
വടകര: വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി.ആർ.സി. മുൻ അധ്യാപിക കീർത്തനയുടെ അക്കൗണ്ട് വഴി അഞ്ചുമാസത്തിനിടെ നടന്നത് 15 ലക്ഷം രൂപയുടെ ഇടപാട്. ?ഇതിന്റെ പൂർണവിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും എക്‌സൈസും രജിസ്റ്റർചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ ഇടപാട് നടത്തിയതായും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞദിവസം കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ തനിക്ക് ഇതിൽ പങ്കില്ലെന്നും തന്റെ അക്കൗണ്ട് വഴി പോലീസ് പറയുന്ന ഇടപാടൊന്നും നടന്നിട്ടില്ലെന്നും അക്കൗണ്ട് പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ചോദ്യംചെയ്യലിനിടെ അക്കൗണ്ട് ഇടപാട് സംബന്ധിച്ച വിവരങ്ങൾ കീർത്തനയെ കാണിച്ചപ്പോൾ മൗനമായിരുന്നു മറുപടി.
കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോ പറയുന്നതുപ്രകാരമാണ് കീർത്തന പ്രവർത്തിച്ചത്. പണം അക്കൗണ്ടിൽ ലഭിച്ചാൽ വിവരം കീർത്തന പറഞ്ഞിരുന്നത് ഷിന്റോയോടാണ്. ഇതിനുശേഷമാണ് പണം അയച്ചവർക്ക് എംഡിഎംഎ ലഭിച്ചത്. ചോദ്യംചെയ്യലിനോട് പൂർണമായും കീർത്തന സഹകരിച്ചില്ലെങ്കിലും ചില നിർണായക കാര്യങ്ങളിൽ വ്യക്തതവരുത്താൻ അന്വേഷണസംഘത്തിന് സാധിച്ചു. കൂടുതൽ വിവരങ്ങൾ കിട്ടാൻ ചിലപ്പോൾ വീണ്ടും കസ്റ്റഡിയിൽവാങ്ങാൻ സാധ്യതയുണ്ട്.
രണ്ടുദിവസത്തെ ചോദ്യംചെയ്യലിനുശേഷം കീർത്തനയെ വെള്ളിയാഴ്ച വൈകീട്ട് തിരികെ കോടതിയിൽ ഹാജരാക്കി.
പയ്യോളി കേസിലും ജിജിലിനെ റിമാൻഡ് ചെയ്തു
പയ്യോളിയിൽ 13.56 ഗ്രാം എംഡിഎംഎയുമായി മെയ് 20-ന് യുവാവ് അറസ്റ്റിലായ കേസിലും വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിലിനെ വടകര എൻ.ഡി.പി.എസ്. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം ജിജിലിനെ ഈ കേസിൽ പ്രതിചേർത്തിരുന്നു. വടകര കേസിൽ റിമാൻഡിൽ കഴിയുന്ന ജിജിലിനെ വെള്ളിയാഴ്ച പയ്യോളി കേസിൽ അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പയ്യോളിയിൽ എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ഇർഫാൻ പണമയച്ചത് ജിജിലിനായിരുന്നു. അന്ന് പോലീസ് രണ്ടുപ്രാവശ്യം ജിജിലിനെ വിളിപ്പിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. വടകര കേസിൽ ജിജിൽ അറസ്റ്റിലായപ്പോഴാണ് പയ്യോളി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതും പ്രതിയാക്കിയതും. കേസിൽ രണ്ടുമാസംകൊണ്ട്തന്നെ കുറ്റപത്രം നൽകുമെന്ന് കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് പറഞ്ഞു. നല്ലരീതിയിൽത്തന്നെ അന്വേഷണം മുന്നോട്ടുപോകുന്നുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ചുവരുകയാണ്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വടകര എംഡിഎംഎ കേസിൽ ഇതുവരെ അറസ്റ്റ് നടന്നതെന്നും എസ്.പി. വ്യക്തമാക്കി.
Content Highlights: 15 lakh rupees transacted through Keerthana's account over five months., Keerthana acted under the instruction of the prime suspect, Shinto., Accused Jigil remanded in both Vadakara and Payyoli MDMA cases., Police collecting evidence to file charge sheets within two months., Rural SP Merin Joseph confirms the investigation is proceeding with solid evidence.
Published: 08 Aug 2026, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented