
ന്യൂഡല്‍ഹി: ആഡംബരവീട്, പുറത്ത് നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച ആംഡബര കാറുകള്‍. ഒടുവില്‍ ഗാസിയാബാദില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസി പോലീസ് അടച്ചുപൂട്ടി. 'എംബസി നടത്തിപ്പുകാരനെ'യും പോലീസ് കൈയോടെ പിടികൂടി.
ഉത്തര്‍പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) നടത്തിയ പരിശോധനയിലാണ് ഗാസിയാബാദിലെ ആഡംബരവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസി കണ്ടെത്തിയത്. ഹര്‍ഷവര്‍ധന്‍ ജെയിന്‍ എന്നയാളാണ് 'വെസ്റ്റ്ആര്‍ക്ടിക' എന്ന രാജ്യത്തിന്റെ എംബസിയെന്ന പേരില്‍ ഇവിടെ ഓഫീസ് ആരംഭിച്ചിരുന്നതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്‌ഹെന്റി 2001-ല്‍ സ്ഥാപിക്കുകയും എന്നാല്‍, പരമാധികാര രാഷ്ട്രമായി ആരും അംഗീകരിക്കാത്തതുമായ 'മൈക്രോനേഷന്‍' ആണ് വെസ്റ്റ്ആര്‍ക്ടിക'. ഈ രാജ്യത്തിന്റെ അംബാസഡര്‍ എന്ന പേരിലാണ് ഹര്‍ഷവര്‍ധന്‍ ജെയിന്‍ ഗാസിയാബാദിലെ രണ്ടുനില വീട്ടില്‍ ഓഫീസ് സ്ഥാപിച്ചിരുന്നത്. വെസ്റ്റ്ആര്‍ക്ടികയുടേതെന്ന പേരില്‍ പതാകയും ഇന്ത്യയുടെ ദേശീയപതാകയും കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു.
അതേസമയം, വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലെയും ഹവാല ഇടപാടുകളിലെയും മുഖ്യകണ്ണിയാണ് ഹര്‍ഷവര്‍ധനെന്നാണ് പോലീസ് പറയുന്നത്. ജോലിത്തട്ടിപ്പിനും ഹവാല ഇടപാടിനുമുള്ള മറയായാണ് ഇയാള്‍ 'സ്വന്തം എംബസി' സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ പതിച്ച ആഡംബരകാറുകളിലായിരുന്നു ഇയാളുടെ യാത്ര. ഓഫീസിന് മുന്നിലും ഇത്തരത്തിലുള്ള ആഡംബരകാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. ഇയാളുടെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍, 34 രാജ്യങ്ങളുടെ സീലുകള്‍, വിദേശ കറന്‍സി, 18 നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. 44 ലക്ഷം രൂപ പണമായും പിടിച്ചെടുത്തിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്നരീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓഫീസില്‍നിന്ന് കണ്ടെത്തി.
ജോലിത്തട്ടിപ്പ്, ഹവാല ഇടപാട് എന്നിവയ്ക്ക് പുറമേ വ്യാജരേഖ ചമച്ചതിനും ഹര്‍ഷവര്‍ധന്‍ ജെയിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായി സാറ്റലൈറ്റ് ഫോണ്‍ കൈവശംവച്ചതിന് 2011-ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നതായും പോലീസ് പറഞ്ഞു.
യുഎസ് നാവിക ഓഫീസറായിരുന്ന ട്രാവിസ് മക് ഹെന്‍ റിയാണ് 2001-ല്‍ 'വെസ്റ്റ്ആര്‍ക്ടിക' എന്ന പേരില്‍ രാജ്യം സ്ഥാപിച്ച് ഗ്രാൻഡ് ഡ്യൂക്(ഭരണത്തലവൻ) ആയി സ്വയം പ്രഖ്യാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന 'വെസ്റ്റ്ആര്‍ക്ടിക' 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം. എന്നാല്‍, ഇവരാരും അവിടെ താമസിക്കുന്നില്ല. 'അന്റാര്‍ട്ടിക ഉടമ്പടി'യിലെ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് 'സ്വന്തം രാജ്യം' സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടമ്പടിയില്‍ അന്റാര്‍ട്ടികയിലെ ചിലഭാഗങ്ങളില്‍ അവകാശമുന്നയിക്കുന്നതിന് രാജ്യങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്വകാര്യവ്യക്തികളെക്കുറിച്ച് ഉടമ്പടിയില്‍ പ്രതിപാദിക്കുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് അന്റാര്‍ട്ടികയില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: Police raid reveals fake Westarctica embassy in Ghaziabad, India.
Published: 23 Jul 2025, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented