കോഴിക്കോട്: മലപ്പുറം ഊരകത്ത് ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി യുവതി. വിവാഹം കഴിഞ്ഞതുമുതൽ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നെന്നും സൗന്ദര്യമില്ലെന്ന് പറഞ്ഞു പരിഹസിച്ചിരുന്നെന്നും യുവതി ആരോപിച്ചു. 

To advertise here,

50 പവൻ സ്വർണം ചോദിച്ചെങ്കിലും 30 പവനാണ് വീട്ടുകാർക്ക് നൽകാൻ കഴിഞ്ഞത് ഇതേചൊല്ലിയാണ് പ്രശ്നം ഉണ്ടാക്കിയിരുന്നത്, വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ഒന്നര വർഷം മുമ്പായിരുന്നു കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയുമായുളള വിവാഹം. 

ഒരു മാസവും 10 ദിവസവുമാണ് ഭർത്തൃവീട്ടിൽ കഴിഞ്ഞതെന്നും യുവതി പറയുന്നു. മാരകരോ​ഗങ്ങൾ ഉണ്ടെന്ന് ഭർത്തൃവീട്ടുകാർ പ്രചരിപ്പിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. ഒരു മാസം മുമ്പാണ് പിതാവിന്റെ ഫോണിൽ വിളിച്ച് വീരാൻകുട്ടി മുത്തലാഖ് ചൊല്ലിയത്. മകൾക്കും തനിക്കും നീതി വേണമെന്നാവശ്യപ്പെട്ട് പോലീസിനേയും വനിതാ കമ്മീഷനേയും സമീപിച്ചിരിക്കുകയാണ് യുവതി.