
കണ്ടെടുത്ത അസ്ഥികള്‍, മരിച്ച വിജില്‍ | Photo: Special Arrangement/ Mathrubhumi
കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് കണ്ടെത്തിയത്.
2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അന്ന് പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വീണ്ടും പൊടിതട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവര്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥികള്‍ കണ്ടെടുക്കുകയുമായിരുന്നു.
2019 മാര്‍ച്ച് 29-നാണ് എലത്തൂര്‍ പോലീസ് വിജിലിന്റെ തിരോധാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് 2019 മാര്‍ച്ച് 24-ന് രാവിലെ വിജില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍നിന്ന് പോകാന്‍ കാരണം. സാധരണ വീട്ടില്‍ ധരിക്കുന്ന വേഷത്തില്‍ ബൈക്കുമായി ഇറങ്ങിയ മകനോട് എവിടെ പോകുന്നു എന്ന അമ്മയുടെ ചോദ്യത്തിന് ഉടന്‍ വരാം എന്നായിരുന്നു മറുപടി.
പകല്‍ പലതവണ അമ്മ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്നു പറഞ്ഞ മകന്റെ ഫോണ്‍ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാര്‍ ആശങ്കയിലായി. എന്നാല്‍, മുന്‍പൊരിക്കല്‍ വീട്ടില്‍ പറയാതെ മുംബൈയില്‍ പോയി മടങ്ങിവന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതിയത് . മൂന്ന് ദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാന്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാല്‍, അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ മാറി.
ഓരോ മിസ്സിങ് കേസും കൊലപാതകസാധ്യത മുന്‍നിര്‍ത്തി അന്വേഷിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് വിജില്‍ തിരോധാന കേസിലെ അന്വേഷണം ദ്രുതഗതിയിലായത്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. തുടര്‍ന്ന് വിജിലിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തി. വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് നിഖിലിനെയും ദീപേഷിനെയും വീണ്ടും ചോദ്യംചെയ്തു. പിന്നാലെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 24-ന് സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജില്‍ അവിടെവെച്ച് അവര്‍ക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചുവെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. അല്പസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞുവീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടത്. സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും മൃതദേഹം കുഴിച്ചുമൂടാനും പദ്ധതിയിട്ടു. വിജിലിനെ ചതുപ്പിലൂടെ വലിച്ചിഴച്ച് ചവിട്ടിത്താഴ്ത്തുകയും സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളില്‍നിന്നും കല്ലുകള്‍ എടുത്ത് ശരീരത്തില്‍ കെട്ടുകയും ചെയ്തു. മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. പിന്നീട് വിജില്‍ നാട് വിട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. വിജിലിനെ കുഴിച്ചുമൂടി എട്ട് മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ ശേഖരിച്ച് വരക്കല്‍ കടപ്പുറത്തുവെച്ച് ശേഷക്രിയ ചെയ്തിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയ അന്നുതന്നെ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം മൂന്ന് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ഒന്നാം പ്രതി നിഖിലുമായി കല്ലായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പോലീസ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെടുത്തു. അടുത്ത ദിവസം മുതല്‍ വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് പരിശോധന തുടങ്ങി. എന്നാല്‍, കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസ്സമായി. കസ്റ്റഡി സമയം അവസാനിച്ചതോടെ പ്രതികളെ തിരിച്ച് നല്‍കി.
ഓണത്തിന് ശേഷം പോലീസ് പ്രതികളെ വീണ്ടും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചതുപ്പിലെ തിരച്ചില്‍ പുനരാരംഭിച്ചു. മൂന്നാം നാള്‍ വിജിലിന്റെ ഷൂ കണ്ടെടുത്തു. പ്രതികള്‍ ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് അന്‍പത് മീറ്ററിലധികം ദൂരത്തെ ചെളിയും കല്ലും മരത്തടികളും കോരിമാറ്റി പരിശോധിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, മണ്ണ് മാന്തി യന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വലിയൊരു സംഘം നടത്തിയ തിരച്ചിലില്‍ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി.
Content Highlights: DNA confirms remains in Kozhikode swamp are Vigil`s, missing since 2019. Friends confess to drug overdose, burial to conceal death.
Published: 16 Dec 2025, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented