ഹരിയാന: ഭാര്യയും ഭർത്താവും ചേർന്നുള്ള വാലന്റൈൻസ് ദിനാഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഹരിയാനയിലാണ് സംഭവം. ആഘോഷത്തിന് പിന്നാലെ വൈകുന്നേരത്തോടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽ ആരോ അതിക്രമിച്ച് കയറിയെന്നും കവർച്ചയ്ക്കിടയിൽ ഭാര്യ കൊല്ലപ്പെട്ടുവെന്നുമുള്ള കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിക്കുകയും ചെയ്തു.

To advertise here,

ഹരിയാനയിലെ ബഹദൂർഗഢിൽ, ബാങ്ക് ജീവനക്കാരിയായ മാഹക്ക് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തങ്ങളെ ഏതാനും അജ്ഞാതർ ആക്രമിച്ചുവെന്നും അവർ ഭാര്യയുടെ കഴുത്തറുത്തുവെന്നും ഭർത്താവായ അൻഷുൽ ധവാൻ രാത്രി 11 മണിയോടെ

 പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം കവർച്ച കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ ഗുരുഗ്രാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ അൻഷുലിന്‍റെ പദ്ധതിയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് 18 മണിക്കൂറിനുള്ളിൽ പ്രതിയിലേക്കെത്താൻ പോലീസിന് സാധിച്ചു.

സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ, അൻഷുലിന്റെ മൊഴിയിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ചോദ്യം ചെയ്യുംതോറും അൻഷുൽ തന്റെ കഥ മാറ്റിക്കൊണ്ടിരുന്നു. അക്രമികളേക്കുറിച്ച് വിശദീകരിക്കാൻപോലും ഇയാൾക്ക് കഴിഞ്ഞില്ല. ഇത് പോലീസിന് കൂടുതൽ സംശയമുണ്ടാക്കി. കൂടുതൽ ചോദ്യംചെയ്തതോടെ അൻഷുലിന് പിടിച്ചുനിൽക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് ഒടുവിൽ ഇയാൾ സമ്മതിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബാങ്കിൽ ജോലിചെയ്തിരുന്ന മാഹക്കിന്റെ സ്വഭാവത്തെക്കുറിച്ച് അൻഷുലിന് ഏറെക്കാലമായി സംശയങ്ങളുണ്ടായിരുന്നു. ഇത് അവരുടെ ഇടയിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായിരുന്നെന്നും പോലീസ് പറഞ്ഞു. ഈ സംശയമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

കൊലപാതക സമയത്ത്, വിരലടയാളങ്ങൾ അവശേഷിപ്പിക്കാതിരിക്കാൻ അൻഷുൽ കയ്യുറകൾ ധരിച്ചിരുന്നു. ആദ്യം മാഹക്കിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് കത്തി ഉപയോഗിച്ച് അവരുടെ കഴുത്തറക്കുകയുമായിരുന്നു. ഹിസാറിൽ താമസിച്ചിരുന്ന അൻഷുലും ഹാൻസിയിൽനിന്നുള്ള മാഹിക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25 -നാണ് വിവാഹിതരായത്.