തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രേഷ് ബാബുവിന്റെ കുടുംബം രംഗത്തെത്തി.
പനിമൂലം കുഴഞ്ഞുവീണതിനെ തുടർന്നാണ് രേഷ് ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യനില വളരെ മോശമായതിനാൽ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 18-ാം തീയതിയാണ് രേഷ് ബാബുവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. 28-ാം തീയതിയാണ് കുഴഞ്ഞുവീണു എന്നുപറഞ്ഞ് പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് രേഷ് ബാബുവിനെ കണ്ടിരുന്നുവെന്നും അപ്പോൾ മുഖത്തോ ശരീരത്തോ മർദനമേറ്റ രീതിയിലുള്ള പാടുകൾ ഇല്ലായിരുന്നുവെന്നും ഇയാളുടെ അച്ഛൻ ബാബു പറയുന്നു.
എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കാണാനെത്തിയപ്പോൾ രേഷ് ബാബുവിന്റെ മുഖത്തും ശരീരത്തിലും മർദനമേറ്റ തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു എന്ന് ബാബു പറയുന്നു. ജയിലിലെ സഹതടവുകാരാണോ അതോ പോലീസുകാരാണോ മർദിച്ചത് എന്നറിയല്ല. പക്ഷേ, മകന്റെ പല്ലുകൾ ഇളകിയ നിലയിലും ചുണ്ടും മുഖവും കരിനീലിച്ച നിലയിലുമായിരുന്നെന്നും പിതാവ് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇടയ്ക്കിയാൾ വീടുവിട്ട് ഇറങ്ങിപ്പോകാറുണ്ടെന്നും അത്തരത്തിൽ 30 ദിവസം മുമ്പ് ഇയാൾ വീടുവിട്ട് പോയതായും ബന്ധുക്കൾ പറയുന്നു. അതിനുശേഷം തൃശ്ശൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് പോലീസിനെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ, പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസ് ചാർജുചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. രേഷ് ബാബുവിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലിൽവെച്ച് ഏതെങ്കിലും തരത്തിൽ മർദനമേറ്റിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയിട്ടില്ല.
നിലവിൽ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മർദനമേറ്റിരുന്നോ എന്ന കാര്യവും രേഷ് ബാബു മരിക്കാനിടയായ കാരണം സംബന്ധിച്ചും വ്യക്തതവരികയുള്ളൂ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് രേഷ് ബാബുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
Content Highlights: Resh Babu (35) died while undergoing treatment after collapsing in Viyyur Jail. Family alleges physical torture and injuries on the victim's body. Police claim he was hospitalized due to fever and deny assault allegations. The victim had mental health challenges according to family members. An investigation and post-mortem are pending to determine the cause of death.
Published: 04 Jun 2026, 05:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented