കാൺപുർ: ഉത്തർപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മനോച്ച കൊല്ലപ്പെട്ട സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തിന്റെ മകൻ സുബ്രത് മനോച്ചയെ അറസ്റ്റുചെയ്തു. വിനീത് മനോച്ചയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ മരുമകളും സുബ്രതിന്റെ ഭാര്യയുമായി ഷാലുവാണ് എന്നായിരുന്നു ഇതുവരെയുള്ള പോലീസിന്റെ നിഗമനം. വിനീതിനെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാലുവിനെ പോലീസ് അറസ്റ്റുചെയ്തത്. കൊലയാളികൾ ഇപ്പോൾ മൊഴിമാറ്റിയിരിക്കുന്നതായി പോലീസ് അറിയിച്ചു.

To advertise here,

ഈ മാസമാദ്യം, സെപ്റ്റംബർ ആഞ്ചാം തീയതിയാണ് 60-കാരനായ വിനീത് കല്യാൺപുരിലെ രതൻ ഓർബിറ്റ് അപ്പാർട്ട്‌മെന്റിലെ സ്വന്തം ഫ്‌ളാറ്റിൽവെച്ച് കുത്തേറ്റ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് കൊലയാളികളായ വിശാൽ ഗൗതം, രാജ്കിഷോർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം പോലീസ് ഷാലുവിനെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ കൊലപാതകത്തിൽ ഷാലുവിന് പങ്കുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. കൊലപാതകം നടത്താൻ ക്വട്ടേഷൻ നൽകിയത് ഷാലുവാണെന്നും ഇതിനായി ആറുലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും വിശാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് ഷാലുവിനെ അറസ്റ്റുചെയ്തത്. കൃത്യത്തിലുള്ള ഷാലുവിന്റെ പങ്ക് കൃത്യമായി മനസിലാക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം.

സംഭവദിവസം രാത്രി ഷാലുവും ഭർത്താവ് സുബ്രതും അവരുടെ കുട്ടിയുമായി സ്ഥലത്തെ ഒരു ക്ലബ്ബിൽ പോയി പാർട്ടിയിൽ പങ്കെടുത്തിരുന്നു. അവിടെനിന്നും തിരികെ എത്തിയപ്പോഴാണ് നിലത്ത് കുത്തേറ്റുമരിച്ച നിലയിൽ വിനീതിന്റെ മൃതദേഹം കണ്ടത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും വിനീത് നിരന്തരമായി ഷാലുവിനെ നിരീക്ഷിക്കുന്നതായി പോലീസ് മനസിലാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുടുംബാംഗങ്ങൾ പണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും വിനീത് അമിതമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും അന്വേഷണസംഘം മനസിലാക്കി.

നിരന്തരം നിരീക്ഷിക്കപ്പെടുന്നതും പണം കൈകാര്യം ചെയ്യാൻ എപ്പോഴും ഭർതൃപിതാവിനോട് ചോദിക്കേണ്ടി വരികയും ചെയ്യുന്നതിലുള്ള അമർഷം മൂലമാണ് ഷാലു കൊലപാതകം ആസൂത്രണം ചെയ്തത് എന്നായിരുന്നു പോലീസിന്റെ നിഗമനം. കൊലപാതകം നടത്തിയ വിശാലും രാജ്കിഷോറും കൂടി ഷാലുവിനെതിരെ മൊഴി നൽകിയതോടെ അന്വേഷണസംഘം ഷാലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ അപ്പോഴും ചില സംശയങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിനീതിന്റെ മകനും ഷാലുവിന്റെ ഭർത്താവുമായ സുബ്രതിനെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.

ഷാലുവിന്റെയും വിശാലിന്റെയും രാജ്കിഷോറിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കാൻ 24 മണിക്കൂറുകൂടി മാത്രം അവശേഷിക്കെയാണ് കേസിൽ പുതിയ ട്വിസ്റ്റ് ഉണ്ടായത്. പ്രതികളുടെ നീക്കങ്ങൾ, ഫോൺ കോളുകൾ, സാമ്പത്തിക ഇടപാടുകൾ, കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികൾ എന്നിവ പരിശോധിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ 100-ലധികം ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. പ്രതികളെയെല്ലാം ഒരുമിച്ചിരുത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചു. 

അതിന് മുന്നോടിയായി, കസ്റ്റഡി കാലാവധിയിൽ പോലീസുകാർ വിശാലിനെ രത്തൻ ഓർബിറ്റിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ താൻ താക്കോൽ എറിഞ്ഞുകളഞ്ഞതായാണ് വിശാൽ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ, അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് തൊട്ടടുത്തുള്ള വിജനമായ പറമ്പിൽ നടത്തിയ തിരച്ചിലിൽ അവിടെനിന്നും പോലീസ് ആ താക്കോൽ വീണ്ടെടുത്തു. രാജ്കിഷോറിനെ കാൺപുർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് (പൊതു ശൗചാലയത്തിന് പിന്നിൽ നിന്ന്) രക്തം പുരണ്ട പാന്റും കറുത്ത സ്‌കാർഫും പോലീസ് കണ്ടെടുത്തു.

പിന്നാലെയാണ് സംശയനിഴലിലായിരുന്ന സുബ്രതിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തത്. ബുധനാഴ്ച രാത്രി സുബ്രത്, ഷാലു, വിശാൽ എന്നിവരെ പോലീസ് പല ഘട്ടങ്ങളിലായി ചോദ്യം ചെയ്തതായി പോലീസ് കമ്മീഷണർ രഘുബീർ ലാൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒറ്റയ്ക്കിരുത്തിയും, ഒരുമിച്ചിരുത്തിയും, രണ്ടുപേരായി ഇരുത്തിയുമെല്ലാം ചോദ്യംചെയ്യൽ തുടർന്നു. നേരത്തേ നൽകിയ മൊഴിയിൽ തന്നെ ഉറച്ചുനിന്ന കൊലപാതകികൾ ഒരു കാര്യം മാത്രമാണ് മാറ്റിപ്പറഞ്ഞത്. വിനീതിനെ കൊല്ലാൻ ആവശ്യപ്പെട്ടത് ഷാലുവായിരുന്നില്ല, സുബ്രത് ആയിരുന്നു.

ആറുലക്ഷം വാഗ്ദാനം ചെയ്തതും വ്യാജതാക്കോലടക്കം നൽകി മറ്റ് കൊലപാതം നടത്തുന്നതിനായി മറ്റ് സൗകര്യങ്ങളെല്ലാം ചെയ്തുതന്നതും സുബ്രതാണെന്ന് വിശാൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒപ്പം മറ്റൊരു കാര്യംകൂടി സുബ്രത് അവരോട് ആവശ്യപ്പെട്ടിരുന്നു, എങ്ങാനും പിടിക്കപ്പെട്ടാൽ ഷാലുവിന്റെ പേര് പറഞ്ഞാൽ മതി എന്ന്. ഇതിനിടയിൽ, ചോദ്യം ചെയ്യലിൽ ഷാലു പൊട്ടിക്കരയുകയും 'സുബ്രതിനെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്നെ ഇതിൽ കുടുക്കിയത്' എന്ന് പോലീസിനോട് പറയുകയും ചെയ്തു.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സുബ്രത് കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തിന് തൊട്ടുമുമ്പ് വിശാൽ ഒരു പുതിയ സിം കാർഡ് എടുത്തതായും ആ നമ്പറിൽ നിന്ന് ആദ്യമായി വിളിച്ചത് സുബ്രതിനെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുഭാഗത്തുനിന്നും ഉയർന്ന ആരോപണങ്ങൾ പോലീസ് തുടർന്നും പരിശോധിച്ച് വരികയാണ്. കോൾ റെക്കോർഡുകളും മറ്റ് ഡിജിറ്റൽ, സാഹചര്യ തെളിവുകളും പരിശോധിച്ച് പോലീസ് വിശാലിന്റെ ആരോപണങ്ങൾ ഉറപ്പുവരുത്തുകയാണ്. 

സുബ്രത് മനോച്ചയെ വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് കോടതിയിൽ ഹാജരാക്കി. മെഡിക്കൽ പരിശോധന കഴിഞ്ഞ് പ്രതികളെയെല്ലാം വീണ്ടും ജയിലിലേക്ക് മാറ്റും എന്നാണ് വിവരം. അതേസമയം, ഷാലുവിനെ കേസിൽ കുടുക്കിയതാണ് എന്ന ആരോപണവുമായി അവരുടെ സഹോദരനും സഹോദരിയും നേരത്തെ രംഗത്തുവന്നിരുന്നു. ഷാലുവിന് വിനീതുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവൾ നല്ലൊരു മരുമകളും ഭാര്യയും അമ്മയുമായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭർത്താവും മകനും ജയിലിൽ കാണാൻ വരാത്തതിൽ ഷാലു അതീവ ദുഃഖിതയായിരുന്നുവെന്നും താനല്ല ഈ കുറ്റം ചെയ്തതെന്ന് അവൾ പറഞ്ഞുവെന്നും ഷാലുവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു.