കോറോം(വയനാട്): തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതി പണംതട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലിനോക്കിയിരുന്ന വഞ്ഞോട് വളവില്‍ വെള്ളോപ്പിള്ളി വി.സി. നിധിനെ(34)യാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

To advertise here,

ശനിയാഴ്ച രാവിലെയോടെ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെത്തിച്ച് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിധിനൊപ്പം കുറ്റാരോപിതരായ എന്‍ആര്‍ഇജിഎ അക്രെഡിറ്റഡ് എന്‍ജിനിയര്‍ ജോജോ ജോണി, അക്കൗണ്ടില്‍ പണംസ്വീകരിച്ച കരാറുകാരന്‍ നജീബ് തുടങ്ങിയവരെ പോലീസ് തിരയുകയാണ്. നിധിന്‍ അറസ്റ്റിലായതോടെ പണം തിരിമറിയിലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. പ്രധാനമായും കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലെ കണക്കുകളിലാണ് അവ്യക്തത തുടരുന്നത്. ഇക്കാലയളവിലാണ് ഏറ്റവുംകൂടുതല്‍ ആസ്തിവികസന മെറ്റീരിയല്‍ വര്‍ക്കുകള്‍ ഇവിടെ നടന്നതും. ഈ പ്രവൃത്തികളിലെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സിപിഎം വളവില്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു വി.സി. നിധിന്‍. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച നിധിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

ആസ്തിവികസനം അഴിമതിയുടെ മറയാക്കി
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കുള്ള പണിയായുധങ്ങള്‍, തണലൊരുക്കാനുള്ള ഷീറ്റുകള്‍, ഭക്ഷണപാത്രങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം വാങ്ങുന്നതിന് ടെന്‍ഡര്‍ വിളിക്കുകയും ഈ ടെന്‍ഡറുകള്‍ ഭരണസമിതി മുഖേന അറിയിച്ച് സാധൂകരണംനേടിയുമാണ് നടപ്പില്‍വരുത്തുകയും ചെയ്യുന്നത്.

എന്നാല്‍, ആസ്തിവികസനത്തിന്റെ കാര്യത്തില്‍ പ്രോജക്ടുകള്‍ ഇവര്‍തന്നെ അവതരിപ്പിക്കുകയും അപേക്ഷകള്‍ വ്യക്തികളില്‍നിന്ന് നേരിട്ടുവാങ്ങി വിഇഒയെക്കൊണ്ട് അന്വേഷണം നടത്തി പദ്ധതി അനുവദിക്കുകയും ചെയ്യുന്ന രീതിയാണ് അവംലബിച്ചത്.

പദ്ധതിക്കായി ടെന്‍ഡര്‍ വിളിക്കുന്നതും സാധൂകരിക്കുന്നതും കരാറുകാര്‍ക്ക് പണം നല്‍കുന്നതും എന്‍ആര്‍ഇജിഎ ജീവനക്കാര്‍ തന്നെയായിരുന്നു. ഇതായിരുന്നു അഴിമതിയിലേക്ക് വഴിതെളിച്ച പ്രധാനഘടകം.

ഈ ജീവനക്കാര്‍ പഞ്ചായത്ത് സംവിധാനത്തെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചതെങ്കിലും വന്‍തുക വെട്ടിച്ചതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്തത്.

ഇത്രയധികം തുകയ്ക്കുള്ള ആട്ടിന്‍കൂടുകളും കോഴിക്കൂടുകളും ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് ഗുണഭോക്താക്കള്‍ക്ക് ഇത് ഫാമായിമാറ്റി വരുമാനംകണ്ടെത്താം എന്നായിരുന്നു ഇവരുടെ മറുപടി. അനുവദിക്കപ്പെട്ട ഈ കൂടുകളില്‍ കോഴിയും ആടും പേരിനുമാത്രമാണുള്ളത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ആട്ടിന്‍കൂടിന് അടിയിടാന്‍ പനയുടെ പാത്തിവരെയും തേടേണ്ടിവന്നതായാണ് ഗുണഭോക്താക്കള്‍ പറയുന്നത്.

തൊഴിലുറപ്പിലെ വരുമാനത്തില്‍നിന്ന് കോഴികളെയും ആടുകളെയും വാങ്ങി തൊഴിലാളികളുടെ കുടുംബത്തിന് വരുമാനമാര്‍ഗം തുറക്കാനാവുമെന്നാണ് വാഗ്ദാനം.

146-ലധികം ആട്ടിന്‍കൂടുകളാണ് ഇത്തരത്തില്‍ പദ്ധതിയില്‍ കാണിച്ചിരിക്കുന്നത്. തൊഴിലാളികള്‍ പണിയെടുക്കുന്നതില്‍ അറുപതുശതമാനം മെറ്റീരിയല്‍ വര്‍ക്കിനായി ഉപയോഗിക്കാം.

ഇതിന്റെ മുപ്പതുശതമാനം ഇതുപോലെയുള്ള പദ്ധതികള്‍ക്കും ഉപയോഗിക്കാം. ഈ തൊഴിലുറപ്പ് നിയമത്തെയാണ് ഇവിടെ ദുരുപയോഗം ചെയ്തത്.

കരാറുകാരുടെ 1.18 കോടി രൂപയുടെ ബില്‍ തടഞ്ഞുവെച്ചു -സിപിഎം
കല്പറ്റ: തൊഴിലുറപ്പുപദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുകയും കരാറുകാരുടെ 1.18 കോടി രൂപയുടെ ബില്‍ തടഞ്ഞുവെച്ചതായും സിപിഎം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആട്ടിന്‍കൂട്, കോഴിക്കൂട്, തൊഴുത്ത് തുടങ്ങിയവ നിര്‍മിച്ചുനല്‍കുന്നതിന് മെഷര്‍മെന്റ് ബുക്കില്‍ കാണിച്ച തുകയുടെ ഇരട്ടിത്തുക ബന്ധപ്പെട്ട കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ചെയ്താണ് തട്ടിപ്പുനടത്തിയത്.

പ്രതികള്‍ ഇതിനായി പഞ്ചായത്ത് സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ കൈവശപ്പെടുത്തി. സോഷ്യല്‍ ഓഡിറ്റിങ്ങും ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങും നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താതിരുന്നത് പ്രതികള്‍ക്ക് സഹായകമായി. പ്രാഥമികറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസില്‍ പരാതിനല്‍കുകയും ചെയ്തിട്ടുണ്ട്. െമറ്റീരിയല്‍ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതും ടെന്‍ഡറുകള്‍ അംഗീകരിച്ചതും യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഏകകണ്ഠമായാണ്. നാളിതുവരെ ഇതുസംബന്ധിച്ച് ഒരു ആക്ഷേപവും അംഗങ്ങളാരും ഉന്നയിച്ചിട്ടില്ല. ഭരണസമിതിയില്‍ സിപിഎമ്മിന് ഏഴംഗങ്ങളാണുള്ളത്. അഞ്ചുപേര്‍ യുഡിഎഫും രണ്ടുപേര്‍ ബിജെപിയുമാണ്. മാത്രമല്ല, തൊഴിലുറപ്പുപദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ യുഡിഎഫുകാരനാണ്. എന്നിട്ടും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ടാര്‍ജറ്റ് ചെയ്യുവാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ആരോപണവിധേയനായ അസി. എന്‍ജിനിയര്‍ പഞ്ചായത്തിലെ ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. അയാളെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനില്ല. ബ്രാഞ്ച് കമ്മിറ്റിയംഗമായ നിധിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസിനെക്കൊണ്ട് അറസ്റ്റുചെയ്യിച്ചതും പാര്‍ട്ടിയാണ്. ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം.

അഴിമതിനടത്തി സന്പാദിച്ച തുക പ്രതികളില്‍നിന്ന് തിരിച്ചുപിടിക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും വേണം. ഭരണസമിതിയംഗങ്ങള്‍ ആരെങ്കിലും സംഭവത്തില്‍ പങ്കാളികളാണെങ്കില്‍ അവര്‍ക്കെതിരേയും നടപടിയെടുക്കണം.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എ. ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്‍, വേണു മുള്ളാട്ട്, ആര്‍. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പത്തുവര്‍ഷത്തെ കണക്ക് അന്വേഷിക്കണം -യുഡിഎഫ്
കല്പറ്റ: തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടും അഴിമതിയും പുറത്തുവന്ന സാഹചര്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ തൊഴിലുറപ്പുപദ്ധതിയുടെ കണക്കും നടത്തിപ്പിനെയും കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് യുഡിഎഫ് പഞ്ചായത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തുവര്‍ഷമായി ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. 2023-24, 2024-25 വര്‍ഷത്തെ പദ്ധതിനടത്തിപ്പില്‍നടന്ന 2.60 കോടി രൂപയുടെ അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനുമുന്‍പുള്ള എട്ടുവര്‍ഷങ്ങളിലും ഇതേ അഴിമതി നടന്നിരിക്കാനിടയുണ്ട്.

ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്ത തൊഴിലുറപ്പുപദ്ധതി അക്കൗണ്ടന്റും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ നിധിന്‍, കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ഇവിടെ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ്. കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാണ് ഇയാളെ പദ്ധതിയുടെ അക്കൗണ്ടന്റായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നിയമിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തുവര്‍ഷത്തെ തൊഴിലുറപ്പുപദ്ധതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.

മെറ്റീരിയല്‍ വാങ്ങിക്കാനായി ചെലവഴിച്ച തുകയുമായി ബന്ധപ്പെട്ട് ഗുരുതരക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ രക്ഷിക്കാനാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ശ്രമിച്ചത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ പേരില്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ അവര്‍ക്ക് ഒളിവില്‍പോകാന്‍ അവസരം ലഭിക്കുമായിരുന്നില്ല.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും അസി. എന്‍ജിനിയറും അക്കൗണ്ടന്റുമാണ് ആസൂത്രിതമായ ഈ അഴിമതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. അഴിമതി പുറത്തുവന്നപ്പോള്‍ മുഖംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരെമാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്.

അഴിമതിത്തുക കരാറുകാരുടെ ബന്ധുക്കള്‍, ചില ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, സിപിഎം നേതാക്കള്‍ എന്നിവരുടെ ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് തങ്ങള്‍ സംശയിക്കുന്നത്. ഈ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച് അന്വേഷണത്തെ നേരിടണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 12-ന് രാവിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പുതൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ചെയര്‍മാന്‍ എസ്.എം. പ്രമോദ്, കണ്‍വീനര്‍ കേളേത്ത് അബ്ദുള്ള, ടി. മൊയ്തു, കെ.വി. ബാബു, ആലിക്കുട്ടി അറങ്ങാടന്‍, സലീം അസ്ഹരി എന്നിവര്‍ പങ്കെടുത്തു.

എല്ലാ പഞ്ചായത്തുകളിലും അന്വേഷണം നടത്തണം -ബിജെപി
കല്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തില്‍മാത്രം തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ രണ്ടുവര്‍ഷത്തിനിടയില്‍ കോടികളുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഒരു പഞ്ചായത്തില്‍മാത്രം കോടികളുടെ അഴിമതി പുറത്തുവന്ന സ്ഥിതിക്ക് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് നടന്ന പദ്ധതികള്‍ വിശദമായി വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് പ്രശാന്ത് മലവയല്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നെന്ന വ്യാജപ്രചാരണം നടത്തി പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് കൃത്യമായി വാങ്ങിയെടുക്കുകയും അതില്‍ കൈയിട്ടുവാരുകയും ചെയ്യുകയാണ്. കേന്ദ്രസര്‍ക്കാരിനെയും തൊഴിലാളികളെയും ഒരുപോലെ വഞ്ചിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ സിപിഎം ഭരണക്കാര്‍ കൊള്ളസംഘത്തിനു സമാനമാണെന്നും ബിജെപി ജില്ലാപ്രസിഡന്റ് ആരോപിച്ചു.

തൊണ്ടര്‍നാട് പഞ്ചായത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന തൊഴിലുറപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇഡിയുള്‍പ്പെടെയുള്ള മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കുമെന്നും ബിജെപി പറഞ്ഞു.