വടകര: സ്‌പെഷ്യലിസ്റ്റ് അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ എംഡിഎംഎ വിറ്റുകിട്ടിയ പണമെല്ലാം പോയത് ഒരു വ്യക്തിയിലേക്കെന്ന് സംശയം. വയനാട് സ്വദേശിയായ ഈ യുവാവാണ് എംഡിഎംഎ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചില കണ്ണികൾമാത്രമാണ് ഇപ്പോൾ അറസ്റ്റിലായവരെന്നുമാണ് പോലീസ് നിഗമനം.
കേരളംവിട്ട ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസ്, കിട്ടിയ പണമെല്ലാം അയച്ചത് ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കാണ്. ക്യു.ആർ. കോഡിലേക്ക് പണം അയക്കാൻ നിർദേശിക്കുകയായിരുന്നു. ഇത് വാടക അക്കൗണ്ടുകളാണെന്നാണ് സംശയം. നേരിട്ട് ഇയാളുടെ അക്കൗണ്ടിലേക്കും പണം അയച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ജിജിൽ അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
അധ്യാപികമാർ എംഡിഎംഎ ഇടപാടിലൂടെ ലഭിച്ച പണം അയച്ചുനൽകിയത് പ്രധാനമായും കഴിഞ്ഞദിവസം അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിനാണ്. കൂടാതെ മൊത്തവിതരണക്കാരനെന്ന് സംശയിക്കുന്നയാൾക്കും പണമയച്ചു. ഇവർതമ്മിൽ ബന്ധമുണ്ടായിരുന്നു എന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടിന്റെ പണമാണ്. വടകരയിൽ അറസ്റ്റിലായ സഫ്വാൻ 5000 രൂപയാണ് കീർത്തനയ്ക്ക് അയച്ചത്.
മൊത്തവിതരണക്കാരനായ വയനാട് സ്വദേശിക്കുകീഴിൽ ജിജിലിനെയും അറസ്റ്റിലായ അധ്യാപികമാരെയുംപോലെ എംഡിഎംഎ ഇടപാടിന് വേറെയും കുറേപ്പേർ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ പിടികൂടിയാൽമാത്രമേ ഇവരിലേക്ക് എത്താനാകൂ. എംഡിഎംഎ മാഫിയ സമീപകാലത്തായി ഈ രീതിയാണ് ലഹരിവിൽപ്പനയ്ക്ക് സ്വീകരിക്കുന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. എംഡിഎംഎ ഉപയോഗിക്കുന്നവരിൽ വലിയൊരുവിഭാഗത്തെ ഇടനിലക്കാരാക്കുകയും അവരുടെ അക്കൗണ്ടുവഴി പണം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ യഥാർഥ മാഫിയ തടിയൂരും.
എണ്ണമെടുത്ത് തീരുന്നില്ല
എംഡിഎംഎയ്ക്കായി അധ്യാപികമാരുടെയും ജിജിലിന്റെയും അക്കൗണ്ടിലേക്ക് പണമയച്ചവരേറെ. ഇവരുടെ എണ്ണമെടുത്ത് തീർന്നിട്ടില്ല. ഒരു അക്കൗണ്ടിലേക്കുമാത്രം 100-ലേറെപ്പേർ പണമയച്ചു. കൂടുതലും 2000 രൂപ. ആയിരംരൂപ അയച്ചവരുമുണ്ട്.
അറസ്റ്റിലായവരുടെ സ്വത്ത് കണ്ടുകെട്ടും
വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ ബിആർസിയിലെ അധ്യാപികമാരുൾപ്പെടെയുള്ളവർ മയക്കുമരുന്ന് വ്യാപാരം നടത്തി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ എൻഡിപിഎസ് ആക്ട് പ്രകാരം കണ്ടുകെട്ടുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അനധികൃതമായി സ്വത്ത് സമ്പാദിക്കാനാണ്. അറസ്റ്റിലായവരുടെ മാസശമ്പളം ഉപയോഗിച്ചല്ലാതെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും ഇവരുടെ ജീവിതരീതികളും പരിശോധനയിലാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കകം അഞ്ചു പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചു. ഇതിൽ നാലുപേരുടെയും അക്കൗണ്ടിലേക്ക് ആറുമാസത്തിനിടെ കോടികളുടെ ഇടപാടാണ് നടന്നത്. ചെറിയ ഇടപാടുകൾ മുതൽ വലിയ തുകവരെ അക്കൗണ്ടുകളിലേക്ക് എത്തി. അതുകൊണ്ടുതന്നെ വിദ്യാർഥികൾക്കടക്കം ലഹരി നൽകുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ഇവരുടെ അക്കൗണ്ടിലേക്ക് വരുന്ന പണം എവിടേക്കാണ് പോകുന്നത് എന്നതടക്കമുള്ള കാര്യങ്ങളിലേക്കാണ് ഇപ്പോൾ അന്വേഷണം പോകുന്നത്. പിടിക്കപ്പെടാതിരിക്കാനായി ഇവർ വിദേശ നമ്പർ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല എടിഎം കാർഡിന്റെ ഉടമകൾ അല്ലാത്തവർ കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തുനിന്നും പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം പുറത്തേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
റൂറൽ എസ്.പി. മെറിൻ ജോസഫ്, വടകര ഡിവൈ.എസ്.പി. കെ.കെ. സനൽകുമാർ, നർക്കോട്ടിക് ഡിവൈ.എസ്.പി. ടി. ഉത്തംദാസ്, ഇൻസ്‌പെക്ടർ കെ.വി. ദിനേഷ് എന്നിവരും ഡി.ഐ.ജി.യോടൊപ്പമുണ്ടായിരുന്നു.
Content Highlights: Investigation reveals a Wayanad-based kingpin controlling the MDMA supply chain., Over 1 crore rupees traced to accounts linked to the prime suspect., Teachers and middlemen used QR codes and rented accounts to launder drug money., Over 100 individuals identified as having transferred funds to the racket's accounts., Police are expanding the search to dismantle the wider drug network.
Published: 30 Jul 2026, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented