വളാഞ്ചേരി: മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശ്ശേരികുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തും തുടർച്ചയായി നടന്ന മോഷണങ്ങളെത്തുടർന്ന് തിരൂർ ഡി.വൈ.എസ്.പി എ.എം സിദ്ദിഖിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്.
കഴിഞ്ഞ മാസങ്ങളിൽ കുറ്റിപ്പുറം, തവനൂർ, അയങ്കലം, പേരാമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽനിന്ന് ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ചതായി പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ് വിൽപന നടത്തിയിരുന്നത്. മോഷണംപോയ ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പിടിയിലായ റിജിൻ ദാസിനെതിരെ മുൻപും തൃശ്ശൂരിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്.
തിരൂർ ഡി.വൈ.എസ്.പി.യെ കൂടാതെ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു, തിരൂർ ഡാൻസാഫ് ടീമിലെ എ.എസ്.ഐ.മാരായ രാജേഷ്, ജയപ്രകാശ്, സീനിയർ സി.പി.ഒ. ഉദയകുമാർ, സി.പി.ഒ. ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സീനിയർ സി.പി.ഒ.മാരായ നിതിൻ, ഷിജിൻ, സി.പി.ഒ. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Three suspects arrested for stealing bikes and batteries across multiple districts., Scientific investigation involved analyzing 50+ CCTV footages and 100+ suspects., Stolen goods were sold in Tirur, Ponnani, and Pattambi., Proceeds from thefts were used for drug abuse and luxury living., Police recovered stolen bikes and plan to seek further custody for interrogation.
Published: 20 Jul 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented