കാക്കനാട്: കാക്കനാട് കേന്ദ്രീകരിച്ച് വീട് മാഫിയ പിടിമുറുക്കുന്നു. വാടകയ്ക്ക് വീടുകളെടുത്ത് ഉടമ അറിയാതെ കള്ളരേഖകളുണ്ടാക്കി മറിച്ചു പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളാണ് പ്രദേശത്ത് സജീവമാകുന്നത്. തൃക്കാക്കര ഭാഗത്ത് വാടകവീടുകൾക്കും പണയവീടുകൾക്കും വൻ ഡിമാൻഡ് ഉയർന്നതോടെയാണ് തട്ടിപ്പുസംഘങ്ങൾ ഇത് മുതലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസിൽ ലഭിച്ച പരാതിയോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവന്നത്. വാടകയ്ക്കെടുത്ത വീടുകൾ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുനൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകൾ താനറിയാതെ വ്യാജരേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം ഇയാൾ അറിയുന്നത്.
മൂന്ന് വീടുകളാണ് പരാതിക്കാരൻ മുൻപ് വാടകയ്ക്ക് നൽകിയിരുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും വീടൊഴിയാനോ, കുടിശ്ശിക തീർക്കാനോ ഇവർ തയ്യാറായിരുന്നില്ല. നിലവിൽ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശിക വരുത്തിവെച്ചിട്ടുണ്ട്. ഇതിനുപുറമേ, വീട്ടുടമയുടെ അറിവോ, സമ്മതമോ ഇല്ലാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങി മറ്റ് വ്യക്തികൾക്ക് വ്യാജ കരാറുകളുണ്ടാക്കി പണയപ്പെടുത്തി നൽകുകയായിരുന്നു.
സംഭവത്തിൽ കാക്കനാട് സ്വദേശിയായ വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരുകയാണ്.
Content Highlights: Rent scam gang active in Kakkanad, Thrikkakara., Accused created fake documents without owner's consent to mortgage rented houses., Complainant faced Rs 5.56 lakh rent arrears and illegal mortgage of 3 houses for Rs 10 lakh each., Thrikkakara police have initiated an investigation into the complaint.
Published: 10 Aug 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented