താമരശ്ശേരി: മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ യുവാവ് ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം.മർദ്ദനത്തിൽ പരുക്കേറ്റ യുവതി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും സ്വീകരിച്ച് റസീറ്റ് നൽകാനോ, സ്ഥലത്തെത്തി അന്വേഷിക്കാനോ തയ്യാറായില്ലെന്ന് മർദ്ദനമേറ്റ പുതുപ്പാടി ആനോറമ്മൽ  സൗമ്യ പറഞ്ഞു.

To advertise here,

ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അയൽവാസിയായ ടോമി (25) യുവതിയെ മർദ്ദിച്ചത്.ഉടൻ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് നൽകിയ നിർദ്ദേശ പ്രകാരം താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി, തുടർന്ന് പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. പരാതി സ്വീകരിച്ച്  റസീറ്റ് നൽകാൻ പോലും പോലീസ് തയ്യാറായില്ലെന്ന് സൗമ്യ പറഞ്ഞു. അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് എത്തി അന്വേഷിച്ചശേഷം മാത്രമേ പരാതിയുടെ റസീറ്റ് നൽകുകയുള്ളൂ എന്നാണ് പോലീസ് യുവതിയോട് പറഞ്ഞത്.

യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസിനെ അയച്ചതായും, രാത്രി ആയതിനാലാണ് പരാതിക്ക് റസീറ്റ് നൽകാൻ സാധിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.