തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതിനുപുറമേ റെയിവേ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതി സുരേഷ് കുമാര്‍ രാവിലെയും മദ്യലഹരിയിലാണ്. അതിനാല്‍ത്തന്നെ ഇയാളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല. പരസ്പരബന്ധമില്ലാത്ത പലകാര്യങ്ങളുമാണ് ഇയാള്‍ പറയുന്നത്. ഇതൊന്നും പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. സംഭവത്തില്‍ സുരേഷ്‌കുമാര്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

To advertise here,

തിരുവനന്തപുരം പേയാട് സ്വദേശിനി ശ്രീക്കുട്ടി(19)യെയാണ് സുരേഷ് കുമാര്‍ ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ടത്. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരയോടെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയെ പരിശോധിച്ച് തുടര്‍ചികിത്സകള്‍ തീരുമാനിക്കും.

തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്ന് ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞു. ശൗചാലയത്തില്‍ പോയി പുറത്തുവന്നപ്പോള്‍ പ്രതി ശ്രീക്കുട്ടിയുടെ നടുവിന് ചവിട്ടി തള്ളിയിട്ടെന്നാണ് അര്‍ച്ചനയുടെ മൊഴി. ഇതുകണ്ട് നിലവിളിച്ച അര്‍ച്ചനയെയും പ്രതി ചവിട്ടിയിട്ടു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പിയില്‍ പിടിച്ചുതൂങ്ങി. ഇതോടെ ഓടിയെത്തിയ മറ്റുയാത്രക്കാരാണ് അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് പിടിച്ചുകയറ്റിയത്. തുടര്‍ന്ന് പ്രതി സുരേഷ്‌കുമാറിനെ യാത്രക്കാര്‍ തടഞ്ഞുവെയ്ക്കുകയും കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് രക്ഷിച്ചത്. തുടര്‍ന്ന് വര്‍ക്കല സ്‌റ്റേഷനില്‍ ഇറക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അക്രമിയായ സുരേഷ് കുമാര്‍(50) തിരുവനന്തപുരം വെള്ളറട പനച്ചമൂട് സ്വദേശിയാണ്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയുമായി ദീര്‍ഘനാളായി പിണക്കത്തില്‍ കഴിയുകയാണെന്നാണ് വിവരം. പെയിന്റിങ് ജോലി ചെയ്തിരുന്ന പ്രതിക്ക് കഴിഞ്ഞദിവസങ്ങളില്‍ കോട്ടയം ഭാഗത്തായിരുന്നു ജോലി. കോട്ടയത്തുനിന്നാണ് ഇയാളും സുഹൃത്തും കേരള എക്‌സ്പ്രസില്‍ കയറിയത്.