കുകയും ചെയ്തു. സഹോദരി ശോഭ മലയം ഭാഗത്തുണ്ടെന്നാണ് സൂചന.