സുൽത്താൻ ബത്തേരി: വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ആദിവാസി ഉത്പന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സിപിഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഇവർ താത്കാലിക ജീവനക്കാരാണ്.

To advertise here,

വയനാട്ടിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി നടത്തിവന്നിരുന്ന വൻ ധൻ വികാസ് കേന്ദ്ര (VDVK) എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. ആദിവാസികളിൽനിന്ന് വനവിഭവങ്ങൾ ശേഖരിക്കുകയും ഇതിന്റെ വിൽപന നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് വിഡിവികെ. പഞ്ചായത്തുകളെ അടിസ്ഥാനമാക്കി ഇതിന് ഒരു കേന്ദ്രമുണ്ടാക്കുകയും അതിലൂടെ ഇടപാട് നടത്തുകയും ചെയ്യുന്നതായിരുന്നു രീതി.

പദ്ധതിയുടെ ഭാഗമായി വിഭവശേഖരണത്തിനും ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അതിനുവേണ്ട യന്ത്രസാമഗ്രികൾ വാങ്ങുകയും മറ്റുംചെയ്യുന്നതിനായി ആദിവാസികൾക്ക് നൽകേണ്ടിയിരുന്ന പണമാണ് തട്ടിയെടുത്തിരിക്കുന്നത്. മാത്രമല്ല, പദ്ധതിയുടെ പേരുംപറഞ്ഞ് ആളുകളിൽനിന്നും ഇവർ പണം പിരിച്ചിരുന്നതായി വിവരമുണ്ട്.

2023 വരെ ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് കുടുംബശ്രീ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിഡിവികെ കേന്ദ്രംപോലും ഇല്ലാത്ത പൊഴുതന, തൊണ്ടർനാട്, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളുടെ പേരിൽപോലും അഴിമതി നടത്തി വൻതുക തട്ടിയെടുത്തതായാണ് കണ്ടെത്തൽ. വിപണനം നടത്തി എന്ന് അവർ അവകാശപ്പെടുന്ന സ്ഥലത്തുപോലും രസീതുകളോ വൗച്ചറുകളോ ഉണ്ടായിരുന്നില്ല.

കുടുംബശ്രീ മിഷൻ ജീവനക്കാർ നടത്തിയ ഈ അഴിമതി കാരണം, വിഡിവികെ കേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ പോലും പ്രതിസ്ഥാനത്ത് നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി തുടങ്ങിയ പദ്ധതിയുടെ പേരിൽതന്നെ, അവർ വീണ്ടും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.

പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. സിപിഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള കുടുംബശ്രീ ജീവനക്കാർക്കെതിരെ ആണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പ്രാഥമിക അന്വേഷണത്തിലാണ് 36 ലക്ഷംരൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ ഇതിലും വലിയ തട്ടിപ്പായിരിക്കും പുറത്തുവരിക.