വടകര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. ഇതിന് കമ്മിഷനും കിട്ടിയിരുന്നു.

To advertise here,

50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് ഇവർ നൽകിയ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

എം.ഡി.എം.എ. ഇടപാടുകാർ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വലിയ പ്രതിഫലം എം.ഡി.എം.എ. വിൽപ്പനക്കാർ ഇവർക്ക് നൽകിയിരുന്നതിന്റെ തെളിവാണിത്.

കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരുകയാണ്. കാവ്യയുടെ പേരിലാണോ കാർ, എങ്ങനെ വാങ്ങി എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി.

തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ ആവശ്യക്കാർക്ക് ഇവരുടെ അക്കൗണ്ട് നൽകി.

കാവ്യയും കീർത്തനയും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഇവർ ഒന്നിച്ച് യാത്രപോയതിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരാൾകൂടി ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്. അക്കൗണ്ട് വിവരങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ ഇതിൽ വ്യക്തതവരും.

പ്രത്യേക അന്വേഷണസംഘം

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചു.

അന്വേഷണപുരോഗതി വിലയിരുത്തിയ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസ് ഈ കേസിൽ ഒട്ടേറെപ്പേർക്ക് പങ്കുള്ളതായി കാണിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ ഉത്തരവ്.

വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ പോലീസുദ്യോഗസ്ഥരും ജില്ലാ നാർക്കോട്ടിക് സെല്ലിലെയും സൈബർ സെല്ലിലെയും വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെയും തിരഞ്ഞെടുത്ത പോലീസുദ്യോഗസ്ഥരുമുണ്ട്. കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തി മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും.

ഈയിടെ റൂറൽ പോലീസ് പരിധിയിൽ വൻതോതിൽ ലഹരിമരുന്ന് ഇടപാടുകൾ പോലീസ് പിടികൂടിയിരുന്നു. ഈ കേസുകളിലെ പ്രതികളുമായും ഇവർക്ക് ബന്ധമുണ്ടോ എന്നതും പരിശോധിക്കും. അറസ്റ്റിലായവരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഈ കേസിൽ കൂടുതൽ കണ്ണികളുണ്ടെന്നും ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും എസ്.പി. മെറിൻ ജോസഫ് പ്രതികരിച്ചു.

കാവ്യയെ ബി.ആർ.സി. പിരിച്ചുവിട്ടു

പേരാമ്പ്ര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യയെ (29) ജോലിയിൽനിന്നു പിരിച്ചുവിട്ടു.

സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയാണ് ഉത്തരവിറക്കിയത്.

സമാനമായ കേസിൽ നേരത്തേ അറസ്റ്റിലായ ബി.ആർ.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപിക മരുതോങ്കര സ്വദേശിനി കീർത്തനയെയും പിരിച്ചുവിട്ടിരുന്നു.

സംഭവത്തിൽ സമഗ്ര അന്വേഷണവും അടിയന്തരനടപടിയും ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ്., യു.ഡി.എസ്.എഫ്. സംഘടനാ പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഓഫീസ് ഉപരോധിച്ചു.