കൊല്ലം: ജില്ലയിലും അയൽജില്ലകളിലുമായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന സംഘം പോലീസിന്‍റെ പിടിയിലായി. കാവനാട് കന്നിമേൽച്ചേരി തേവരപറമ്പിൽ അനന്തകൃഷ്ണൻ (24), കുരീപ്പുഴ സുപ്പീരിയർ നഗർ-47, സിയോൺ വില്ലയിൽ റോണി (24), ആശ്രാമം വെളിക്കുളങ്ങര മിഷൻ കോമ്പൗണ്ടിൽ റോബിൻ (മുന്ന-27), ആനന്ദവല്ലീശ്വരം ആനന്ദീശ്വരം നഗർ 108-ൽ (ഓലയിൽ കുരിശിങ്കൽ ഹൗസ്) ഡെനി ജോർജ് (31) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
നാൽപ്പതിലേറെ വാഹനങ്ങൾ മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു. അനന്തകൃഷ്ണനും റോണിയും ചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്‌ഷോപ്പിൽ എത്തിച്ചു പൊളിച്ച് പാർട്സുകളാക്കി മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപ്പന നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇവരുടെ വർക്‌ഷോപ്പിൽനിന്ന് മോഷണമുതലായ വാഹനങ്ങൾ കണ്ടെത്തി.
മോഷ്ടിച്ച ഇരുചക്രവാഹനം വിക്ടോറിയ ആശുപത്രിക്കു സമീപം വെച്ചശേഷം മോഷണമുതലായ മറ്റൊരു ബൈക്കിൽ കനറാ ബാങ്കിനു സമീപത്തെത്തി വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസ് സംഘത്തിന്റെ പിടിയിലായത്. വാഹനങ്ങൾ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ഇവയെല്ലാം കൊല്ലം വെസ്റ്റ്, ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ മോഷണമുതലുകളാണെന്നു തിരിച്ചറിഞ്ഞത്.
തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ, കിളികൊല്ലൂർ, അഞ്ചാലുംമൂട്, ചവറ, വർക്കല, കായംകുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി 40-ലധികം വാഹനങ്ങൾ ഇവർ മോഷ്ടിച്ചതായി സമ്മതിച്ചു.
കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഷെഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഓമനക്കുട്ടൻ, ജയലാൽ, എ.എസ്.ഐ. ബീന, ജാൻസി, എസ്.സി.പി.ഒ. വിനു വിജയൻ, ഫെർഡിനാന്റ്, സി.പി.ഒ.മാരായ ഷെമീർ, ദീപുദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Vehicle theft racket busted in Kollam
Published: 01 Sept 2023, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented